കടല്‍ക്കൊല കേസ്: വിചാരണ നിര്‍ത്തിവെക്കണമെന്ന് യു എന്‍

Posted on: August 24, 2015 6:03 pm | Last updated: August 24, 2015 at 11:56 pm
SHARE

italian-marines-fishermen-kഹംബര്‍ഗ്: കടല്‍ക്കൊല കേസില്‍ ഇന്ത്യക്ക് തിരിച്ചടി. കൊല്ലം നീണ്ടകരയില്‍ രണ്ട് മത്സ്യത്തൊഴിലാളികള്‍ വെടിയേറ്റ് മരിച്ച കേസില്‍ രണ്ട് ഇറ്റാലിയന്‍ നാവികരെ വിചാരണ ചെയ്യുന്ന നടപടികള്‍ നിര്‍ത്തിവെക്കാന്‍ അന്താരാഷ്ട്ര കോടതി ഉത്തരവിട്ടു. ഇറ്റാലിയന്‍ നാവികരുടെ കേസ് പരിഗണിച്ച ഐക്യരാഷ്ട്ര സഭാ ട്രൈബ്യൂണലാണ് ഇന്ത്യയോടും ഇറ്റലിയോടും നിയമ നടപടികള്‍ നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടത്. കടല്‍ക്കൊലയെ കുറിച്ചുള്ള പ്രാരംഭ റിപ്പോര്‍ട്ട് സെപ്തംബര്‍ 24നകം കോടതിയില്‍ സമര്‍പ്പിക്കാനും ഇന്ത്യയോടും ഇറ്റലിയോടും ഐക്യരാഷ്ട്ര സഭയുടെ സമുദ്ര നിയമം സംബന്ധിച്ച അന്താരാഷ്ട്ര ട്രൈബ്യൂണല്‍ (ഐ ടി എല്‍ ഒ എസ്) നിര്‍ദേശിച്ചു. കടല്‍ക്കൊല കേസില്‍ ആരോപണവിധേയരായ നാവികരെ ഇറ്റലിക്ക് കൈമാറണമെന്നും വിചാരണ സ്വന്തം രാജ്യത്ത് നടത്താന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ജര്‍മനിയിലെ ഹാംബര്‍ഗിലുള്ള ട്രൈബ്യൂണലിന് മുമ്പാകെ ഇറ്റലിയന്‍ വിദേശകാര്യ മന്ത്രാലയം സമര്‍പ്പിച്ച ഹരജിയിലാണ് ട്രൈബ്യൂണല്‍ നടപടി.
കടല്‍ക്കൊല കേസില്‍ ഇരു രാജ്യങ്ങളും എല്ലാ കോടതി നടപടികളും നിര്‍ത്തിവെക്കണമെന്നും പുതിയത് തുടങ്ങാന്‍ പാടില്ലെന്നും ട്രൈബ്യൂണല്‍ അധ്യക്ഷനായ ജഡ്ജി വഌഡമിര്‍ ഗോലിറ്റ്‌സിന്‍ ഉത്തരവില്‍ വ്യക്തമാക്കി. 21 അംഗ ട്രൈബ്യൂണലില്‍ പതിനഞ്ച് പേരും ഈ നിലപാടിനെ അനുകൂലിച്ചു. ആറ് പേര്‍ വിയോജിപ്പ് രേഖപ്പെടുത്തി.
ഇറ്റലി സഹകരിക്കുകയാണെങ്കില്‍ കടല്‍ക്കൊല കേസില്‍ നാവികരുടെ വിചാരണ നടപടികള്‍ നാല് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാമെന്ന് യു എന്‍ ട്രൈബ്യൂണലിനെ ഇന്ത്യ നേരത്തെ അറിയിച്ചിരുന്നു. കേസില്‍ വിചാരണ നടപടികള്‍ നീളുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സമുദ്രനിയമ ട്രൈബ്യൂണലിനെ ഇറ്റലി സമീപിച്ചത്. നടപടിക്രമങ്ങളോട് സഹകരിക്കാനും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച എതിര്‍ ഹരജികള്‍ പിന്‍വലിക്കാനും ഇറ്റലി തയ്യാറാകുകയാണെങ്കില്‍ വിചാരണ തുടങ്ങി നാല് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാകുമെന്ന് യു എന്‍ സമുദ്രനിയമ ട്രൈബ്യൂണലിലെ ഇന്ത്യന്‍ പ്രതിനിധി അലൈന്‍ പെല്ലറ്റ് ബോധിപ്പിച്ചു. സ്വയംനിയന്ത്രിത ആയുധങ്ങള്‍ ഉപയോഗിച്ച് മുന്നറിയിപ്പ് നല്‍കാതെ മത്സ്യത്തൊഴിലാളികളുടെ തലക്കും ഉദരഭാഗത്തും നാവികര്‍ വെടിവെക്കുകയായിരുന്നുവെന്ന് ട്രൈബ്യൂണലിലെ ഇന്ത്യന്‍ പ്രതിനിധി ബോധിപ്പിച്ചു. ഇരു ഭാഗത്തിന്റെയും വാദം കേട്ട ശേഷമാണ് ട്രൈബ്യൂണല്‍ ഉത്തരവ്.
മത്സ്യത്തൊഴിലാളികളെ നാവികര്‍ വെടിവെച്ചു കൊന്നത് ഇന്ത്യന്‍ മേഖലയില്‍ വെച്ചാണെന്നും അതിനാല്‍ വിചാരണ നടത്താനുള്ള പൂര്‍ണ അധികാരമുണ്ടെന്നും ഇന്ത്യ നിലപാട് സ്വീകരിച്ചു. ഇതേത്തുടര്‍ന്നാണ് യു എന്‍ ട്രൈബ്യൂണലിനെ ഇറ്റലി സമീപിച്ചത്. സംഭവം നടന്നത് അന്താരാഷ്ട്ര കപ്പല്‍ചാലില്‍ ആയതിനാല്‍ നാവികരെ വിചാരണ ചെയ്യാന്‍ ഇറ്റലിക്കാണ് അവകാശമെന്നും നാവികരായ മാസിമിലിയാനോ ലത്തോറെയെയും സാല്‍വത്തോറെ ജെറോണിനെയും ഇറ്റലിക്ക് വിട്ടുകിട്ടണമെന്നുമായിരുന്നു ഇറ്റലിയുടെ ആവശ്യം. ഇത്തരം കേസുകളില്‍ കപ്പലുകളുടെ ഉടമസ്ഥതയുള്ള രാജ്യങ്ങളിലാകണം വിചാരണ നടപടികള്‍ നടക്കേണ്ടതെന്ന യു എന്‍ നിയമത്തെ അടിസ്ഥാനമാക്കിയാണ് ഇറ്റലി ട്രൈബ്യൂണലിനെ സമീപിച്ചത്. നയതന്ത്ര പരിഹാരത്തിന് ശ്രമിച്ചപ്പോള്‍ ഇന്ത്യ വാതിലുകള്‍ കൊട്ടിയടക്കുകയായിരുന്നുവെന്ന ഇറ്റലിയുടെ വാദം ഇന്ത്യ ഖണ്ഡിച്ചു. കടല്‍ക്കൊല കേസില്‍ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാക്കളും ഇറ്റലിയുടെ പ്രതിനിധികളുമായി പിന്‍വാതില്‍ ചര്‍ച്ചകളൊന്നും തന്നെ നടന്നിട്ടില്ലെന്ന് ഇന്ത്യ വാദിച്ചു.
2012 ഫെബ്രുവരി പതിനഞ്ചിനാണ് കൊല്ലം നീണ്ടകര തീരത്ത് മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളികളെ ഇറ്റാലിയന്‍ നാവികര്‍ വെടിവെച്ചത്. ഇറ്റാലിയന്‍ എണ്ണക്കപ്പലായ എന്റിക്ക ലെക്‌സിയിലുണ്ടായിരുന്ന നാവികരായ മാസിമിലിയാനോ ലത്തോറെ, സാല്‍വത്തോറെ ജെറോണ്‍ എന്നിവരാണ് മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ വെടിവെച്ചത്. ഇറ്റാലിയന്‍ നാവികരെ പിന്നീട് കേരള പോലീസ് അറസ്റ്റ് ചെയ്തു. ഇറ്റലിയുടെ ആവശ്യപ്രകാരം കേസിന്റെ വിചാരണ ഡല്‍ഹിയിലേക്ക് മാറ്റുകയായിരുന്നു. എന്‍ ഐ എയാണ് കേസ് അന്വേഷിക്കുന്നത്.
നാവികരില്‍ ഒരാളായ മാസിമിലാനോ ലാത്തോറിന് ചികിത്സക്കായി ഇറ്റലിയില്‍ ആറ് മാസം കൂടി താമസിക്കാന്‍ സുപ്രീം കോടതി അനുവദിച്ചിട്ടുണ്ട്. 2016 ജനുവരി 15 വരെയാണ് അനുമതിയുള്ളത്. സാല്‍വത്തോര്‍ ജിറോണ്‍ നിലവില്‍ ജാമ്യത്തില്‍ കഴിയുകയാണ്.