Connect with us

Malappuram

എസ് എസ് എഫ് മലപ്പുറം ജില്ലാ സാഹിത്യോത്സവ്: തിരൂരങ്ങാടിക്ക് കിരീടം

Published

|

Last Updated

പുത്തനത്താണി: ആസ്വാദക ഹൃദയങ്ങളില്‍ കലയുടെ വര്‍ണപ്പകിട്ട് തീര്‍ത്ത് ധാര്‍മിക വിദ്യാര്‍ഥി സംഘത്തിന്റെ കലാ മാമാങ്കത്തിന് തിരശ്ശീല. മൂന്ന് ദിവസമായി പുത്തനത്താണിയില്‍ നടന്ന എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവ് സമാപിച്ചു. 14 ഡിവിഷനുകള്‍ തമ്മില്‍ നടന്ന വാശിയേറിയ മത്സരത്തില്‍ തിരൂരങ്ങാടി ഡിവിഷന്‍ കിരീടം ചൂടി.
മഞ്ചേരി ഡിവിഷന്‍ രണ്ടാമതെത്തി. കൊണ്ടോട്ടി ഡിവിഷനാണ് മൂന്നാം സ്ഥാനം. 14 ഡിവിഷനുകളില്‍ നിന്നായി രണ്ടായിരത്തി അഞ്ഞൂറ് പ്രതിഭകളാണ് സാഹിത്യോത്സവില്‍ മാറ്റുരച്ചത്. ഏഴ് വിഭാഗങ്ങളിലായി പന്ത്രണ്ട് വേദികളില്‍ 104 മത്സരങ്ങള്‍ നടന്നു.
ക്യാമ്പസ് വിഭാഗത്തില്‍ തിരൂരങ്ങാടി പി എസ് എം ഒ കോളജ് ഒന്നാമതെത്തി. മലപ്പുറം ഗവണ്‍മെന്റ് കോളജ് രണ്ടാം സ്ഥാനവും പ്രിയദര്‍ശിനി കോളജ് മൂന്നാം സ്ഥാനവും നേടി. മലപ്പുറം ഡിവിഷനിലെ മുഹമ്മദ് മുബശിര്‍ ജില്ലാ സാഹിത്യോത്സവിലെ കലാ പ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ടു. ഹൈസ്‌കൂള്‍ വിഭാഗം ഖിറാഅത്ത്, മാപ്പിളപ്പാട്ട്, മദ്ഹ് ഗാനം എന്നീ മത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടി. തിരൂരങ്ങാടി, അരീക്കോട് എന്നിവിടങ്ങളിലാണ് അടുത്ത വര്‍ഷത്തെ ജില്ലാ സാഹിത്യോത്സവ്. സമാപന സമ്മേളനം എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി മുഖ്യാതിഥിയായിരുന്നു. എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം അബ്ദുല്‍ മജീദ് പ്രഭാഷണം നടത്തി. രിസാല മാനേജിംഗ് എഡിറ്റര്‍ എസ് ശറഫുദ്ദീന്‍ അനുമോദന പ്രഭാഷണം നടത്തി. മാളിയേക്കല്‍ സുലൈമാന്‍ സഖാഫി, എ മുഹമ്മദ് പറവൂര്‍, വി പി എം ബശീര്‍ പറവന്നൂര്‍, സയ്യിദ് കെ പി എച്ച് തങ്ങള്‍ കാവനൂര്‍, എന്‍ എം സ്വാദിഖ് സഖാഫി, അലി ബാഖവി ആറ്റുപുറം, കെ വി ഫഖ്‌റുദ്ദീന്‍ സഖാഫി, എം ദുല്‍ഫുഖാറലി സഖാഫി, എം അബ്ദുര്‍റഹ്മാന്‍ സംബന്ധിച്ചു.

തൊട്ടതെല്ലാം പൊന്നാക്കി ബായിസ്

Story- Junior Mappilappattu, Arabic Song- Abdul Bahis MKപുത്തനത്താണി: മത്സരിച്ച ഇനങ്ങളിലെല്ലാം ഒന്നാം സ്ഥാനവുമായി എം കെ അബ്ദുല്‍ ബായിസ്.
മഞ്ചേരി ഡിവിഷനില്‍ നിന്നുള്ള ഈ വിദ്യാര്‍ഥി ജൂനിയര്‍ വിഭാഗം മാപ്പിളപ്പാട്ട്, അറബി ഗാനം എന്നീ വ്യക്തിഗത ഇനങ്ങളിലും സാഹിത്യോത്സവില്‍ ഈ വര്‍ഷം ഉള്‍പ്പെടുത്തിയ ഖവാലി, സംഘഗാനം കാറ്റഗറി (ബി) എന്നീ ഇനങ്ങളിലാണ് മത്സരിച്ചത്.
ഇവയിലെല്ലാം എ ഗ്രേഡോടെ ഒന്നാം സ്ഥാനവുമാണ് സംസ്ഥാന തലത്തില്‍ മത്സരിക്കാന്‍ കോഴിക്കോട്ടേക്ക് പുറപ്പെടാനൊരുങ്ങുന്നത്. മാപ്പിളപ്പാട്ടില്‍ മോയിന്‍കുട്ടി വൈദ്യരുടെ രചനക്കാണ് ശബ്ദം നല്‍കിയത്. തുടര്‍ച്ചയായി മൂന്നാം തവണയാണ് മാപ്പിളപ്പാട്ടില്‍ ജില്ലയില്‍ ഒന്നാമനാകുന്നത്. കഴിഞ്ഞ വര്‍ഷം സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം നേടി. പന്തല്ലൂര്‍ ജി യു പി ആന്‍ഡ് എ യു പി സ്‌കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ്. അബ്ദുല്‍ ലത്വീഫ്-ബുശ്‌റ ദമ്പതികളുടെ മകനാണ്.

ക്യാമ്പസ് വിഭാഗത്തില്‍ താരമായി റാശിദ്
Campus-Mappila song, Madhhu Song- Rasheed CK, Malappuram copyപുത്തനത്താണി: ക്യാമ്പസ് വിഭാഗത്തിന്റെ മാപ്പിളപ്പാട്ടിലും മദ്ഹ് ഗാനത്തിലും വെന്നിക്കൊടി പാറിച്ച് സി കെ റാശിദ്.
മാപ്പിളപ്പാട്ടില്‍ താനൂര്‍ മച്ചിങ്ങലകത്ത് മൊയ്തീന്‍കുട്ടി മൊല്ലയുടെ മക്കം ഫത്ഹില്‍ നിന്നുള്ള ചീട്ടില്‍ നീര്‍ എഴുതിടൈ… എന്ന ഗാനമാണ് ആലപിച്ചത്. മദ്ഹ് ഗാനത്തില്‍ അതിരുകളില്ലാത്ത സ്‌നേഹ തരംഗം എന്ന് തുടങ്ങുന്ന ഗാനമാണ് ആലപിച്ചത്.
മലപ്പുറം പ്രിയദര്‍ശിനി കോളജിലെ ബി കോം രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ്. കഴിഞ്ഞ വര്‍ഷത്തെ കാലിക്കറ്റ് സര്‍വകലാശാല ഇന്റര്‍സോണ്‍, സി സോണ്‍ വിജയി കൂടിയായ റാശിദ് 2010ല്‍ പാലക്കാട് നടന്ന സംസ്ഥാന സാഹിത്യോത്സവില്‍ രണ്ടാം സ്ഥാനം നേടിയിരുന്നു. കൂടാതെ മാപ്പിളകലാ ഇന്‍സ്ട്രക്ടര്‍ അസോസിയേഷന്‍ കോഴിക്കോട് നടത്തിയ അഖില കേരള മാപ്പിളപ്പാട്ടിലും ജേതാവായി. മുനീര്‍ പള്ളിക്കല്‍, മുനീര്‍ കോഴിക്കോട് എന്നിവരാണ് റാശിദിന് പരിശീലനം നല്‍കുന്നത്. അറബന, ദഫ് മുട്ട് മത്സരങ്ങളിലെ പരിശീലകന്‍ കൂടിയായ ഈ വിദ്യാര്‍ഥിയുടെ ടീമുകള്‍ സ്‌കൂള്‍, കോളജ് കലോത്സവങ്ങളില്‍ വിജയവുമായാണ് മടങ്ങാറുള്ളത്. ക്യാമ്പസ് കലാപ്രതിഭയും റാശിദാണ്.

മനം കുളിര്‍പ്പിച്ച് ഖവാലി
Genaral Kawali - Manjer 1i copyപുത്തനത്താണി: കണ്ണിനും കാതിനും നവ്യാനുഭവമേകി എസ് എസ് എഫ് സാഹിത്യോത്സവിലെ പുതിയതായി ഉള്‍പ്പെടുത്തിയ ഖവാലി മത്സരം ശ്രദ്ധേയമായി. പ്രവാചകന്‍മാരുടെയും മഹാന്‍മാരെയും പ്രകീര്‍ത്തിച്ച് പാടുന്ന സൂഫി സംഗീതമാണ് ഖവാലി. പുത്തനത്താണിയില്‍ രണ്ടാം ദിവസം നടന്ന ഖവാലി മത്സരം കാണാന്‍ വേദി രണ്ടില്‍ രാത്രി പതിനൊന്ന് മണിക്കും ശ്രോദാക്കളുടെ വന്‍ തിരക്കായിരുന്നു. ദഫ് മുട്ടിന് അകമ്പടിയോടെയായിരുന്നു മത്സരം. പ്രവാചകന്‍മാരുടെയും അജ്മീര്‍ ഖാജ, മുഹ് യുദ്ദീന്‍ ചിശ്തി എന്നീ മഹാന്‍മാരുടെ പ്രകീര്‍ത്തനങ്ങളായിരുന്നു അവതരിപ്പിച്ചത്. സാഹിത്യോത്സവ് മത്സരത്തില്‍ പുതുതായി ഉള്‍പ്പെടുത്തിയ ഖവാലി മത്സരം നവ്യാനുഭവമുണ്ടാക്കിയെന്നും നല്ല നിലവാരം പുലര്‍ത്തിയെന്നും മത്സരം വിധി നിര്‍ണയിച്ച പി എം ഇബ്‌റാഹിം കുട്ടി മാസ്റ്റര്‍ കൊടുമുടി, മുഹമ്മദ് പറവൂര്‍ എന്നിവര്‍ പറഞ്ഞു. മഞ്ചേരി ഡിവിഷനിലെ ബായിസും സംഘവും അവതരിപ്പിച്ച ഖവാലി ഒന്നാം സ്ഥാനം നേടി. ശിഹാബ് തൂവ്വക്കാട്, ശിഹാബ് കാരാപറമ്പ് എന്നിവരാണ് പരിശീലനം നല്‍കിയത്. താനൂര്‍ ഡിവിഷനിലെ ശഹീംബാബു രണ്ടാം സ്ഥാനവും നിലമ്പൂര്‍ ഡിവിഷനിലെ ശറഫുദ്ദീനും സംഘവും മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

വിധി നിര്‍ണയിച്ചത് പ്രമുഖര്‍
OM Karuvarakundu,PTM Anakkara copyപുത്തനത്താണി: മത്സരങ്ങള്‍ക്ക് വിധി നിര്‍ണയിക്കാനെത്തിയത് പ്രമുഖരുടെ നീണ്ട നിര. സംസ്ഥാന സ്‌കൂള്‍ കലോത്സവം, റിയാലിറ്റി ഷോ ഉള്‍പ്പെടെയുള്ള മത്സരങ്ങള്‍ക്ക് വിധി കര്‍ത്താക്കളായെത്തുന്ന പ്രശസ്ത മാപ്പിളപ്പാട്ട് ഗാന രചയിതാവ് ഒ എം കരുവാരക്കുണ്ട്, മാപ്പിളപ്പാട്ട് ഗാന രംഗത്ത് നിരവധി വര്‍ഷത്തെ പരിചയവും സ്‌കൂള്‍ കലോത്സവങ്ങളിലെ വിധി കര്‍ത്താക്കളുമായ പി ടി എം ആനക്കര, അബ്ദുല്ല കരുവാരക്കുണ്ട്, ഈ വര്‍ഷത്തെ മികച്ച അധ്യാപകനുള്ള ദേശീയ അവാര്‍ഡ് ജേതാവും ഗാന രചയിതാവുമായ നിയാസ് ചോല, പ്രമുഖ കോളമിസ്റ്റ് ഒ എം തരുവണ, അബൂ മുഫീദ, പി ടി റശീദ്, ഹംസ മാസ്റ്റര്‍ എന്നിവരടങ്ങിയ വന്‍ നിരയാണ് വിധികര്‍ത്താക്കളായുണ്ടായിരുന്നത്. വിദ്യാര്‍ഥികളുടെ കലാപ്രകടനങ്ങള്‍ മികച്ച നിലവാരം പുലര്‍ത്തിയതായി ഒ എം കരുവാരക്കുണ്ട് പറഞ്ഞു. സംഘാടനവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഓരോ വര്‍ഷവും സാഹിത്യോത്സവില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
താളവും ശ്രുതിയുമെല്ലാം വിദ്യാര്‍ഥികള്‍ കാര്യമായെടുക്കുന്നതിലേക്ക് എത്തിയതായി ഒ എം തരുവണ അഭിപ്രായപ്പെട്ടു. പ്രതിഭകള്‍ക്ക് മത്സരിക്കാന്‍ തുടര്‍ച്ച ലഭിക്കണം. രചനാ മത്സരങ്ങളില്‍ ഇനിയും മുന്നേറേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ വായിക്കുന്നത് ഇബ്‌റാഹിം ബാദുഷ
HS News Reading- Ibrahi Badusha TV , U Citty copyപുത്തനത്താണി: വാര്‍ത്തകള്‍ വായിക്കുന്നത് ഇബ്‌റാഹിം ബാദുഷ ടി വി. പ്രധാന വാര്‍ത്തകള്‍…… മൈക്കിലൂടെ വാര്‍ത്ത വായിക്കുന്നത് കേട്ട് ആളുകള്‍ വേദികള്‍ക്ക് മുന്നില്‍ തടിച്ച് കൂടി. അപ്പോഴാണറിയുന്നത് സാഹിത്യോത്സവിലെ മത്സര വിഭാഗമായ ന്യൂസ് റീഡിംഗ് മത്സരമാണിതെന്ന്. ഈ വര്‍ഷം ആദ്യമായി ഉള്‍പ്പെടുത്തിയ മത്സര ഇനമാണ് ഹൈസ്‌കൂള്‍ വിഭാഗം ന്യൂസ് റീഡിംഗ്. ആദ്യ മത്സരത്തില്‍ തന്നെ വിജയിയാകാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് യൂനിവേഴ്‌സിറ്റി ഡിവിഷനിലെ ഇബ്‌റാഹിം ബാദുഷ. പരപ്പനങ്ങാടി തഅ്‌ലീമിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ ബാദുഷ സ്‌കൂള്‍ അസംബ്ലിയില്‍ വാര്‍ത്ത വായിച്ചതിന്റെ അനുഭവവുമായാണ് സാഹിത്യോത്സവിനെത്തിയത്.

 

പോയിന്റ് നില
………………………
തിരൂരങ്ങാടി 524
മഞ്ചേരി 427
കൊണ്ടോട്ടി 407
താനൂര്‍ 287
കോട്ടക്കല്‍ 280
അരീക്കോട് 267
മലപ്പുറം 267
നിലമ്പൂര്‍ 242
യൂ.സിറ്റി 235
വളാഞ്ചേരി 220
പൊന്നാനി 216
തിരൂര്‍ 189
വണ്ടൂര്‍ 186
പെരിന്തല്‍മണ്ണ 159

 

ഇവര്‍ കലാ പ്രതിഭകള്‍
……………………………………………………………..
മുഹമ്മദ് മുബശിര്‍ എന്‍ മലപ്പുറം
(എച്ച് എസ് ആന്‍ഡ് ഓവറോള്‍)
മുഹമ്മ് ബിശര്‍ തിരൂരങ്ങാടി
(സബ് ജൂനിയര്‍)
മുഹമ്മദ് സ്വഫ്‌വാന്‍ തിരൂരങ്ങാടി
(ജൂനിയര്‍)
അജ്മല്‍ മലപ്പുറം
(എച്ച് എസ് എസ്)
ശഹീന്‍ ബാബു താനൂര്‍
(സീനിയര്‍)
റശീദ് സി കെ മലപ്പുറം
(ക്യാമ്പസ്)

Latest