നിയമക്കുരുക്കുകളില്‍ നിന്ന് രക്ഷാപ്രവര്‍ത്തകര്‍ക്ക് മോചനം

Posted on: August 25, 2015 4:17 am | Last updated: August 24, 2015 at 11:30 pm
SHARE

റോഡപകടങ്ങള്‍ക്ക് ഇരയാകുന്നവരുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് അധികൃതരില്‍ നിന്ന് നേരിടേണ്ടി വരുന്ന പീഡനങ്ങള്‍ തടയാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കയാണ് കേന്ദ്ര സര്‍ക്കാര്‍. അപകടത്തില്‍ പെടുന്നവരെ ആശുപത്രിയില്‍ എത്തിക്കുന്നവരെ ചോദ്യംചെയ്യാതെ ഉടന്‍ പോകാന്‍ അനുവദിക്കണമെന്നും രക്ഷാപ്രവര്‍ത്തകരെയോ ഒപ്പം വരുന്നവരെയോ സിവില്‍, ക്രിമിനല്‍ നടപടികള്‍ക്ക് വിധേയരാക്കരുതെന്നും ഉത്തരവില്‍ പറയുന്നു. പരുക്കേറ്റവരെക്കുറിച്ച് പോലീസിനെയോ അത്യാഹിത സേവന വിഭാഗങ്ങളെയോ ഫോണില്‍ അറിയിക്കുന്നവരുടെ പേരോ വ്യക്തിപരമായ വിശദാംശങ്ങളോ വെളിപ്പെടുത്താന്‍ നിര്‍ബന്ധിക്കരുത്. രക്ഷാപ്രവര്‍ത്തകരെ തടഞ്ഞുവെക്കുകയോ, അവരില്‍ നിന്ന് ചികിത്സക്ക് തുക ആവശ്യപ്പെടുകയോ ചെയ്യില്ലെന്ന് എല്ലാ ആശുപത്രികളുടെയും പ്രവേശന കവാടങ്ങളില്‍ എഴുതി പ്രദര്‍ശിപ്പിക്കണം. രക്ഷാപ്രവര്‍ത്തകരുടെ പേരും വിവരങ്ങളും നിര്‍ബന്ധിച്ച് വാങ്ങിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി കൈക്കൊള്ളുന്നതാണ്. റോഡപകടങ്ങളുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നിയോഗിച്ച കെ സ്‌കന്ദര്‍ കമ്മിറ്റിയുടെ ശിപാര്‍ശ പ്രകാരമാണ് ഈ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കിയത്.
ഒരു വര്‍ഷം മുമ്പ് ദേശീയ റോഡ് ഗതാഗത വകുപ്പ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം ദിനംപ്രതി ഇന്ത്യയില്‍ ശരാശരി 377 പേര്‍ റോഡപകടങ്ങളില്‍ മരിക്കുന്നുണ്ട്. യഥാസമയം രക്ഷാപ്രവര്‍ത്തനങ്ങളും ചികിത്സയും ലഭിക്കാതെയാണ് ഇവരില്‍ നല്ലൊരു വിഭാഗം മരിക്കുന്നത്. തിരക്ക് പിടിച്ച റോഡുകളില്‍ പോലും അപകടത്തിനിരയാകുന്നവര്‍ മണിക്കൂറുകളോളം കിടന്നു രക്തം വാര്‍ന്നു മരിച്ച സംഭവങ്ങള്‍ നിരവധിയാണ്. ആലപ്പുഴ ജില്ലയിലെ എരമല്ലൂരില്‍ അപകടത്തില്‍പ്പെട്ട രണ്ട് യുവാക്കള്‍ ആരും സഹായിക്കാനില്ലാതെ നാല് മണിക്കൂറോളം റോഡില്‍ കിടന്ന് രക്തം വാര്‍ന്ന് മരിച്ചത് അടുത്തിടെയാണ്. നിരവധി വാഹനങ്ങള്‍ അനുനിമിഷം കടന്നു പോകുന്ന ഇവിടെ യാത്രക്കാരില്‍ പലരും പരുക്കേറ്റവരെ കണ്ടിട്ടും കണ്ടില്ലെന്ന മട്ടില്‍ മുഖം തിരിച്ചു നടന്നു. ഒരു വാഹനാപകടം സംഭവിച്ചാല്‍, പരുക്കേറ്റവരെ ഉടനടി അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കേണ്ടത് അത് കാണാനിട വരുന്നവരുടെ സാമൂഹികവും ധാര്‍മികവുമായ കടമയാണ്. എന്നാല്‍ അപകടം നടന്ന വഴിയേ കടന്നു വരുന്ന മറ്റ് വാഹനക്കാരോട് പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാനാവശ്യപ്പെട്ടാല്‍, അത് കേള്‍ക്കാത്ത ഭാവത്തിലോ, തിരക്കിട്ടു മറ്റൊരു അത്യാവശ്യ സ്ഥലത്തേക്ക് പോകുകയാണെന്ന് കള്ളം പറഞ്ഞോ വന്നതിനേക്കാള്‍ വേഗത്തില്‍ സ്ഥലം വിടുകയാണ് പതിവ്. പലര്‍ക്കും രക്ഷിക്കാന്‍ ആഗ്രഹമില്ലാതെയല്ല,അതിന് തുനിഞ്ഞാല്‍ നിയമത്തിന്റെയും പോലീസ് ചോദ്യം ചെയ്യലിന്റെ യും കുരുക്കില്‍ പെടുമെന്ന ഭീതിയാണ്. ഒരു കുറ്റവാളിയോടെന്ന പോലെയാണ് രക്ഷാ പ്രവര്‍ത്തകരെ പലപ്പോഴും പോലീസ് ചോദ്യം ചെയ്യുന്നതും പെരുമാറുന്നതും. മാനുഷിക ബോധം മൂലം രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടവര്‍ കേസില്‍ പ്രതികളായ സംഭവങ്ങള്‍ വരെയുണ്ട്.
ആശുപത്രി അധികൃതരുടെ സമീപനവും പലപ്പോഴും നിരുത്തരവാദപരമാണ്. വാഹനാപകട കേസുകള്‍ സ്വീകരിക്കാന്‍ ചില ആശുപത്രികള്‍ക്കും ഡോക്ടര്‍മാര്‍ക്കും വിമുഖതയാണ്. നിയമത്തിന്റെ നൂലാമാലകളെന്ന പോലെ സാമ്പത്തിക പ്രശ്‌നങ്ങളും ഇതിന് പിന്നിലുണ്ട്. അപകടത്തില്‍ പെടുന്നവരെ ആശുപത്രിയിലെത്തിക്കുന്നത് മിക്കവാറും സ്വന്തക്കാരോ ബന്ധുക്കളോ ആയിരിക്കില്ല. അപരിചിതരായിരിക്കും. അതിനാല്‍ ചികിത്സാ ചെലവ് ആരില്‍ നിന്ന് ലഭിക്കുമെന്ന ചിന്തയിലാണ് ആശുപത്രി അധികൃതര്‍ കേസ് കൈയൊഴിയുന്നത്. ഈ പ്രവണത അവസാനിപ്പിക്കാനും പുതിയ നിയമത്തില്‍ വ്യവസ്ഥയുണ്ടെന്നത് ആശ്വാസകരമാണ്. ആശുപത്രി രജിസ്‌ട്രേഷന്‍ പോലുള്ള ചിട്ടവട്ടങ്ങള്‍ക്ക് തുനിഞ്ഞു സമയം നഷ്ടപ്പെടുത്താതെ പരിുക്കേറ്റയാള്‍ എത്രയും വേഗത്തില്‍ ചികിത്സ ലഭ്യമാക്കണമെന്നും അതിന് വിമുഖത കാട്ടുന്ന ഡോക്ടറില്‍ നിന്ന് കനത്ത പിഴ ഈടാക്കുകയും അവര്‍ക്കെതിരെ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ നിയമപ്രകാരമുള്ള നിയമ നടപടി സ്വീകരിക്കുകയും ചെയ്യണമെന്ന് നിയമം അനുശാസിക്കുന്നു.
നിയമ നടപടികള്‍ക്കൊപ്പം ശക്തമായ ബോധവത്കരണവും ഇക്കാര്യത്തില്‍ അനിവാര്യമാണ്. മനുഷ്യത്വവും സഹാനുഭൂതിയും കാരുണ്യവുമൊക്കെ ഇന്ന് സമൂഹത്തില്‍ നിന്ന് അന്യം നിന്നു പോവുകയാണ്. റോഡപകടങ്ങള്‍ കണ്ടാല്‍ അത് മൊബൈലില്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളിലൂടെ ഷെയര്‍ ചെയ്തു രസിക്കുന്ന സ്ഥിതിവിശേഷം മാറി, ഒരു വിലപ്പെട്ട മനുഷ്യജീവനാണ് നടുറോഡില്‍ കിടന്നു പിടയുന്നതെന്നും, അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കേണ്ടത് തന്റെ മാനുഷികമായ ബാധ്യതയാണെന്നുമുള്ള ബോധം സമൂഹത്തില്‍ വളര്‍ന്നു വരാന്‍ സഹായകമായ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കണം. അപകടത്തിനിരയായ വ്യക്തി സഹായത്തിനായി നിലവിളിച്ചിട്ടും അത് കേള്‍ക്കാത്ത, കാണാത്ത ഭാവത്തില്‍ തിരിഞ്ഞു കളയുന്നത് അയാളെ കൊലക്ക് ഇട്ടു കൊടുക്കുന്നതിന് സമാനമാണ്. താനുള്‍പ്പെടെ ആര്‍ക്കും എപ്പോഴും സംഭവിക്കാവുന്നതാണ് ഇത്തരം ദുരന്തങ്ങളെന്ന് ഓരോ വ്യക്തിയും ഓര്‍ത്തരിക്കണം. നമ്മുടെ അനാസ്ഥയും ഉപേക്ഷയും കൊണ്ട് ഒരു ജീവനും നഷ്ടമാകരുത്.