യമനില്‍ ബന്ദിയാക്കിയ ബ്രിട്ടീഷ് പൗരനെ യു എ ഇ സേന രക്ഷിച്ചു

Posted on: August 24, 2015 3:04 pm | Last updated: August 24, 2015 at 3:04 pm
SHARE

അബുദാബി: യമനില്‍ ബന്ദിയാക്കിയ ബ്രിട്ടീഷ് പൗരനെ യു എ ഇ സേന രക്ഷിച്ചതായി അബുദാബി കിരീടാവകാശിയും യു എ ഇ സായുധ സേനാ ഉപമേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിനെ അറിയിച്ചു. ശനിയാഴ്ച രാത്രിയാണ് കാമറൂണിനെ ടെലിഫോണില്‍ വിളിച്ച് ജനറല്‍ ശൈഖ് മുഹമ്മദ് യു എ ഇ സേന നടത്തിയ മഹത്തായ പ്രവര്‍ത്തി അറിയിച്ചത്. ഏഡണ്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന യു എ ഇ സേനയാണ് ഡഗഌസ് റോബേര്‍ട്ട് സെബിള്‍ എന്ന യു കെ പൗരനെ രക്ഷപ്പെടുത്തിയത്. അല്‍ ഖ്വഇദയാണ് ഡഗ്ലാസിനെ ബന്ദിയാക്കിയത്. യു എ ഇ സൈന്യം നടത്തിയ അതീവ തന്ത്രപരമായ നീക്കമാണ് ബന്ദിയുടെ മോചനം സാധ്യമാക്കിയത്.

രാജ്യത്തിന്റെ തീവ്രവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത സമീപനത്തിന്റെ ഭാഗമാണ് ബന്ദിയുടെ മോചനമെന്ന് ജനറല്‍ ശൈഖ് മുഹമ്മദ് പറഞ്ഞു. എല്ലാ തരത്തിലുള്ള തീവ്രവാദ-ഭീകരവാദ പ്രവര്‍ത്തനങ്ങളെയും യു എ ഇ ശക്തമായി എതിര്‍ക്കും. ബ്രിട്ടനും യു എ ഇയും തമ്മില്‍ ശക്തമായ സൗഹൃദമാണ് നിലനില്‍ക്കുന്നത്. തീവ്രവാദത്തെ പരാജയപ്പെടുത്തുന്നതില്‍ ലോക രാജ്യങ്ങളുമായി ചേര്‍ന്ന് മികച്ച പ്രവര്‍ത്തനമാണ് യു എ ഇ നടത്തുന്നത്. ഇതിന്റെ ഉത്തമോദാഹരണമാണ് യമനില്‍ ഹൂത്തി വിമതര്‍ ഉള്‍പെടെയുള്ളവര്‍ക്കെതിരെ സൗഊദി അറേബ്യയുടെ കീഴില്‍ നടക്കുന്ന ഓപറേഷന്‍ റെസ്റ്ററിംഗ് ഹോപ്പിലെ യു എ ഇയുടെ സജീവ പങ്കാളിത്തം. ഓപറേഷന്‍ ആരംഭിച്ച ശേഷം ഏഴു സൈനിക ഓഫീസര്‍മാരെയാണ് രാജ്യത്തിന് നഷ്ടമായതെന്നും ജനറല്‍ ശൈഖ് മുഹമ്മദ് ഓര്‍മിപ്പിച്ചു.
ഹളര്‍മൗത്ത് മേഖലയില്‍ പെട്രോളിയം എന്‍ജിനിയറായി പ്രവര്‍ത്തിക്കുന്നതിനിടയിലാണ് 64 കാരനായ സെബിളിനെ 2014 ഫെബ്രുവരിയില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. യു എ ഇ സൈനിക വിമാനത്തില്‍ ഡഗ്ലസിനെ അബുദാബിയിലേക്ക് കൊണ്ടുവന്ന ഡഗഌസ് സെമ്പിളിന് ബ്രിട്ടീഷ് സ്ഥാനപതിയുടെയുടെ നേതൃത്വത്തില്‍ യു എ ഇ ഉദ്യോഗസ്ഥരും ബ്രിട്ടീഷ് ഉദ്യോഗസ്ഥരും ഊഷ്മളമായ വരവേല്‍പ് നല്‍കി. വൈദ്യ പരിശോധനക്കായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കയാണ്. ഇദ്ദേഹത്തിന് ഭാര്യ ഉള്‍പെടെയുള്ളവരുമായി സംസാരിക്കാനും യു എ ഇ അധികൃതര്‍ അവസരം ഒരുക്കിയിരുന്നു. ആവശ്യമായ വൈദ്യ പരിശോധനകള്‍ പൂര്‍ത്തിയാക്കിയാല്‍ ഉടന്‍ സെബിള്‍ ബ്രിട്ടണിലേക്ക് മടങ്ങും.