ജയിക്കാന്‍ 413; ലങ്ക പതറുന്നു

Posted on: August 24, 2015 6:00 am | Last updated: August 24, 2015 at 9:14 am
SHARE
രാഹാനയുടെ റിവേഴ്‌സ് സ്വീപ്പ്‌
രാഹാനയുടെ റിവേഴ്‌സ് സ്വീപ്പ്‌

കൊളംബോ: ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് 413 റണ്‍സിന്റെ രണ്ടാം ഇന്നിംഗ്‌സ് ലീഡ്. രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യ എട്ടിന് 325 റണ്‍സെന്ന നിലയില്‍ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തു. ഒരു ദിവസം കൂടി ബാക്കിനില്‍ക്കെ ജയിക്കാന്‍, വന്‍ സ്‌കോര്‍ മുന്നിലുള്ള ലങ്ക രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 72 റണ്‍സെടുത്തിട്ടുണ്ട്. എട്ട് വിക്കറ്റുകള്‍ ശേഷിക്കേ അവര്‍ക്ക് ജയിക്കാന്‍ 341 റണ്‍സ് കൂടി വേണം. കുശാല്‍ സില്‍വ (ഒന്ന്)യും കരിയറിലെ അവസാന ഇന്നിംഗ്‌സിനിറങ്ങിയ കുമാര്‍ സംഗക്കാര (18)യുമാണ് പുറത്തായത്. സില്‍വയെ അശ്വിന്റെ പന്തില്‍ ബിന്നി പിടിച്ചപ്പോള്‍ സങ്കക്കാരയെ അശ്വിന്‍ മുരളി വിജയിന്റെ കൈകളിലെത്തിച്ചു. 25 റണ്‍സുമായി ദിമുത് കരുണരത്‌നയും 23 റണ്‍സെടുത്ത എയ്ഞ്ചലോ മാത്യൂസുമാണ് ക്രീസില്‍.
അജിക്യ രഹാനെയുടെ തകര്‍പ്പന്‍ സെഞ്ച്വറിയും (126), ഓപണര്‍ മുരളി വിജയ്‌യുടെ അര്‍ധ ശതകവുമാണ് (82) ഇന്ത്യക്ക് രണ്ടാം ഇന്നിംഗ്‌സില്‍ മികച്ച ലീഡ് നേടിക്കൊടുത്തത്. ഒരു വിക്കറ്റിന് 70 റണ്‍സ് എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യക്ക് വേണ്ടി മുരളി വിജയ്- രഹാനെ സഖ്യം രണ്ടാം വിക്കറ്റില്‍ 140 റണ്‍സ് കൂട്ടിച്ചേര്‍ത്തു. മുരളി വിജയ് പുറത്തായതിന് പിന്നാലെ എത്തിയ നായകന്‍ വിരാട് കോലി (10) തരിന്ദു കുശാലിന്റെ പന്തില്‍ വിക്കറ്റിന് മുമ്പില്‍ കുരുങ്ങി വേഗത്തില്‍ മടങ്ങി. എന്നാല്‍ നാലാം വിക്കറ്റില്‍ രോഹിത് ശര്‍മ (34) രഹാനക്ക് മികച്ച പിന്തുണ നല്‍കി. രഹാനെ സെഞ്ച്വറി തികച്ചതോടെ ഇന്ത്യയുടെ ലീഡ് 300 ഉം കടന്നു.
4-ന് 256 എന്ന സ്‌കോറില്‍ നില്‍ക്കെ രോഹിതിനെയും തൊട്ടുപിന്നാലെ രഹാനെയെയും കുശാല്‍ തന്നെ മടക്കി. 243 പന്തില്‍ പത്ത് ബൗണ്ടറികളടങ്ങുന്നതായിരുന്നു രഹാനെയുടെ ഇന്നിംഗ്‌സ്. സ്റ്റുവര്‍ട്ട് ബിന്നി (17), അശ്വിന്‍ (19), മിശ്ര (10) ഉം റണ്‍സെടുത്തു. വൃദ്ധിമാന്‍ സാഹ (13) ഉമേഷ് യാദവ് നാലും റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ധമ്മിക പ്രസാദും തരിന്ദു സില്‍വയും നാല് വീതം വിക്കറ്റുകളെടുത്തു. ഒന്നാം ടെസ്റ്റിലേറ്റ അപ്രതീക്ഷിത തോല്‍വിയുടെ നാണക്കേടൊഴിവാക്കാന്‍ ഈ മത്സരത്തില്‍ ഇന്ത്യക്ക് ജയിച്ചേ തീരൂ എന്നാല്‍, ഇതിഹാസ താരം കുമാര്‍ സങ്കക്കാരക്ക് തോല്‍വിയോടെയുള്ള വിടവാങ്ങല്‍ ഒരിക്കലും ലങ്ക ആഗ്രഹിക്കുന്നില്ല. അതിനാല്‍ വിജയിച്ചില്ലെങ്കിലും മത്സരം സമനിലയിലാക്കാന്‍ ലങ്കയും ജയിക്കാന്‍ ഇന്ത്യയും പൊരുതും.