Connect with us

National

ഉള്ളി മൊത്തവില കുറഞ്ഞു; ഇറങ്ങാതെ ചില്ലറ വില്‍പ്പന വില

Published

|

Last Updated

മുംബൈ: ദിവസങ്ങള്‍ നീണ്ട കുതിപ്പിന് ശേഷം ഉള്ളിവിലയില്‍ നേരിയ കുറവ്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഉള്ളി വിപണിയെന്നറിയപ്പെടുന്ന മഹാരാഷ്ട്രയിലെ ലാസല്‍ഗാവില്‍ മൊത്ത വില കിലോഗ്രാമിന് അമ്പത് രൂപയായി കുറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ ഇത് 57-60 രൂപയായിരുന്നു. ഉള്ളി കയറ്റുമതിയില്‍ നിയന്ത്രണമേര്‍പ്പെടുത്തിയതും പൂഴ്ത്തിവെപ്പിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന സര്‍ക്കാറിന്റെ മുന്നറിയിപ്പുമാണ് വില കുറയുന്നതിന് കാരണമായതെന്നാണ് വിലയിരുത്തല്‍. ഡല്‍ഹിയിലെ അസദ്പൂര്‍ കമ്പോളത്തിലും ഉള്ളി വില കിലോഗ്രാമിന് 3-5 രൂപ കുറഞ്ഞു. ഇവിടെ മൊത്ത വില 53 ആണ്. കര്‍ണാടകയില്‍ നിന്നും ആന്ധ്രാപ്രദേശില്‍ നിന്നും പുതിയ ഉള്ളി വന്നതും കമ്പോളത്തില്‍ സമ്മര്‍ദം കുറച്ചു. ഉള്ളിയുടെ ഇറക്കുമതി വര്‍ധിപ്പിച്ചതും വില കുറയുന്നതിന് കാരണമായിട്ടുണ്ട്. അതേസമയം, രാജ്യത്തുടനീളം ചില്ലറ വിലയില്‍ കാര്യമായ മാറ്റമുണ്ടായിട്ടില്ല. ശരാശരി ചില്ലറ വില 80 രൂപയില്‍ തന്നെ നില്‍ക്കുകയാണ്.
അതിനിടെ, മഹാരാഷ്ട്രയില്‍ വീണ്ടും ഉള്ളി മോഷണം. നാസിക്കിലെ കര്‍ഷകന്റെ ഗോഡൗണില്‍ നിന്ന് തിങ്കളാഴ്ച 2000 കിലോ ഉള്ളി മോഷണം പോയി. മുംബൈയിലെ മാര്‍ക്കറ്റില്‍ നിന്നും 700 കിലോ ഉള്ളി കഴിഞ്ഞ ദിവസം മോഷണം പോയിരുന്നു. സംഭവത്തില്‍ നന്ദ്ഗണ്‍ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.