Connect with us

International

ഹംഗറിയിലേക്കുള്ള അഭയാര്‍ഥി പ്രവാഹത്തില്‍ റെക്കോര്‍ഡ് വര്‍ധന

Published

|

Last Updated

ബുഡാപെസ്റ്റ്: സെര്‍ബിയയില്‍ നിന്ന് യൂറോപ്യന്‍ രാജ്യമായ ഹംഗറിയിലേക്ക് റെക്കോര്‍ഡ് അഭയാര്‍ഥി പ്രവാഹം. അതിര്‍ത്തിയിലുടനീളം മതില്‍ നിര്‍മിക്കുന്നത് പൂര്‍ത്തിയാക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് അഭയാര്‍ഥി പ്രവാഹം ശക്തമായിരിക്കുന്നത്. ഹംഗറി നഗരമായ റൊസാക്കെയിലുള്ള അതിര്‍ത്തി വഴി ഒരൊറ്റ ദിവസം 2,093 പേര്‍ ഹംഗറിയിലേക്ക് പ്രവേശിച്ചതായി പോലീസ് ഒരു പ്രസ്താവനയില്‍ വ്യക്തമാക്കി. യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് അഭയം തേടിയെത്തുന്നവരുടെ ഒഴുക്ക് കുത്തനെ ഉയര്‍ന്നത് മൂലം മാസിഡോണിയ കഴിഞ്ഞ ആഴ്ച അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. അഭയാര്‍ഥികളും പോലീസും തമ്മില്‍ സംഘര്‍ഷവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം യൂറോപ്യന്‍ രാജ്യങ്ങള്‍ ഇതാദ്യമായാണ് ഇത്രയും വലിയ അഭയാര്‍ഥിപ്രശ്‌നം നേരിടുന്നത്. ഗ്രീസുമായി അതിര്‍ത്തി പങ്കിടുന്ന മാസിഡോണിയ വഴി സെര്‍ബിയ കടന്നാണ് ഹംഗറിയിലെത്തിയതെന്ന് ചില അഭയാര്‍ഥികള്‍ ചൂണ്ടിക്കാട്ടുന്നു. കാഞ്ചിസ നഗരത്തില്‍ ഐക്യരാഷ്ട്ര സഭയും റഷ്യ- സെര്‍ബിയ സന്നദ്ധ സംഘടനകളും ചേര്‍ന്ന് ഒരുക്കിയിരിക്കുന്ന 28 താത്കാലിക അഭയ കേന്ദ്രങ്ങളില്‍ 1,500ലധികം അഭയാര്‍ഥികള്‍ ഉള്ളതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഇവിടെ നിന്ന് 12 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഹംഗറിയിലേക്കുള്ള ട്രെയിനുകള്‍ ഉണ്ട്. ഇത് ഉപയോഗപ്പെടുത്തിയാണ് പലരും ഹംഗറിയിലേക്ക് പ്രവേശിക്കുന്നത്.

Latest