സാമുദായിക ധ്രുവീകരണ ശ്രമങ്ങളെ ചെറുക്കണം

Posted on: August 26, 2015 6:00 am | Last updated: August 26, 2015 at 5:22 pm
SHARE

SIRAJ.......സംസ്ഥാനത്തെ സാമുദായിക ധ്രുവീകരണത്തെക്കുറിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ കെ ആന്റണിയുടെ മുന്നറിയിപ്പ് മതേതര കേരളം ഗൗരവത്തോടെ കാണേണ്ടതുണ്ട്. തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരുമായുള്ള സംവാദത്തിലാണ,് സാമുദായികധ്രുവീകരണത്തിലൂടെ ജനങ്ങളില്‍ ചേരിതിരിവുണ്ടാാക്കി രാഷ്ട്രീയ ലാഭം കൊയ്യാനുള്ള ചില കേന്ദ്രങ്ങളുടെ നീക്കങ്ങളെക്കുറിച്ചു അദ്ദേഹം ഓര്‍മപ്പെടുത്തിയത്. കേന്ദ്രത്തില്‍ ഭരണമാറ്റം വന്ന ശേഷം രാജ്യത്തുടനീളം ഈ പ്രവണത കാണപ്പെടുന്നുണ്ട്. സാമുദായിക ധ്രുവീകരണത്തിന് വളക്കൂറുള്ള മണ്ണായി കേരളത്തെ മാറ്റാനും ചിലര്‍ ശ്രമിച്ചു വരുന്നു. സംസ്ഥാനത്തിന്റെ സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ ശക്തി ബന്ധങ്ങളും തമ്മിലടിപ്പിക്കാന്‍ ശ്രമിക്കുന്നവരെ സഹായിക്കുന്നതാണ്. ആരെങ്കിലും ബോധപൂര്‍വമായ ശ്രമം നടത്തിയാല്‍ തീപ്പൊരി കൂടുതല്‍ ആളിക്കത്തിക്കാന്‍ സഹായകമായ സാമൂഹിക അന്തരീക്ഷമാണ് കേരളത്തില്‍ ഇപ്പോഴുള്ളതെന്നും ഇതിന് തടയിടാനുള്ള ശ്രമം അനിവാര്യമാണെന്നും അദ്ദേഹം ഉണര്‍ത്തുകയുണ്ടായി.
എന്‍ എസ് എസ്, എസ് എന്‍ ഡി പി പോലെയുള്ള സാമുദായിക സംഘടനകളെ കൂട്ടുപിടിച്ചു സംസ്ഥാനത്ത് ഹൈന്ദവ ധ്രുവീകരണം സൃഷ്ടിക്കാനും അതുവഴി ആസന്നമായ തിരഞ്ഞെടുപ്പുകളില്‍ നേട്ടം കൊയ്യാനുമുള്ള ബി ജെ പിയുടെ നീക്കത്തിന്റെ പശ്ചാത്തലത്തിലാണ് എ കെ ആന്റണിയുടെ ഈ പ്രസ്താവന. മതേതരത്വവും മതസഹിഷ്ണുതയും പരമാവധി കാത്തുസൂക്ഷിക്കുന്ന പ്രദേശമാണ് കേരളം. അയോധ്യാപ്രശ്‌നത്തെ ചൊല്ലി ഉത്തരേന്ത്യയിലാകമാനം വര്‍ഗീയതയും സാമുദായിക ധ്രുവീകരണവും ശക്തിപ്രാപിച്ചപ്പോഴും കേരളത്തെ അത് കാര്യമായി സ്വാധീനിക്കുകയോ ബാധിക്കുകയോ ചെയ്തിരുന്നില്ല. എല്ലാ രാഷ്ട്രീയ തന്ത്രങ്ങളും പ്രയോഗിച്ചിട്ടും നിയമസഭയിലേക്കും പാര്‍ലിമെന്റിലേക്കും സംസ്ഥാനത്ത് നിന്ന് ഒരു അംഗത്തെ അയക്കാന്‍ ബി ജെ പിക്ക് സാധിക്കാതിരുന്നതും ഇതു കൊണ്ടാണ്. എന്നാലിപ്പോള്‍ കേന്ദ്രത്തിലെ അനുകൂല സാഹചര്യം ഉപയോഗപ്പെടുത്തി അടുത്ത നിയമസഭയില്‍ പാര്‍ട്ടി പ്രാതിനിധ്യമുണ്ടാക്കാനുള്ള കൊണ്ടു പിടിച്ച ശ്രമത്തിലാണ് ബി ജെ പി. ഇതൊരു അഭിമാന പ്രശ്‌നമായി എടുത്ത് കേരളത്തിലെ പാര്‍ട്ടി നേതൃത്വത്തിനും പ്രവര്‍ത്തകര്‍ക്കും ഊര്‍ജ്ജം പകരുന്നതിനായി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ പല തവണ കേരളം സന്ദര്‍ശിക്കുകയും, ആശയ പരമായ വിയോജിപ്പ് മൂലം പാര്‍ട്ടിയുമായി അകല്‍ച്ച പാലിച്ചിരുന്ന ഹൈന്ദവ സംഘടനകളെ കാവിക്കൊടിക്ക് കീഴില്‍ അണിനിരത്താനുള്ള ശ്രമം ഊര്‍ജ്ജിതമാക്കുകയുമുണ്ടായി.
ഇതിനവര്‍ അവലംബിക്കുന്ന മാര്‍ഗങ്ങളാണ് ആശങ്കാജനകം. മതന്യൂനപക്ഷങ്ങളെക്കുറിച്ചു തെറ്റായ പ്രചാരണങ്ങള്‍ അഴിച്ചുവിട്ടു ഭൂരിപക്ഷ സമൂദായത്തെ അവര്‍ക്കെതിരെ തിരിക്കുന്ന കുടില തന്ത്രമാണ് പ്രയോഗിച്ചു കൊണ്ടിരിക്കുന്നത്. കേരളത്തിലെ ന്യൂനപക്ഷ വിഭാഗങ്ങള്‍ അതിശീഘ്രം ഭൂരിപക്ഷമായി പരിണമിക്കുകയും ഭൂരിപക്ഷവിഭാഗം ശോഷിച്ചു വരികയും ചെയ്യുന്നുവെന്നാണ് ഒരു പ്രചാരണം. വിദ്യാഭ്യാസ, സാമ്പത്തിക രംഗങ്ങളില്‍ മതന്യൂനപക്ഷങ്ങള്‍ നടത്തുന്ന മുന്നേറ്റങ്ങളെയും അവര്‍ അസഹിഷ്ണുതയോടെയാണ് കാണുന്നത്. സംസ്ഥാനം മാറിമാറി ഭരിക്കുന്ന ഇടത് വലത് മുന്നണികളില്‍ സ്വാധീനം ചെലുത്തിയാണ് ന്യൂനപക്ഷങ്ങള്‍ ഈ നേട്ടങ്ങളുണ്ടാക്കുന്നതെന്ന മട്ടില്‍ പ്രചാരണം അഴിച്ചുവിട്ടു, ഇതിനെ പ്രതിരോധിക്കാന്‍ ഹൈന്ദവ സമൂഹം ഒറ്റക്കെട്ടായി ബി ജെ പിയുടെ പിന്നില്‍ അണിനിരക്കുക മാത്രമാണ് പോംവഴിയെന്ന് വരുത്തിത്തീര്‍ക്കുകയാണ് സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍. ഭരണകൂടങ്ങള്‍ മതന്യൂനപക്ഷങ്ങള്‍ക്ക് അനുവദിക്കുന്ന അര്‍ഹമായ അവകാശങ്ങളെ പോലും ന്യൂനപക്ഷ പ്രീണനമായി വ്യാഖ്യാനിക്കപ്പെടുന്നു. അറബിക് സര്‍വകലാശാലക്കെതിരായ നീക്കം ഒരു ഉദാഹരണം. ചില പൊതുധാരാ മാധ്യമങ്ങള്‍ ഈ പ്രചാരണങ്ങള്‍ ഏറ്റെടുക്കാന്‍ മുന്നോട്ടുവന്നത് അവര്‍ക്ക് ശക്തി പകര്‍ന്നിട്ടുണ്ടെന്ന് മാത്രമല്ല, കേരളീയ സമൂഹത്തിന്റെ പൊതുബോധത്തെ അത് സ്വാധീനിക്കാനിട വരുത്തുന്നുമുണ്ട്. സാമൂഹിക കാരണങ്ങളാല്‍ സര്‍വ മേഖലകളിലും പിന്തള്ളപ്പെട്ട മതന്യൂനപക്ഷങ്ങളെ മുന്‍നിരയിലേക്ക് കൊണ്ടുവരാനുള്ള രാഷ്ട്രീയ ബാധ്യതയില്‍ മതേതര പ്രസ്ഥാനങ്ങള്‍ ഇപ്പോള്‍ കാണിക്കുന്ന താത്പര്യക്കുറവ് ഇതിന്റെ പ്രതിഫലനമായാണ് വിലയിരുത്തപ്പെടുന്നത്.
എന്നാല്‍ ന്യൂനപക്ഷങ്ങള്‍ ഇവിടെ അനര്‍ഹമായി ഒന്നും നേടിയിട്ടില്ലെന്ന് മാത്രമല്ല, ഭരണ മേഖലയില്‍ നിന്ന് അവകാശപ്പെട്ടതിന്റെ അമ്പത് ശതമാനം പോലും അവര്‍ക്ക് ലഭിക്കുന്നില്ലെന്നതാണ് വസ്തുത. സച്ചാര്‍ കമ്മിറ്റിയുള്‍പ്പെടെ ന്യൂനപക്ഷങ്ങളുടെ ജീവിത സാഹചര്യം വിലയിരുത്തിയ എല്ലാ കമ്മീഷനുകളും ഇക്കാര്യം അടിവരയിട്ടു പറയുന്നുണ്ട്. അടുത്തിടെ കേരളത്തിലെ ന്യൂനപക്ഷങ്ങളിലുണ്ടായ ഉണര്‍വിന് പിന്നില്‍ ഗള്‍ഫിന്റെ സ്വാധീനവും പണ്ഡിതന്മാരുടെയും സമുദായ നേതൃത്വത്തിന്റെയും ക്രിയാത്മക പ്രവര്‍ത്തനങ്ങളും മറ്റുമാണ്.ഈ വസ്തുത കേരളീയ സമൂഹത്തെ ബോധ്യപ്പെടുത്തി, വര്‍ഗീയ ഫാസിസത്തിന്റെ തെറ്റായ പ്രചാരണങ്ങളും വര്‍ഗീയ ധ്രുവീകരണ നീക്കങ്ങളും പ്രതിരോധിക്കാന്‍ മതന്യൂനപക്ഷ സംഘടനകളും മതേതതത പ്രസ്ഥാനങ്ങളും രംഗത്തിറങ്ങേണ്ടതുണ്ട്.