തദേശ തെരഞ്ഞെടുപ്പ് ഒരു മാസം നീട്ടിവയ്ക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍

Posted on: August 25, 2015 10:47 am | Last updated: August 26, 2015 at 5:32 pm
SHARE

election

തിരുവനന്തപുരം: തദേശ തെരഞ്ഞെടുപ്പ് ഒരു മാസം നീട്ടിവയ്ക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍. ഇക്കാര്യം കോടതിയില്‍ ആവശ്യപ്പെടാന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ ധാരണയായി. ഡിസംബര്‍ ഒന്നിനു ഭരണസമിതി നിലവില്‍ വരുന്ന രീതിയില്‍ തെരഞ്ഞെടുപ്പ് പുനക്രമീകരിക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെടുക.

യോഗത്തില്‍ തെരഞ്ഞെടുപ്പ് കമീഷനെതിരെ രൂക്ഷ വിമര്‍ശമുണ്ടായി. അതേസമയം, വൈകീട്ട് മൂന്നിന് തെരഞ്ഞെടുപ്പ് കമീഷണര്‍ വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. 28 പുതിയ മുന്‍സിപ്പാലിറ്റികളുടെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്കു തയാറാകേണ്‌ടെന്നും മന്ത്രിസഭായോഗം തീരുമാനിച്ചു. അതേസമയം, തദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ മറുപടി പറയാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്നു വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷണര്‍ കെ ശശിധരന്‍ നായരാണ് വൈകുന്നേരം മൂന്നിനു കമ്മീഷന്റെ നിലപാടുകള്‍ അറിയിക്കുക.

28 പുതിയ മുനിസിപ്പാലിറ്റികളും കണ്ണൂര്‍ കോര്‍പറേഷനും കോടതി അംഗീകരിച്ചതാണെന്നും അവയില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നും സര്‍ക്കാര്‍ കമീഷനോട് ആവശ്യപ്പെട്ടു. എന്നാല്‍, നവംബര്‍ ഒന്നിന് പുതിയ ഭരണസമിതി അധികാരമേല്‍ക്കുംവിധം തെരഞ്ഞെടുപ്പ് ഷെഡ്യൂള്‍ കമീഷണര്‍ യോഗത്തില്‍ വിശദീകരിച്ചു. സെപ്റ്റംബര്‍ 16ന് വിജ്ഞാപനം പുറപ്പെടുവിച്ച് ഒക്ടോബര്‍ 27ന് നടപടികള്‍ പൂര്‍ത്തിയാക്കും വിധമായിരുന്നു ഇത്. എന്നാല്‍, മുനിസിപ്പാലിറ്റികളുടെ കാര്യത്തില്‍ സര്‍ക്കാര്‍ വിട്ടുവീഴ്ചക്ക് തയാറായില്ല. രണ്ട് മണിക്കൂറോളം നീണ്ട ചര്‍ച്ചയില്‍ കമീഷനും മന്ത്രിമാരും തമ്മില്‍ ഇക്കാര്യത്തില്‍ രൂക്ഷമായ തര്‍ക്കവും നടന്നിരുന്നു.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം കമ്മീഷനുമായി ചര്‍ച്ച നടത്തിയിരുന്നു. 2010ലെ വാര്‍ഡ് വിഭജനമനുസരിച്ചു തെരഞ്ഞെടുപ്പു നടത്തണമെന്ന നിലപാടില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉറച്ചു നിന്നു. എന്നാല്‍ പുതിയ 28 മുന്‍സിപ്പാലിറ്റികളുടെ കാര്യത്തില്‍ സര്‍ക്കാരും ഉറച്ചുനിന്നതോടെ ചര്‍ച്ച പരാജയമായി. സമയത്തുതന്നെ തെരഞ്ഞെടുപ്പു നടത്തണമെന്നാണു സര്‍ക്കാര്‍ നിലപാടെന്നും ബാക്കി കാര്യങ്ങള്‍ കോടതി പറയുന്നതിനനുസരിച്ചു മുന്നോട്ടു പോകുമെന്നും ചര്‍ച്ചയ്ക്കു ശേഷം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here