വി എസിനെതിരെ പരസ്യവിമര്‍ശം: ജി സുധാകരനെതിരെ പോസ്റ്ററുകള്‍

Posted on: August 26, 2015 5:41 am | Last updated: August 26, 2015 at 12:01 am
SHARE

poster 2അമ്പലപ്പുഴ: പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെതിരെ പരസ്യവിമര്‍ശം നടത്തിയ ജി സുധാകരന്‍ എം എല്‍ എക്കെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. വി എസിന്റെ ജന്മനാടായ പറവൂരിലാണ് ഇന്നലെ പോസ്റ്ററുകള്‍ ഇറങ്ങിയത്. സഖാവ് വി എസിനെ ആക്ഷേപിച്ച ജി സുധാകരനെ ഒറ്റപ്പെടുത്തുക എന്ന പേരില്‍ സി പി എം കോറമാണ് പോസ്റ്ററുകള്‍ ഇറക്കിയത്. വി എസിനെതിരെ സുധാകരന്‍ വിമര്‍ശം നടത്തിയ പറവൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ മതിലിലും പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ മതിലിലുമാണ് പോസ്റ്റുകള്‍ കണ്ടത്. കഴിഞ്ഞദിവസം പറവൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ജി സുധാകരന്‍ എം എല്‍ എയുടെ ആസ്തിവികസന ഫണ്ടില്‍നിന്ന് ഒരുകോടിരൂപ ചെലവില്‍ നിര്‍മിച്ച ഇരുനിലകെട്ടിടത്തിന്റെ ഉദ്ഘാടന വേദിയിലാണ് ജി സുധാകരന്‍ എം എല്‍ എ വി എസ് അച്യുതാനന്ദനെതിരെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചത്. പരിപാടിയുടെ ഉദ്ഘാടനത്തിന് എത്താമെന്ന് ആദ്യം സമ്മതിച്ച വി എസ് പിന്നീട് പിന്‍മാറുകയായിരുന്നുവെന്ന് സുധാകരന്‍ പറയുന്നു. ഇതാണ് വി എസിനെതിരെ പ്രതികരിക്കാന്‍ കാരണമായത്. എന്നാല്‍ തന്നെ ഇതിന് ക്ഷണിച്ചിരുന്നില്ലെന്ന് വി എസ് മറുപടിയും നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ സുധാകരനെതിരെ പോസ്റ്ററുകള്‍ ഇറങ്ങിയത്. അതേസമയം താന്‍ വി എസിനെ വിമര്‍ശിച്ചിട്ടില്ലെന്നും വളരെ ആദരവോടെയാണ് അദ്ദേഹത്തെ കാണുന്നതെന്നും ജി സുധാകരന്‍ എം എല്‍ എ പറഞ്ഞു. കഴിഞ്ഞദിവസം താന്‍ പറഞ്ഞത് ചില പ്രാദേശിക വിശയങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രമാണെന്ന് സുധാകരന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here