ഷാര്‍ജയില്‍ 2,000 കോടിയുടെ വാട്ടര്‍ ഫ്രണ്ട് സിറ്റി നിര്‍മിക്കും

Posted on: August 26, 2015 8:27 pm | Last updated: August 26, 2015 at 8:27 pm
SHARE

831861588ഷാര്‍ജ: രണ്ടു ലക്ഷം പേര്‍ക്ക് താമസിക്കാന്‍ അനുയോജ്യമായ രീതിയില്‍ 2,000 കോടിയോളം ദിര്‍ഹം മുടക്കി ഷാര്‍ജയില്‍ വാട്ടര്‍ ഫ്രണ്ട് സിറ്റി നിര്‍മിക്കുമെന്ന് റിയല്‍ എസ്റ്റേറ്റ് കമ്പനി അധികൃതര്‍ വ്യക്തമാക്കി. പദ്ധതിയുടെ ഭാഗമായി തീം പാര്‍ക്കും നിര്‍മിക്കും.പ്രകൃതിദത്തമായ 10 ദ്വീപുകളെ പരസ്പരം പാലങ്ങളിലൂടെ ബന്ധിപ്പിച്ചാണ് ഷാര്‍ജയുടെ മുഖച്ഛായ മാറ്റുന്ന വാട്ടര്‍ഫ്രണ്ട് സിറ്റി പദ്ധതിയുടെ മുഖ്യ ഭാഗം യാഥാര്‍ഥ്യമാക്കുക. ഷാര്‍ജയുടെ വടക്കു-കിഴക്കന്‍ തീരത്തോട് ചേര്‍ന്നാണ് പദ്ധതിക്കായി സ്ഥലം കണ്ടെത്തിയിരിക്കുന്നത്.
കടലിനോട് ചേര്‍ന്ന ഭാഗങ്ങളില്‍ കനാലുകളും നിര്‍മിക്കും. വാട്ടര്‍ഫ്രണ്ട് സിറ്റിയില്‍ 200 ടവറുകളും 95 അപാര്‍ട്ട്‌മെന്റ് കെട്ടിടങ്ങളും ഉള്‍പെടും. നിക്ഷേപകര്‍ക്ക് താങ്ങാവുന്ന വിലയില്‍ ആഢംബര താമസം ഒരുക്കാനാണ് പദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്ന ഷാര്‍ജ ഓയാസിസ് റിയല്‍ എസ്‌റ്റേറ്റ് ഡെവലപ്‌മെന്റ് കമ്പനി ലക്ഷ്യമിടുന്നത്. ബഹുനില ഹോട്ടലുകള്‍, സര്‍വീസ് അപാര്‍ട്ട്‌മെന്റുകള്‍, 1,100 വാട്ടര്‍ ഫ്രണ്ട് ആന്‍ഡ് പാര്‍ക്ക് സൈഡ് വില്ലകള്‍, മറൈന്‍ ക്ലബ്ബ്, ഷോപ്പിംഗ് മാള്‍, വിനോദത്തിനുള്ള രണ്ട് കേന്ദ്രങ്ങള്‍, മസ്ജിദുകള്‍, വിദ്യാലയങ്ങള്‍, ബേങ്ക്, കോഫി ഷോപ്പുകള്‍, സ്‌റ്റോറുകള്‍, റെസ്റ്റോറന്റുകള്‍ തുടങ്ങിയവയും നിര്‍മിക്കും.
നിര്‍മാണവുമായി ബന്ധപ്പെട്ട് പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്ന് അനുമതി ലഭിച്ചതായും ജോലികള്‍ ആരംഭിച്ചതായും ഷാര്‍ജ ഒയാസിസ് റിയല്‍ എസ്‌റ്റേറ്റ് ഡെവലപ്‌മെന്റ് കമ്പനി പ്രസിഡന്റ് ഹെയ്‌സാം എല്‍ മസ്‌റി വ്യക്തമാക്കി. 1,850 കോടി ദിര്‍ഹം മുതല്‍ 2,000 കോടി ദിര്‍ഹം വരെയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. സിറ്റി സ്‌കേപ് 2015 എന്ന പേരിലുള്ള പദ്ധതിയുടെ ആദ്യ ഘട്ടം 2018ന്റെ മൂന്നാം പാദത്തില്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും എല്‍ മസ്‌റി വെളിപ്പെടുത്തി. ടവറുകളും വില്ലകളും ഹോട്ടലുമെല്ലാം ഇടകലര്‍ന്നതാവും ഒന്നാം ഘട്ടം. കൊമേഴ്‌സ്യല്‍ സെന്ററും ഉള്‍പെടുന്ന ഈ ഘട്ടത്തിന് 935 കോടി ദിര്‍ഹമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 30.5 ലക്ഷം ചതുരശ്രയടിയിലാണ് ഒന്നാം ഘട്ടം യാഥാര്‍ഥ്യമാക്കുക. ഇതില്‍ 1.52 കോടി ചതുരശ്ര മീറ്ററില്‍ നിര്‍മാണം നടത്തും.
2020-2021 കാലത്താവും രണ്ടാം ഘട്ടം പൂര്‍ത്തീകരിക്കുക. പദ്ധതി പൂര്‍ണ തോതില്‍ യാഥാര്‍ഥ്യമാവുന്നതോടെ ആറു കോടി ചതുരശ്രയടിയാവും വിസ്തീര്‍ണം. ഷാര്‍ജയിലെ ഏറ്റവും വലിയ റിയല്‍ എസ്‌റ്റേറ്റ് പദ്ധതിയായിരിക്കും ഇത്. ക്രിസ്റ്റല്‍ ലഗൂണും വാട്ടര്‍ തീം പാര്‍ക്കുമാവും പദ്ധതിയിലെ ഏറ്റവും ആകര്‍ഷണീയമായ നിര്‍മിതികള്‍. 15 ലക്ഷം ചതുരശ്രയടിയായിരിക്കും തീം പാര്‍ക്കിന്റെ വിസ്തീര്‍ണം. കുടുംബങ്ങള്‍ ഉള്‍പെടെയുള്ളവരെ പാര്‍ക്ക് ആകര്‍ഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഷാര്‍ജ ടൂറിസം വിഷന്‍ 2021നെ പിന്തുണക്കുന്ന പദ്ധതിയാണിത്. ഷാര്‍ജയിലെ മുഖ്യ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നുമായും ഇത് മാറും. പരിസ്ഥിതി സൗഹൃദ നഗരമെന്ന തത്വത്തില്‍ ഊന്നിയാണ് പദ്ധതി പൂര്‍ത്തീകരിക്കുകയെന്നും ഹെയ്‌സാം എല്‍ മസ്‌റി പറഞ്ഞു.