ട്രോളിംഗ് കഴിഞ്ഞിട്ടും ചാകര ഇല്ലാതെ തീരങ്ങള്‍

Posted on: August 24, 2015 9:29 am | Last updated: August 24, 2015 at 9:29 am
SHARE

പരപ്പനങ്ങാടി: ട്രോളിംഗ് നിരോധനത്തിന് ശേഷം ചാകര പ്രതീക്ഷിച്ച് കടലിലിറങ്ങിയ മത്സ്യതൊഴിലാളികള്‍ക്ക് നിരാശ മാത്രം. ട്രോളിംഗ് നിരോധനത്തിനുശേഷം രണ്ടാഴ്ച പിന്നിട്ടെങ്കിലും ഒരൊറ്റ ദിവസം പോലും കണ്‍കുളിര്‍മ്മ നല്‍കുന്ന കോള് മത്സ്യബന്ധബോട്ടുകള്‍ക്ക് ലഭിച്ചില്ല.

ട്രോളിംഗിന് ശേഷം ലഭിക്കേണ്ട കല്ലന്‍ കൂന്തള്‍ ഇത്തവണ ഇതുവരെയും വലിയില്‍ കുരുങ്ങിയിട്ടില്ല. അയലചെമ്പാനും, പുതിയാപ്ലക്കോരയുമാണ് ലഭിക്കുന്നത്. ഇതിന് കൊട്ടക്ക് 1000ല്‍ താഴെയാണ് വില. ഒരു തവണ മത്സ്യബന്ധനം കഴിഞ്ഞെത്തുന്ന ബോട്ടില്‍ മുപ്പത് കൊട്ട മീനാണുണ്ടാകുക. ഇതു പ്രകാരം 30000 രൂപയാണ് രണ്ട് ദിവസം കടലില്‍ കിടന്ന് മത്സ്യബന്ധനം കഴിഞ്ഞ് നങ്കൂരമിടുന്ന ബോട്ടുകള്‍ക്ക് ലഭിക്കുന്ന വരുമാനം. എന്നാല്‍ ഇവരുടെ ചെലവ് 25000രൂപയോളം വരും. 30 ലിറ്റര്‍ ഡീസലിന് മാത്രം 20000 രൂപക്കടുത്ത് ചെലവുണ്ട്. ഐസ്, റേഷന്‍, കൂലി എന്നിവ കൂട്ടുമ്പോള്‍ കാല്‍ ലക്ഷമാണ് ഒരു തവണ കടലില്‍ പോയി വരാനുള്ള ചെലവ്.
വന്‍ബാധ്യത നേരിടേണ്ടി വരുന്നതിനാല്‍ പലബോട്ടുകളും മത്സ്യബന്ധനത്തിന് കടലിലിറങ്ങുന്നത് താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. കട്ട്ല്‍ ഫിഷ് എന്ന് അറിയപ്പെടുന്ന കല്ലന്‍ കൂന്തള്‍ ഗണ്യമായി ലഭിക്കുമ്പോള്‍ മാത്രമാണ് കാര്യമായ നേട്ടം മത്സ്യതൊഴിലാളികള്‍ക്ക് ഉണ്ടാകുക. തൊട്ടുപിന്നാലെ നീളന്‍ കൂന്തളും, സൂചി കൂന്തളും ലഭിക്കണം. എന്നാല്‍ ഒരിനത്തില്‍ പെട്ട കൂന്തളും ഇതുവരെ ഒരൊറ്റ ബോട്ടുകള്‍ക്കും കാര്യമായി ലഭിച്ചിട്ടില്ല. ഇന്ധനചെലവ് പോലും തിരിച്ചുകിട്ടാതെയാണ് ഓരോ ദിവസത്തെ മത്സ്യബന്ധനവും പൂര്‍ത്തിയാകുന്നത്. ട്രോളിംഗ് നിരോധന കാലയളവില്‍ വറുതിക്കും, ദുരിതത്തനും സമാനമായ സാഹചര്യമാണ് ഇപ്പോഴും മത്സ്യതൊഴിലാളികള്‍ നേരിടുന്നത്.
വന്‍ തുക മുടക്കി അറ്റകുറ്റപണികള്‍തീര്‍ത്തും നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയും കടലിലിറക്കിയ ബോട്ടുകള്‍ കാലിയായ വലകളുമായി തിരിച്ചുകയറുന്നത് ബോട്ടുടമകളുടെ നെഞ്ചിടിപ്പ് കൂട്ടുകയാണ്. പലിശക്ക് പണമെടുത്തും വസ്തുവകകള്‍ പണയപ്പെടുത്തിയുമാണ് ബോട്ടുകള്‍ അറ്റകുറ്റപണി തീര്‍ത്തത്. ട്രോളിംഗിനു ശേഷമുള്ള മത്സ്യസമൃദ്ധി മുന്നില്‍ കണ്ടായിരുന്നു ബോട്ടുടമകള്‍ പണം വായ്പക്കെടുത്തത്. കടമെടുത്ത പണം തിരിച്ചടക്കാനാകുന്നില്ലെന്ന് മാത്രമല്ല ഓരോ ദിവസവും വന്‍ സാമ്പത്തിക ബാധ്യത ഏറ്റെടുക്കേണ്ടിവരുന്ന സ്ഥിതിയാണ് ബോട്ടുടമകള്‍ക്കുള്ളത്.