Connect with us

Kerala

സ്വര്‍ണം, വെള്ളി മോഷണ ദ്രവ്യങ്ങളുടെ റിക്കവറി: വ്യാപാരികള്‍ക്ക് പോലീസ് മേധാവിയുടെ പുതിയ നിര്‍ദേശം

Published

|

Last Updated

കല്‍പ്പറ്റ: സ്വര്‍ണം, വെള്ളി തുടങ്ങിയ വിലപിടിപ്പുള്ള മോഷണ ദ്രവ്യങ്ങളുടെ റിക്കവറി നടത്തുന്നതിന് ജില്ലാ പോലീസ് മേധാവികള്‍ക്കും സ്വര്‍ണ വ്യാപാരി അസോസിയേഷന്‍ ഭാരവാഹികള്‍ക്കും സംസ്ഥാന പോലീസ് മേധാവിയുടെ പുതിയ നിര്‍ദേശം. സ്വര്‍ണ വ്യാപാരികള്‍ സി സി ടി വികള്‍ നിര്‍ബന്ധമായും കടകളില്‍ സ്ഥാപിക്കണമെന്നും ഷോപ്പിന് പുറത്ത് സ്ഥാപിക്കുന്ന സി സി ടി വിയുടെ നോഡ് പോലീസ് ആവശ്യപ്പെടുമ്പോള്‍ നല്‍കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
വ്യാപാരികള്‍ രണ്ട് പവനില്‍ കൂടുതല്‍ സ്വര്‍ണം വാങ്ങുമ്പോള്‍ വില്‍പ്പനക്ക് വന്ന ആളിന്റെ തിരിച്ചറിയല്‍ ഫോട്ടോ കോപ്പിയും സ്വര്‍ണാഭരണത്തിന്റെ ഫോട്ടോയുമെടുത്ത് സോഫ്റ്റ് കോപ്പിയായി സൂക്ഷിക്കേണ്ടതും പോലീസുദ്യോഗസ്ഥര്‍ക്ക് അന്വേഷണത്തിന് ലഭ്യമാക്കുകയുംവേണം.
മോഷണ സ്വര്‍ണം വ്യാപാരികളില്‍ നിന്നും റിക്കവറി ചെയ്യുമ്പോള്‍ ഒരു രജിസ്‌ട്രേഡ് സ്വര്‍ണ വ്യാപാരിയെ മഹസ്സറില്‍ അധികമായി സാക്ഷിയുള്‍പ്പെടുത്തണം. റിക്കവറി നടത്തുന്ന അവസരങ്ങളില്‍ തത്സമയം തന്നെ സീഷര്‍ മഹസര്‍ തയ്യാറാക്കി അതിന്റെ ഒരു പകര്‍പ്പ് ജ്വല്ലറി ഉടമക്ക് നല്‍കണം. അന്വേഷണം കഴിഞ്ഞാല്‍ 24 മണിക്കൂറിനകം മഹസ്സറും തൊണ്ടി മുതലും കോടതിയില്‍ ഹാജരാക്കുകയും വേണം. മറ്റു ജില്ലകളില്‍ മോഷണ സ്വര്‍ണം റിക്കവറിക്ക് പോകുമ്പോള്‍ റിക്കവറി സംബന്ധിച്ചുള്ള വിവരം അതാത് ജില്ലാ പോലീസ് മേധാവി മുഖേന ബന്ധപ്പെട്ട ജില്ലാ പോലീസ് മേധാവിയെ അറിയിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
സ്വര്‍ണം മോഷണം നടന്നാല്‍ മോഷണ സ്വര്‍ണത്തെ സംബന്ധിച്ച വിവരം കഴിയുന്നതും വേഗം കേരളാ പോലീസ് ആക്ട് 2011, 54-ാം വകുപ്പ് പ്രകാരം അന്വേഷണ ഉദ്യോഗസ്ഥന്‍ സ്വര്‍ണ വ്യാപാരി അസോസിയേഷനെ അറിയക്കണം. സ്ഥിരമായിട്ടല്ലാതെയും മോഷണ മുതലാണെന്ന് അറിവില്ലാതെയും അബദ്ധവശാല്‍ മോഷണ സ്വര്‍ണം വാങ്ങുന്ന സ്വര്‍ണ വ്യാപാരികളെ സ്വര്‍ണം റിക്കവറി ചെയ്യുന്നതിന് സമ്മര്‍ദം ചെലുത്തുന്നതിനായി മാത്രം ഐ പി സി 411 വകുപ്പ് ചേര്‍ക്കുന്ന നടപടി അവസാനിപ്പിക്കണമെന്നും ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
സ്വര്‍ണ വ്യാപാരികളുമായി സ്വര്‍ണം റിക്കവറിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലേക്കായി ജില്ലാ പോലീസ് മേധാവിമാരുടെ നിയന്ത്രണത്തില്‍ ഡി വൈ എസ് പി അഡ്മിനിസ്‌ട്രേഷനോ അസി. കമ്മീഷനര്‍ അഡ്മിനിസ്‌ട്രേഷനോ നോഡല്‍ ഓഫീസര്‍മാരായി പ്രവര്‍ത്തിക്കണമെന്നും സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവില്‍ പറയുന്നു.

Latest