കാസര്‍കോട് നഗരസഭയില്‍ കഫെശ്രീ കാന്റീന്‍ ഒരുങ്ങി

Posted on: August 27, 2015 4:44 am | Last updated: August 26, 2015 at 10:44 pm
SHARE

കാസര്‍കോട്: പൊതുജനങ്ങള്‍ക്ക് മിതമായ നിരക്കില്‍ ഭക്ഷണം ലഭ്യമാക്കുന്നതിന് കോഫീ ഹൗസ് മാതൃകയില്‍ കാസര്‍കോട് നഗരസഭയില്‍ കഫെശ്രീ കാന്റീന്‍ ഉദ്ഘാടനത്തിന് ഒരുങ്ങി. നഗരസഭ വളപ്പിനകത്താണ് കഫെശ്രീ കാന്റീന്‍ നിര്‍മിച്ചിരിക്കുന്നത്. സംസ്ഥാന കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തിലാണ് കാന്റീന്‍ ആരംഭിക്കുന്നത്.
കേരളത്തിലെ എല്ലാ ജില്ലകളിലും ജില്ലാ ആസ്ഥാനത്ത് സംസ്ഥാന കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തില്‍ കഫെശ്രീ കാന്റീന്‍ തുടങ്ങും. ഇങ്ങനെ ഒരുങ്ങുന്ന ആദ്യത്തെ കഫെശ്രീ കാന്റീന്‍ ആണ് കാസര്‍കോട് നഗരസഭയിലേത്. നഗരസഭയുടെ പ്ലാന്‍ ഫണ്ടില്‍ നിന്ന് 15 ലക്ഷം രൂപ ചെലവഴിച്ചാണ് കാന്റീന്‍ കെട്ടിടം നിര്‍മാണം പൂര്‍ത്തിയാക്കിയത്. കാന്റീനിലേക്ക് ആവശ്യമായ 25 ലക്ഷം രൂപയുടെ ഫര്‍ണിച്ചര്‍ അടക്കമുളള സാധനസാമഗ്രികള്‍ സംസ്ഥാന കുടുംബശ്രീ മിഷന്‍ വാങ്ങി നല്‍കി. നഗരസഭ കുടുംബശ്രീ സിഡിഎസ് ന്റെ കീഴിലെ വിവിധ അയല്‍ക്കൂട്ടങ്ങളിലെ അഞ്ച് വനിതകളുടെ മേല്‍നോട്ടത്തിലായിരിക്കും കാന്റീനിന്റെ പ്രവര്‍ത്തനം. രാവിലെ 5 മുതല്‍ വൈകീട്ട് ഏഴ്മണിവരെ കാന്റീന്‍ പ്രവര്‍ത്തിക്കും. ജീവനക്കാര്‍ക്കുളള യൂണിഫോം, ഒരേ നിറത്തിലുളള ചെയര്‍, ടേബിള്‍, സാധന സാമഗ്രികള്‍ എന്നിവയും കാന്റീന്റെ പ്രത്യേകതയാണ്. തൃശ്ശൂരിലെ കാറ്ററിംഗ് ട്രെയിനിംഗ് ഗ്രൂപ്പില്‍ നിന്ന് പരിശീലനം കാന്റീന്‍ ജീവനക്കാര്‍ക്ക് ലഭിച്ചിരുന്നു. കാന്റീനിന്റെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ മികവോടെ നയിക്കുന്നതിന് ഇത് ഇവര്‍ക്ക് സഹായകമാകുമെന്നാണ് കണക്കുകൂട്ടല്‍.