ഇദ്‌ലിബിലെ സിറിയന്‍ വ്യോമാക്രമണത്തില്‍ 30ലധികം സാധാരണക്കാര്‍ കൊല്ലപ്പെട്ടു

Posted on: August 26, 2015 5:35 am | Last updated: August 25, 2015 at 11:36 pm
SHARE

ദമസ്‌കസ്: ഇദ്‌ലിബ് പ്രവിശ്യ ഉള്‍പ്പെടെയുള്ള മേഖലകളില്‍ സിറിയന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 30ലധികം സാധാരണക്കാര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ നാല് കുട്ടികളും ഉള്‍പ്പെട്ടതായി സിറിയയിലെ മനുഷ്യാവകാശ നിരീക്ഷണ സംഘം വ്യക്തമാക്കി. പത്തിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇദ്‌ലിബിലെ ജബല്‍അല്‍സാവിയയില്‍ ബാരല്‍ ബോംബാക്രമണങ്ങള്‍ക്ക് പുറമെ പത്തിലേറെ തവണ വ്യോമാക്രമണം നടത്തിയതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. 11 പേര്‍ കൊല്ലപ്പെട്ടത് ദൗമയില്‍ നടന്ന വ്യോമാക്രമണത്തിലായിരുന്നു. ഇവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. വ്യോമാക്രമണത്തില്‍ വ്യാപകമായ നാശനഷ്ടങ്ങളുണ്ടായതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ദൗമയില്‍ കഴിഞ്ഞ 13 ദിവസമായി സിറിയന്‍ സൈന്യം വ്യോമാക്രമണം തുടരുകയാണ്. ഇതുവരെ 150 സാധാരണക്കാര്‍ ഇവിടെ കൊല്ലപ്പെട്ടതായാണ് കണക്ക്.