പുസ്തകം തുറന്നപ്പോള്‍ ‘ലഹരി’ പിടിച്ചു!

Posted on: August 25, 2015 11:33 pm | Last updated: August 25, 2015 at 11:33 pm
SHARE
CNKm_52UsAAYut1
സലാലയില്‍ നിന്ന് പിടിച്ചെടുത്ത മയക്കുമരുന്ന് ‘പുസ്തകം’

മസ്‌കത്ത്: ലഹരി പിടിക്കുന്ന വായനകളെ കുറിച്ചും പുസ്തകങ്ങളെ കുറിച്ചും നാം ഒരുപാട് കേട്ടിട്ടുണ്ട്. പ്രവാസികള്‍ക്കിടയില്‍ ‘ആട് ജീവിത’വും ‘ഫ്രാന്‍സിസ് ഇട്ടിക്കോര’യും ‘പ്രവാസ’വും ലഹരി പിടിച്ച വായനകള്‍ തീര്‍ത്തിരുന്നു. മറ്റ് ഭാഷകളിലെ പുസ്തകങ്ങള്‍ വേറെയും. എന്നാല്‍ ഇന്നലെ സലാലയിലെ ഒരു കടയില്‍ നിന്ന് പുസ്തകം തുറന്നപ്പോള്‍ അധികൃതര്‍ പിടിച്ചത് ഒര്‍ജിനല്‍ ലഹരിയായിരുന്നു. പുസ്തകത്തിനുള്ളില്‍ ഒളിപ്പിച്ച നിരോധിത ലഹരി ഉത്പന്നങ്ങളാണ് ഇവിടെ നിന്ന് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഏഷ്യന്‍ വംശജനായ കടയുടമയെ പോലീസ് അറസ്റ്റ് ചെയ്തു.
പുസ്‌കത്തിനുള്ളില്‍ പേജുകള്‍ വെട്ടിയൊതുക്കി വളരെ തന്ത്രത്തിലായിരുന്നു ലഹരി ഉത്പന്നങ്ങള്‍ ഒളിപ്പിച്ചുവെച്ചത്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പുസ്തകത്തിനുള്ളിലെ ലഹരി വില്‍പന അധികൃതര്‍ പിടികൂടിയത്. മയക്കുമരുന്നിന് അടിമയായ സ്ഥിരം ഉപഭോക്താക്കള്‍ വരുമ്പോള്‍ മാത്രമാണ് കടയുടമ ഈ പുസ്തകം തുറക്കാറുള്ളു. ആവശ്യക്കാര്‍ക്ക് കൃത്യമായി ‘സാധനങ്ങള്‍’ എത്തിക്കുന്നതില്‍ ഇയാള്‍ അതി വിദഗ്ധനാണെന്ന് അധികൃതര്‍ പറയുന്നു.
വ്യത്യസ്തമായ രീതിയില്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇത്തരത്തില്‍ മയക്കുമരുന്ന് വില്‍പനയും കടത്തും നടക്കാറുണ്ടെന്ന് പോലീസ് വക്താക്കള്‍ പറയുന്നു. ഭക്ഷ്യവസ്തുക്കള്‍ക്കിടയില്‍വെച്ചും ഫ്രിഡ്ജില്‍ വെച്ചും മയക്കുമരുന്ന് സൂക്ഷിച്ച സംഭവങ്ങള്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഖരീഫ് ഫെസ്റ്റിവല്‍ ആരംഭിച്ചതോടെ ആര്‍ ഒ പിയുടെയും ലഹരിവിരുദ്ധ സമിതിയുടെയും നേതൃത്വത്തില്‍ ദോഫാര്‍ മേഖലയില്‍ വ്യാപകമായ പരിശോധനയാണ് നടക്കുന്നത്. ചെറിയ കടകള്‍ കേന്ദ്രീകരിച്ചാണ് ഇത്തരത്തില്‍ മയക്കുമരുന്ന് വില്‍പന നടക്കുന്നതെന്ന് അധികൃതര്‍ പറയുന്നു. ഇതേകുറിച്ച് വിവരം ലഭിക്കുന്നവര്‍ ഉടന്‍ തന്നെ അധികൃതരെ വിവരം അറിയിക്കണമെന്നും വിവരം നല്‍കുന്നവരുടെ പേര് വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും പോലീസ് വക്താക്കള്‍ അറിയിക്കുന്നു. യമന്‍, യു എ ഇ അതിര്‍ത്തികളില്‍ നിന്നാണ് ഒമാനിലേക്ക് പ്രധാനമായും ലഹരി, മയക്കുമരുന്ന് ഉത്പന്നങ്ങള്‍ എത്താറുള്ളത്. ഡിക്കികളിലും സ്റ്റെപ്പിനിയായി വെക്കുന്ന ടയറിനുള്ളിലും ഒളിപ്പിച്ചുവെച്ച് ഉത്പന്നങ്ങള്‍ രാജ്യത്തെത്തിക്കുന്ന സംഘം സജീവമാണ്.
നിരോധിത ലഹരി പദാര്‍ഥങ്ങളും മയക്കുമരുന്നും വില്‍ക്കുന്നത് തടവടക്കമുള്ള കനത്ത ശിക്ഷ ലഭിക്കാന്‍ കാരണമാകും. മയക്കുമരുന്ന് കടത്തുന്നതും വില്‍ക്കുന്നതും രാജ്യത്ത് ക്രിമിനല്‍ കുറ്റമാണ്. ഇത്തരം കുറ്റങ്ങള്‍ക്ക് വധശിക്ഷ നല്‍കണമെന്ന ആവശ്യം ശക്തമായിക്കൊണ്ടിരിക്കുകയാണ്.