സ്റ്റേജ് പരിപാടി ഒരുക്കുന്നവരിലെ കള്ളനാണയങ്ങള്‍

Posted on: August 26, 2015 7:45 pm | Last updated: August 26, 2015 at 7:45 pm
SHARE

kannaadiഗള്‍ഫിലെ മിക്ക സ്റ്റേജ് പരിപാടികളും വിവാദത്തിലാണ് കലാശിക്കുക. വി ഐ പി ടിക്കറ്റെടുത്തവര്‍ക്ക് ഏറ്റവും പിന്‍സീറ്റില്‍ ഇരിക്കേണ്ടിവരിക, വേണ്ടത്ര മുന്നൊരുക്കമില്ലാതെ പരിപാടി അവതരിപ്പിച്ച് കാണികളുടെ കൂവല്‍ നേടുക, പ്രതിഫലം നല്‍കാതെ കലാകാരന്‍മാരെ വഞ്ചിക്കുക എന്നിങ്ങനെ ഓരോ പ്രശ്‌നങ്ങള്‍. സമീപ കാലത്ത്, ഇതിനെയൊക്കെ കടത്തിവെട്ടുന്ന രംഗങ്ങളാണ് ആവിഷ്‌കൃതമാകുന്നത്.
കഴിഞ്ഞ ദിവസം ദുബൈ അല്‍ നാസര്‍ ലെഷ്വര്‍ലാന്റില്‍ ഒരു സ്റ്റേജ് ഷോക്കെത്തിയ കാണികള്‍ പൂര്‍ണമായും വഞ്ചിതരായി. കലാകാരന്മാരും കലാകാരികളും സ്റ്റേജില്‍ കയറിയതേയില്ല. പരിപാടി മുടങ്ങി.
തലേ ദിവസം വാര്‍ത്താസമ്മേളനം വിളിച്ച് പരിപാടിയുടെ ഗുണഗണങ്ങള്‍ സംഘാടകര്‍ വിസ്തരിച്ചിരുന്നു. സിനിമാ രംഗത്തെ പുതുതലമുറ താരങ്ങളെ വാര്‍ത്താസമ്മേളന വേദിയില്‍ അണി നിരത്തിയിരുന്നു. ഇതിനകം പല നിലയിലും ശ്രദ്ധേയ പ്രേമം സിനിമയിലെ പ്രധാന കഥാപാത്രങ്ങളിലൊന്നിനെ അവതരിപ്പിക്കുകയും ഗാനരചന നിര്‍വഹിക്കുകയും ചെയ്ത ശബരീഷ്, പുതിയ സിനിമകളില്‍ മിക്കവയിലും വേഷമുള്ള നീരജ് മാധവ് എന്നിങ്ങനെ കാണികളെ ആകര്‍ഷിക്കാന്‍ പോന്നവരായിരുന്നു അവര്‍. അവരില്‍ പലരുടെയും ആദ്യ സ്റ്റേജ് ഷോയാണെന്നും കലാജീവിതം വരുമാനമാര്‍ഗം എന്ന നിലയിലും വലിയ പ്രതീക്ഷയോടെ ആദ്യ സ്റ്റേജ് ഷോയെ കാണുന്നതെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, അവര്‍ വഞ്ചിക്കപ്പെട്ടു. നിര്‍മാതാക്കളുടെ ശരീരഭാഷയിലും സംസാരത്തിലും പന്തിക്കേട് തോന്നിയ അവരില്‍ പലരും പ്രതിഫലം മുന്‍കൂര്‍ ആവശ്യപ്പെട്ടു. ഇതിനിടയില്‍, താരങ്ങള്‍ക്ക് ടിക്കറ്റ് വാങ്ങിക്കൊടുത്ത ട്രാവല്‍ ഏജന്റിന് ടിക്കറ്റിന്റെ പണം നല്‍കിയില്ലെന്ന പരാതിയുയര്‍ന്നു. കൊല്ലം പുനലൂര്‍ സ്വദേശിയായ യുവതിയാണ് 38,226 ദിര്‍ഹത്തിന്റെ ടിക്കറ്റ് നല്‍കിയിരുന്നത്. പണം വേണമെന്ന് ഇവര്‍ ആവശ്യപ്പെട്ടിട്ടും നല്‍കാന്‍ നിര്‍മാതാക്കള്‍ തയ്യാറായില്ല. ദുബൈയിലും ദോഹയിലുമുള്ള ചിലരാണ് നിര്‍മാതാക്കള്‍.
മൂന്നു മാസം മുമ്പാണ് യുവതി ട്രാവല്‍ ഏജന്‍സിയില്‍ ജോലിക്കു കയറിയത്. യുവതിക്ക് ട്രാവല്‍ ഏജന്‍സി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്.
നിര്‍മാതാക്കള്‍ക്കിടയിലെ തര്‍ക്കങ്ങളാണ് ഇത്രയും പ്രശ്‌നങ്ങള്‍ക്ക് കാരണം. 21 താരങ്ങളാണ് കേരളത്തില്‍ നിന്ന് എത്തിയിരുന്നത്.
സ്റ്റേജ് പരിപാടിയുടെ മറവില്‍ അവിശുദ്ധമായ പലതും നടക്കുന്നുവെന്ന് മുമ്പ് ആക്ഷേപം ഉയര്‍ന്നതാണ്. എന്നാല്‍, പല യഥാര്‍ഥ കലാകാരന്മാര്‍ക്കും കലാകാരികള്‍ക്കും ജീവിതോപാധി എന്നതിനാല്‍ പല ആക്ഷേപങ്ങളും മിക്കവരും കണ്ടില്ലെന്ന് നടിക്കുകയാണ് ചെയ്യാറുണ്ടായിരുന്നത്.
ഓണക്കാലമായതിനാല്‍ കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ പല സംഘങ്ങളും എത്തും. ഇനി വരുന്നവര്‍ക്ക് ഇത്തരം ദുരനുഭവങ്ങള്‍ ഉണ്ടാകരുതെന്നാണ് ഈ രംഗത്തുള്ളവരുടെ അഭിപ്രായം. ഗള്‍ഫിലുള്ള ചില ഈവന്റ് മാനേജ്‌മെന്റ് കമ്പനികള്‍ വന്‍കിട സ്ഥാപനങ്ങള്‍ക്കു വേണ്ടി സ്റ്റേജ് പരിപാടികള്‍ ഒരുക്കാറുണ്ട്. മാസങ്ങള്‍ നീണ്ട മുന്നൊരുക്കമാണ് അവര്‍ നടത്താറുള്ളത്. അവര്‍ക്കും പേരുദോഷമുണ്ടാക്കുകയാണ് ചില കള്ളനാണയങ്ങള്‍.