എസ് എസ് എഫ് കണ്ണൂര്‍ ജില്ലാ സാഹിത്യോത്സവ്: തളിപ്പറമ്പ് വീണ്ടും ജേതാക്കള്‍

Posted on: August 24, 2015 11:01 am | Last updated: August 24, 2015 at 11:01 am
SHARE
എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവില്‍ ജേതാക്കളായ തളിപ്പറമ്പ് ഡിവിഷന് കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പട്ടുവം ട്രോഫി സമ്മാനിക്കുന്നു
എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവില്‍ ജേതാക്കളായ തളിപ്പറമ്പ് ഡിവിഷന് കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പട്ടുവം ട്രോഫി സമ്മാനിക്കുന്നു


കടവത്തൂര്‍: കഥകളുറങ്ങുന്ന കടവത്തൂരില്‍ ധര്‍മപ്പടണയി തീര്‍ത്ത ക്യന്‍വാസില്‍ വരഞ്ഞും ഛായങ്ങള്‍ തേച്ചും പാടിയും പറഞ്ഞും കലകളോട് സംവദിച്ചും രണ്ട് നാള്‍ നാടിന്റെ ഉത്സവമാക്കിയ എസ് എസ് എഫ് 22-ാമത് ജില്ലാ സാഹിത്യോത്സവിന് പ്രൗഢസമാപനം. ജില്ലയിലെ ഒമ്പത് ഡിവിഷനുകളില്‍ നിന്നെത്തിയ 1500 ഓളം പ്രതിഭകളാണ് സാഹിത്യോത്സവില്‍ മാറ്റുരച്ചത്.
ഒമ്പത് വേദികളില്‍ നടന്ന വീറും വാശിയുമുള്ള മത്സരങ്ങളില്‍ പോയിന്റുകള്‍ മാറിമറിഞ്ഞപ്പോള്‍ സദസ്സുകളില്‍ ആകാംക്ഷയുടെ നിമിഷങ്ങളായി മാറി. അവസാനം 534 പോയിന്റുമായി തളിപ്പറമ്പ് ഡിവിഷന്‍ വീണ്ടും കലാകിരീടം ചൂടി. കഴിഞ്ഞ വര്‍ഷവും തളിപ്പറമ്പായിരുന്നു വിജയികളായത്. ആതിഥേയ ഡിവിഷനായ പാനൂര്‍ റണ്ണര്‍അപ്പായി. 454 പോയിന്റ്. മാടായി ഡിവിഷനാണ് മൂന്നാം സ്ഥാനം. 434 പോയിന്റ്. മറ്റു ഡിവിഷനുകളുടെ പോയിന്റ് ഇങ്ങനെയാണ്. കണ്ണൂര്‍(408), ഇരിട്ടി(385), കൂത്തുപറമ്പ്(278), തലശ്ശേരി(119), ശ്രീകണ്ഠപുരം(116), പയ്യന്നൂര്‍(109). പാനൂരിലെ കെ വി ആദിലിനെ കലാപ്രതിഭയായി തിരഞ്ഞെടുത്തു. വ്യക്തിഗത ചാമ്പ്യന്മാരായി ശഹീദ് മാടായി(സബ്ജൂനിയര്‍), സഫ്‌വാന്‍ ശ്രീകണ്ഠപുരം(ജൂനിയര്‍), ആദില്‍ പാനൂര്‍(ഹൈസ്‌കൂള്‍), നമീര്‍ മാടായി(ഹയര്‍സെക്കന്‍ഡറി), സഫ്‌വാന്‍ മാടായി(സീനിയര്‍), മുഹമ്മദ് ശരീഫ് മാടായി(ക്യാമ്പസ്) എന്നിവരെ തിരഞ്ഞെടുത്തു. ക്യാമ്പസ് വിഭാഗത്തില്‍ ഐ എം എ കോളജ് മാട്ടൂല്‍(65 പോയിന്റ്) ഒന്നാം സ്ഥാനവും തളിപ്പറമ്പ് സര്‍സയ്യിദ് കോളജ്(50 പോയിന്റ്) രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
സ്വാഗതസംഘം ചെയര്‍മാന്‍ എന്‍ അശ്‌റഫ് സഖാഫി അധ്യക്ഷതയില്‍ കൃഷി മന്ത്രി കെ പി മോഹനന്‍ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് എന്‍ അബ്ദുല്ലത്തീഫ് സഅദി അനുമോദന പ്രസംഗം നടത്തി. വിജയികള്‍ക്ക് കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പട്ടുവം ട്രോഫി നല്‍കി. സി പി എം സംസ്ഥാന കമ്മിറ്റി അംഗം എം വി ജയരാജന്‍, എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി അബ്ദുറശീദ് മാസ്റ്റര്‍ നരിക്കോട്, റഫീഖ് അമാനി തട്ടുമ്മല്‍, സിദ്ദീഖ് സഖാഫി വായാട്, എന്‍ കെ നവാസ്, ടി മുസ്ഥഫ പ്രസംഗിച്ചു.
പി പി അബ്ദുല്‍ ഹകീം സഅദി മുഹമ്മദ് കുഞ്ഞി സഖാഫി കണ്ണപുരം, റശീദ് കെ മാണിയൂര്‍, എസ് വൈ എസ് ജില്ലാ സെക്രട്ടറിമാരായ ബി എ അലിമൊഗ്രാല്‍, കെ ഇബ്‌റാഹിം മാസ്റ്റര്‍, എസ് എസ് എഫ് ജില്ലാ ട്രഷറര്‍ അബ്ദുല്‍ ഹകീം സഖാഫി അരിയില്‍, ഷാജഹാന്‍ മിസ്ബാഹി, ഫൈളുര്‍റഹ്മാന്‍ ഇര്‍ഫാനി, സുബൈര്‍ വെണ്മണല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. അടുത്തവര്‍ഷത്തെ സാഹിത്യോത്സവ് പയ്യന്നൂര്‍ ഡിവിഷനില്‍ നടക്കും. ഇവര്‍ക്ക് നേതാക്കള്‍ ചേര്‍ന്ന് പതാക കൈമാറി.