Connect with us

Gulf

ഓണാഘോഷത്തിനിടയില്‍ മദ്യാസക്തി

Published

|

Last Updated

ഓണാഘോഷ നിറവിലാണ് മലയാളികള്‍. കഴിഞ്ഞ ദിവസം, വാരാന്ത്യ അവധി ദിനത്തില്‍ കുടുംബങ്ങളും സംഘടനകളും പൂക്കളവും ഓണസദ്യയും ഒരുക്കി മാവേലിയെ വരവേറ്റു. കഴിഞ്ഞ വര്‍ഷം, പലകാരണങ്ങളാല്‍ ഗള്‍ഫിലെ ആഘോഷം നിറം മങ്ങിയതായിരുന്നു. കേരളത്തെക്കാള്‍ കൂടുതല്‍ ആഘോഷമുണ്ടായിരുന്ന ദുബൈയില്‍, സംഘടനകള്‍ക്ക് നിയന്ത്രണമുള്ളതിനാല്‍ ആഘോഷം വ്യാപകമായിരുന്നില്ല. ഇത്തവണയും വലിയ ആരവങ്ങളില്ലാതെ കടന്നുപോകും. എന്നാലും ആദ്യം സ്റ്റേജ് പരിപാടി തുടങ്ങിയത് ദുബൈയില്‍. ഏതാനും ആഴ്ചകള്‍ക്കുമുമ്പ് ഏഷ്യാവിഷന്റെ ആഭിമുഖ്യത്തില്‍ ടെലിവിഷന്‍ താര സംഘടനയായ ആത്മയുടെ സഹകരണത്തോടെയായിരുന്നു ആഘോഷം. ഓണാഘോഷം മാളുകളിലേക്കും റസ്റ്റോറന്റുകളിലേക്കും പടര്‍ന്നതാണ് ആരംഭത്തിലെ കാഴ്ച.
മാളുകള്‍ കേന്ദ്രീകരിച്ച് ഈവന്റ് മാനേജ്‌മെന്റ് കമ്പനികളാണ് ഓണാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്. മിക്കവാറും വാരാന്ത്യ ദിനങ്ങളില്‍ നടക്കുന്ന ആഘോഷങ്ങള്‍ വന്‍ജനാവലിയെ ആകര്‍ഷിക്കുന്നു. കഴിഞ്ഞ ദിവസം ലാംസി പ്ലാസയില്‍ നൂറുകണക്കിന് പേര്‍ തടിച്ചുകൂടി.
റസ്റ്റോറന്റുകളില്‍ ഓണ സദ്യയുടെ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ശരാശരി 25 ദിര്‍ഹമാണ് സദ്യയുടെ വില. 25 ഓളം വിഭവങ്ങള്‍ ഒരുക്കിയാണ് ഉപഭോക്താക്കളെ ക്ഷണിക്കുന്നത്.
ഹൈപ്പര്‍മാര്‍ക്കറ്റുകളും ഓണത്തിന് വന്‍ ഒരുക്കം നടത്തുന്നു. നാട്ടില്‍ നിന്ന് വന്‍തോതില്‍ വാഴയിലയും പച്ചക്കറികളും ഇറക്കുമതി ചെയ്യുന്നു. എന്നാല്‍ കുടുംബങ്ങള്‍ ഭൂരിപക്ഷം നാട്ടിലായതിനാല്‍ ഇത്തവണ വ്യാപാരം കുറയും.
പൊതുവെ, പച്ചക്കറികള്‍ക്കും പഴവര്‍ഗങ്ങള്‍ക്കും തീ വിലയാണ്. ഒമാനില്‍ നിന്ന് പച്ചക്കറി കുറഞ്ഞതോതിലാണ് എത്തുന്നത്. ഇന്ത്യയില്‍ ഉള്ളിക്ക് വിലകൂടിയത് ഗള്‍ഫ് കമ്പോളത്തിലും പ്രതിഫലിച്ചു.
സംഘടനകള്‍ക്ക് നിയന്ത്രണമുള്ളതിനാല്‍ ആയിരക്കണക്കിനാളുകള്‍ ഒന്നിച്ചുകൂടിയുള്ള ആഘോഷങ്ങള്‍ ദുബൈക്ക് അന്യമായി. മുമ്പ്, 3,000ത്തോളം പേര്‍ക്ക് ഇരിപ്പിട സൗകര്യമുള്ള ദുബൈ അല്‍ നാസര്‍ ലെഷര്‍ലാന്റില്‍ എല്ലാ വെള്ളിയാഴ്ചകളിലും ആഘോഷങ്ങളുണ്ടായിരുന്നു. അക്കാഫ്, ഉമ തുടങ്ങിയ സംഘടനകള്‍ വന്‍തുക ചെലവു ചെയ്താണ് ആഘോഷിച്ചിരുന്നത്. ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ക്കും കാറ്ററിംഗ് കമ്പനികള്‍ക്കും മികച്ച വരുമാനമായിരുന്നു. നാട്ടില്‍ നിന്ന് ധാരാളം കലാകാരന്മാര്‍ എത്തുമായിരുന്നു. അവര്‍ക്കും ജീവിച്ചുപോകാന്‍ പ്രതിഫലം ലഭ്യമാകുമായിരുന്നു.
അതേ സമയം, ഓണക്കാലത്ത് ഗള്‍ഫില്‍ മദ്യത്തിന്റെ ഉപഭോഗം വര്‍ധിക്കുന്നത് കാണാതിരുന്നുകൂടാ. മദ്യത്തിനെതിരെ വ്യാപക ബോധവത്കരണം നടക്കുന്നുണ്ടെങ്കിലും മലയാളീ സമൂഹത്തില്‍ വലിയൊരു വിഭാഗം മദ്യത്തിന് അടിമയാണ്. നാട്ടില്‍, എഞ്ചിനീയറിംഗ് കോളജില്‍ വിദ്യാര്‍ഥിനിയുടെ മരണത്തിനിടയാക്കിയ ജീപ്പോടിച്ചവര്‍ മദ്യലഹരിയിലായിരുന്നു.
ഗള്‍ഫില്‍ തൊഴിലാളി ക്യാമ്പുകളിലാണ് മദ്യം ഒഴുകുന്നത്. തുച്ഛ വരുമാനക്കാരായ ഇവരെ ലക്ഷ്യമിട്ട് വന്‍ സംഘങ്ങള്‍ തന്നെയുണ്ട്.
കെ എം എ