വേനലവധി കഴിഞ്ഞു; വിദ്യാലയങ്ങള്‍ സജീവമാകുന്നു

Posted on: August 24, 2015 3:12 pm | Last updated: August 24, 2015 at 3:12 pm
SHARE

 

schoolഷാര്‍ജ: അധ്യാപകരും, ജീവനക്കാരും ജോലിയില്‍ തിരികെ പ്രവേശിച്ചതോടെ വിദ്യാലയങ്ങള്‍ വീണ്ടും സജീവമായി. ഇന്നലെയാണ്, ഒന്നര മാസത്തെ വേനലവധി കഴിഞ്ഞ് അധ്യാപകരടക്കമുള്ള ജീവനക്കാര്‍ ജോലിയില്‍ പ്രവേശിച്ചത്. സ്വകാര്യ വിദ്യാലയങ്ങളോടൊപ്പം പൊതു വിദ്യാലയങ്ങളിലും ജീവനക്കാര്‍ ജോലിക്കു ഹാജരായി. എന്നാല്‍ പൂര്‍ണതോതില്‍ വിദ്യാലയങ്ങള്‍ സജീവമാകുക ഈ മാസം 30 മുതലായിരിക്കും. അന്നാണ് പഠനം പുനഃരാരംഭിക്കുക.
പൊതുവിദ്യാലയങ്ങളില്‍ സെപ്തംബര്‍ ഒന്നിനാണ് പുതിയ അധ്യയന വര്‍ഷത്തിനു തുടക്കമാവുക. അതേ സമയം, ഇന്ത്യന്‍ വിദ്യാലയങ്ങളില്‍ ഇക്കഴിഞ്ഞ ഏപ്രില്‍ ഒന്നിനു പുതിയ അധ്യയന വര്‍ഷം ആരംഭിച്ചു. പാക്കിസ്ഥാന്‍, ബംഗ്ലാദേശ് വിദ്യാലയങ്ങളിലും ഇന്ത്യന്‍ വിദ്യാലയങ്ങളോടൊപ്പമാണ് പുതിയ അധ്യയനവര്‍ഷം തുടങ്ങിയത്.
ഈ അധ്യയനവര്‍ഷത്തിന്റെ തുടര്‍ച്ചയാണ് വേനലവധിക്കു ശേഷം ഇന്ത്യന്‍ വിദ്യാലയങ്ങളില്‍ ഉണ്ടാവുക. അതേ സമയം, പൊതു വിദ്യാലയങ്ങളില്‍ പുതിയ അധ്യയനവര്‍ഷത്തിനു തുടക്കവും.
ഇക്കഴിഞ്ഞ ജൂലൈ ഒമ്പതിനാണ് വേനലവധിക്കു വിദ്യാലയങ്ങള്‍ അടച്ചത്. രണ്ടു മാസമാണ് അവധിയെങ്കിലും അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും ഒന്നരമാസത്തോളമായിരുന്നു അവധി. ഈ മാസം 23ന് ജോലിയില്‍ തിരികെ പ്രവേശിക്കണമെന്ന് ജീവനക്കാര്‍ക്കു പ്രത്യേക നിര്‍ദേശമുണ്ടായിരുന്നു. ഷാര്‍ജ അടക്കമുള്ള വടക്കന്‍ എമിറേറ്റുകളിലെ വിദ്യാലയ ജീവനക്കാര്‍ക്കായിരുന്നു ഈ നിര്‍ദേശം. എന്നാല്‍ വിദ്യാര്‍ഥികള്‍ക്കു രണ്ടു മാസം തികച്ചും അവധി ലഭിക്കും. അതേ സമയം ദുബൈയില്‍ നേരത്തെ അടച്ചിരുന്നു.
മിക്ക വിദ്യാലയങ്ങളിലും അധ്യാപകര്‍ക്കു പ്രത്യേക പരിശീലന ക്ലാസുകള്‍ ആരംഭിച്ചിട്ടുണ്ട്. വ്യാഴാഴ്ചവരെ തുടരും. വിദ്യാഭ്യാസ രംഗത്തെ പ്രഗത്ഭരും, അതാത് വിദ്യാലയങ്ങളുടെ പ്രിന്‍സിപ്പല്‍മാരുമാണ് ക്ലാസുകള്‍ നയിക്കുക. പഠന നിലവാരം ഉയര്‍ത്തുകയും, വിദ്യാലയങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുകയുമാണ് ലക്ഷ്യം. വിവിധ ആവശ്യങ്ങള്‍ക്കായി നിരവധി രക്ഷിതാക്കള്‍ ഇന്ന് വിദ്യാലയങ്ങളിലെത്തി.
പഠനത്തിന്റെ തുടക്കവുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ക്ക് സ്‌കൂള്‍ അധികൃതര്‍ പ്രത്യേക നിര്‍ദേശങ്ങളും ഉപദേശങ്ങളും നല്‍കി. കുട്ടികളെ സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിനുള്ള നിര്‍ദേശങ്ങളും ജീവനക്കാര്‍ക്കു ലഭിച്ചു.
വിദ്യാര്‍ഥികളെ വരവേല്‍ക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ വിദ്യാലയങ്ങളില്‍ അന്തിമ ഘട്ടത്തിലാണ്. വിദ്യാലയങ്ങളുടെ അറ്റകുറ്റപ്പണികള്‍ ദ്രുതഗതിയില്‍ നടക്കുന്നു. ഛായമടിച്ചും മറ്റും വിദ്യാലയകെട്ടിടങ്ങള്‍ക്കു മോടികൂട്ടിയിട്ടുണ്ട്.
വിദ്യാലയങ്ങള്‍ തുറക്കാറായതോടെ മിക്ക പ്രവാസി കുടുംബങ്ങളും നാട്ടില്‍ നിന്നു തിരിച്ചെത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ നാട്ടില്‍ നിന്നുള്ള വിമാനങ്ങളില്‍ യാത്രക്കാരുടെ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. മടക്കയാത്ര ടിക്കറ്റെടുത്തു പോയവര്‍ വിമാനക്കമ്പനികളുടെകൊള്ളയില്‍ നിന്നു രക്ഷപ്പെടുകയും അല്ലാത്തവര്‍ നാട്ടില്‍ കുടുങ്ങിയിരിക്കുകയുമാണ്.