തേയിലക്ക് വിലയില്ല; കര്‍ഷകര്‍ മറ്റു കൃഷിയിലേക്ക് തിരിയുന്നു

Posted on: August 26, 2015 5:36 am | Last updated: August 25, 2015 at 11:37 pm
SHARE

ഗൂഡല്ലൂര്‍: പച്ചത്തേയിലക്ക് മതിയായ വില ലഭിക്കാത്തതിനാല്‍ നീലഗിരിയിലെ തേയില കര്‍ഷകര്‍ മറ്റു കൃഷികളിലേക്ക് തിരിയുന്നു. പതിറ്റാണ്ടുകളായി തേയില കൃഷി ചെയ്തിരുന്ന കര്‍ഷകരാണ് തേയില ചെടികള്‍ പിഴുതുമാറ്റി മറ്റ് കൃഷികള്‍ക്കായി സ്ഥലത്തെ മാറ്റിയെടുക്കുന്നത്. കാപ്പി, പൂകൃഷി, പഴവര്‍ഗം, ഇഞ്ചി, വാഴ, പച്ചക്കറി തുടങ്ങിയ കൃഷികളിലേക്കാണ് കര്‍ഷകര്‍ ഇപ്പോള്‍ തിരിയുന്നത്.
നീലഗിരിയിലെ പ്രധാന കാര്‍ഷിക വിളയായ തേയിലക്ക് മതിയായ വില ലഭിക്കാത്തതിനാല്‍ കര്‍ഷകര്‍ ദുരിതത്തിലാണ്. തേയിലയെ മാത്രം ആശ്രയിച്ച് ജീവിക്കുന്നവരാണ് നീലഗിരിയിലെ അറുപത് ശതമാനം ജനവിഭാഗങ്ങളും. ജില്ലയിലെ ഗൂഡല്ലൂര്‍, പന്തല്ലൂര്‍, ഊട്ടി, കുന്നൂര്‍, കോത്തഗിരി താലൂക്കുകളിലെ കര്‍ഷകരാണ് തേയില ചെടികള്‍ പിഴുതു മാറ്റുന്നത്. തേയിലക്ക് കിലോ ആറ് രൂപയാണ് ഇപ്പോള്‍ ലഭിക്കുന്ന വില. ഇത് ഉത്പാദന ചെലവിന് പോലും തികയുന്നില്ല. ഉത്പാദന ചെലവ് പതിന്മടങ്ങ് വര്‍ധിച്ചിരിക്കുകയുമാണ്. നീലഗിരിയില്‍ സര്‍ക്കാറിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ടാന്‍ടി എസ്റ്റേറ്റിലും, ദേവര്‍ഷോല, വുഡ്ബ്രയര്‍, മേഫീല്‍ഡ്, പന്തല്ലൂര്‍ തുടങ്ങിയ മേഖലകളിലെ സ്വകാര്യ എസ്റ്റേറ്റുകളിലുമായി പതിനായിരക്കണക്കിന് തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. എസ്റ്റേറ്റുകള്‍ ഇപ്പോള്‍ അടച്ചു പൂട്ടല്‍ ഭീഷണിയിലാണ്. തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാന്‍ പോലും കഴിയാത്ത സാഹചര്യമാണുള്ളതെന്ന് തോട്ടമുടമകള്‍ പറയുന്നു. ജില്ലയില്‍ സര്‍ക്കാറിന്റെ നിയന്ത്രണത്തില്‍ പതിനഞ്ച് സഹകരണ ഫാക്ടറികളും 100 ഓളം സ്വകാര്യ ഫാക്ടറികളുമാണുള്ളത്. സഹകരണ ഫാക്ടറികളില്‍ മാത്രം 22,000 കര്‍ഷകര്‍ അംഗങ്ങളാണ്. തേയിലയുടെ വിലയിടിവ് നീലഗിരിയുടെ സാമ്പത്തിക മേഖലക്ക് തന്നെ തിരിച്ചടിയായിരിക്കുകയാണ്. പച്ചത്തേയിലക്ക് ന്യായമായ വില ലഭ്യമാക്കുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ അടിയന്തരമായി ഇടപെടണമെന്നാണ് കര്‍ഷകരുടെ ആവശ്യം.