അബുദാബി ടൂറിസം വകുപ്പ് റോഡ്‌ഷോ സംഘടിപ്പിക്കും

Posted on: August 25, 2015 10:58 pm | Last updated: August 25, 2015 at 10:58 pm
SHARE

അബുദാബി: അബുദാബി ടൂറിസം ആന്‍ഡ് കള്‍ച്ചറല്‍ അതോറിറ്റി യു എ ഇ ടൂറിസം പരിചയപ്പെടുത്തുന്നതിന് കൊറിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളില്‍ റോഡ് ഷോ സംഘടിപ്പിക്കുന്നു.
ഇത്തിഹാദ് എയര്‍വേസ്, ഹയാത്ത് ഹോട്ടല്‍ റിസോട്ട്, റിട്ട്‌സ്-കാര്‍ട്ടന്‍, ഗ്രാന്‍ഡ് കനാല്‍, മൈനര്‍ ഇന്റര്‍നാഷനല്‍ ഹോട്ടല്‍ ഗ്രൂപ്പ്, അനനട്ര റിസോര്‍ട്ട്, സ്‌പൈസ് ഫൈവ് ലക്ഷ്വറി അബുദാബി, അല്‍ മഫ്‌റഖ് ഹോട്ടല്‍, കോസ്‌മോ ട്രാവല്‍സ് എന്നിവയുടെ സഹകരണത്തില്‍ ഇന്നും നാളെയും കൊറിയയിലെ സിയോള്‍, ബുസാന്‍ എന്നിവിടങ്ങളിലും 28ന് ജപ്പാന്റെ തലസ്ഥാനമായ ടോക്കിയോയിലുമാണ് റോഡ് ഷോ സംഘടിപ്പിക്കുക.
അബുദാബിയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, ടൂറിസം സാധ്യതകള്‍, ഹോസ്പിറ്റല്‍ മേഖലകള്‍, ആധുനിക ഹോട്ടലുകള്‍, അബുദാബിയിലെ പ്രോപ്പര്‍ട്ടികള്‍ എന്നിവ പരിചയപ്പെടുത്തുന്ന ഷോയില്‍ പ്രാദേശിക ടൂര്‍ ഓപ്പറേറ്റര്‍മാര്‍ പങ്കെടുക്കും. ജപ്പാനിലെ ഷോയില്‍ മികി ടൂറിസ്റ്റ് ആന്‍ഡ് ട്രവ്‌കോ ജപ്പാന്‍ എന്നിവയും അണിചേരും.
അബുദാബിയിലെ വിവിധ മേഖലകളിലെ പ്രതിനിധി സംഘം പങ്കെടുക്കുന്ന ഷോയില്‍ യു എ ഇയുടെ പൈതൃകം, പാരമ്പര്യം ചരിത്രം എന്നിവ പരിചയപ്പെടുത്തും.
ആദ്യമായാണ് അബുദാബിയിലെ പ്രതിനിധി സംഘം കൊറിയയിലും ജപ്പാനിലും റോഡ് ഷോ അവതരിപ്പിക്കുന്നത്. ആഡംബര താമസ സൗകര്യമുള്‍പ്പെടെ തയ്യാറാക്കിയിട്ടുള്ള അബുദാബിയിലേക്ക് പൈതൃകവും പാരമ്പര്യവും പരിചയപ്പെടുത്തുന്നതിന് ഇരു രാജ്യങ്ങളിലേയും പൗരന്മാരെ ക്ഷണിക്കുകയാണെന്ന് അബുദാബി ടൂറിസം ആന്‍ഡ് കള്‍ച്ചറല്‍ അതോറിറ്റി പ്രൊമോഷന്‍ ഡയറക്ടര്‍ മുബാറക് അല്‍ നുഐമി വ്യക്തമാക്കി.
ഈ വര്‍ഷം ആദ്യ ആറുമാസം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് യു എ ഇയിലെത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ 15 ശതമാനത്തിന്റെ വര്‍ധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 13,013 ജപ്പാന്‍ സന്ദര്‍ശകര്‍ യു എ ഇയിലെത്തിയപ്പോള്‍ ഈ വര്‍ഷം അഞ്ച് ശതമാനത്തിന്റെ വര്‍ധനവാണുണ്ടായിട്ടുള്ളത്, അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം 14,000 കൊറിയന്‍ സന്ദര്‍ശകര്‍ യു എ ഇ സന്ദര്‍ശിച്ചപ്പോള്‍ ഈ വര്‍ഷം വര്‍ധനവുണ്ടാകുമെന്നാണ് പ്രതീക്ഷ.