ഹര്‍ത്താല്‍ നിയന്ത്രണത്തിന് ഓര്‍ഡിനന്‍സ് ഇറക്കാന്‍ ആലോചന

Posted on: August 25, 2015 10:19 am | Last updated: August 25, 2015 at 11:28 pm
SHARE

harthalതിരുവനന്തപുരം: നിയമസഭാ സമ്മേളനം ചേരാത്ത സാഹചര്യത്തില്‍ ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ ഓര്‍ഡിനന്‍സ് ആയി ഇറക്കാന്‍ അധികൃതര്‍ ആലോചിക്കുന്നു. രാഷ്ട്രീയകക്ഷികളെ കൂടി ബാധിക്കുന്നതായതിനാല്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കു ശേഷമേ അന്തിമ തീരുമാനമുണ്ടാവുകയുള്ളൂ.

നിയമ സെക്രട്ടറി ബി ജി ഹരീന്ദ്രനാഥ് പ്രത്യേക താല്‍പര്യം എടുത്താണു ഹര്‍ത്താല്‍ നിയന്ത്രണ ബില്ലിന്റെ കരട് രേഖ തയാറാക്കിയത്. അനന്തര നടപടി തീരുമാനിക്കാന്‍ ശനിയാഴ്ച ആഭ്യന്തര വകുപ്പിലെയും നിയമ വകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നുവെങ്കിലും എല്ലാവര്‍ക്കും എത്താന്‍ സാധിക്കാത്തതിനാല്‍ യോഗം നടന്നില്ല. ഹൈക്കോടതി നിര്‍ദേശം ഉള്ളതിനാല്‍ ഹര്‍ത്താല്‍ നിയന്ത്രണ നടപടി അടിയന്തരമായി നടപ്പാക്കണമെന്നാണു സര്‍ക്കാര്‍ നിലപാട്. ഓര്‍ഡിനന്‍സ് ആയി ഇറക്കേണ്ടിവന്നാല്‍ ഉപയോഗിക്കാന്‍ കരട് ബില്ലില്‍, ബില്‍ എന്നു രേഖപ്പെടുത്തിയ എല്ലാ സ്ഥലങ്ങളിലും ഓര്‍ഡിനന്‍സ് എന്നു മാറ്റി മറ്റൊരു കരട് കൂടി നിയമവകുപ്പ് തയാറാക്കിയിട്ടുണ്ട്.

വ്യവസായ തര്‍ക്ക നിയമം 1947, ട്രേഡ് യൂണിയന്‍ നിയമം 1926, നിയമാനുസൃത ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനവും തൊഴിലാളികളുടെ അവകാശങ്ങളും സംബന്ധിച്ച മറ്റു നിയമങ്ങള്‍ എന്നിവ പാലിച്ചു ട്രേഡ് യൂണിയനുകളും സര്‍വീസ് സംഘടനകളും നടത്തുന്ന പണിമുടക്കും സമരവും ഹര്‍ത്താല്‍ നിയന്ത്രണ ബില്ലിന്റെ പരിധിയില്‍ വരില്ലെന്നു വിശദീകരിച്ചിട്ടുണ്ട്.

ഹര്‍ത്താല്‍ സംഘടിപ്പിക്കുന്നവര്‍ ജീവനും സ്വത്തിനുമുള്ള നാശത്തിനു നഷ്ടപരിഹാരമെന്ന നിലയ്ക്കു നിശ്ചിത തുക മുന്‍കൂറായി കെട്ടിവയ്ക്കണമെന്നു കരടു ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ടെങ്കിലും തുക പറഞ്ഞിട്ടില്ല. നിയമം നിലവില്‍വന്ന ശേഷം രൂപീകരിക്കുന്ന ചട്ടങ്ങളില്‍ നിക്ഷേപത്തുകയും മറ്റു വിശദാശംങ്ങളും ഉണ്ടാകും.