സാഫ് ഗെയിംസ് ഫുട്‌ബോളിന് കേരളം വേദിയാകും

Posted on: August 24, 2015 4:25 am | Last updated: August 24, 2015 at 4:25 am
SHARE

കോഴിക്കോട്: സാഫ് ഗെയിംസ് ഫുട്‌ബോള്‍ മത്സരങ്ങള്‍ കേരളത്തില്‍ നടക്കുമെന്ന് കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ എം ഐ മേത്തര്‍. വേദിയുടെ കാര്യത്തില്‍ ഉടന്‍ പ്രഖ്യാപനമുണ്ടാകുമെന്നും കോഴിക്കോടിനെ മത്സരവേദിയായി പരിഗണിക്കാനാകില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കൊച്ചിയോ തിരുവനന്തപുരമോ പരിഗണിക്കും. കോഴിക്കോടിനെ വേദിക്കായി പരിഗണിച്ചെങ്കിലും ഇവിടെ മത്സരം നടത്താന്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളില്ല.
എട്ട് ടീമുകള്‍ പങ്കെടുക്കുന്ന മത്സരത്തില്‍ പരിശീലനത്തിനാവശ്യമായ നാല് ഗ്രൗണ്ടുകള്‍ ആവശ്യമുണ്ട്. കൂടാതെ, ഇരിപ്പിട സൗകര്യങ്ങളും ഒരുക്കണം. കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയം മത്സരങ്ങള്‍ക്ക് സജ്ജമാണെങ്കിലും അന്തര്‍ദേശീയ മത്സരങ്ങള്‍ക്ക് പര്യാപ്തമല്ല. ഡിസംബറിനകം സൗകര്യങ്ങള്‍ ഒരുക്കിയാലേ മത്സരങ്ങള്‍ നടത്താന്‍ സാധിക്കുകയുള്ളൂ. എന്നാല്‍, ചുരുങ്ങിയ കാലയളവില്‍ ഇത്ര വലിയ സൗകര്യങ്ങള്‍ ഒരുക്കുക അസാധ്യമാണ്. 2017ല്‍ കൊച്ചിയില്‍ അണ്ടര്‍ 17 ലോകകപ്പിന് വേദി അനുവദിച്ചിട്ടുണ്ടെങ്കിലും 12 കോടിയോളം രൂപ ചെലവിട്ട് സ്റ്റേഡിയം നവീകരിച്ചാലേ മത്സരത്തില്‍ അന്തിമ തീരുമാനം എടുക്കാനാവൂ.
കോഴിക്കോട്ട് അന്തര്‍ദേശീയ ഫുട്‌ബോള്‍ ടൂര്‍ണമെന്റുകള്‍ നടത്തുന്നതിന് തടസ്സമില്ലെന്നും ഇക്കാര്യത്തില്‍ ആവശ്യമായ എല്ലാ സൗകര്യങ്ങളും കെ എഫ് എ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. ജനുവരിയില്‍ നാഗ്ജി ടൂര്‍ണമെന്റ് നടത്താന്‍ ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തണം. ഫെഡറേഷന്‍ കപ്പ്, സന്തോഷ് ട്രോഫി മത്സരങ്ങള്‍ നടത്താന്‍ കോഴിക്കോട് സ്റ്റേഡിയം സജ്ജമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാനതല മത്സരങ്ങളും കോഴിക്കോട്ട് നടത്തും. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മത്സരങ്ങള്‍ വന്നതോടെ കേരള ഫുട്‌ബോളിന് സ്‌പോണ്‍സര്‍ഷിപ്പിന് തടസ്സമില്ല. കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ഗ്രാസ് റൂട്ട് അക്കാദമിക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് സ്റ്റേഡിയം ആവശ്യപ്പെട്ടതായും അദ്ദേഹം അറിയിച്ചു. ഇടക്കാലത്ത് ഇന്ത്യന്‍ ഫുട്‌ബോളിന് തളര്‍ച്ചയുണ്ടായെങ്കിലും പ്രൊഫഷനലിസം കടന്നുവന്നതോടെ ഈ സ്ഥിതി മാറി.
ഐ ലീഗ് മത്സരങ്ങളും ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മത്സരങ്ങളും വലിയ രൂപത്തിലുള്ള മാറ്റം വരുത്തിയിട്ടുണ്ട്. കേരള ഫുട്‌ബോളിന്റെ വളര്‍ച്ച മലബാറിലെ ഫുട്‌ബോളിനെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. കോഴിക്കോട്ടും കണ്ണൂരും ഫുട്‌ബോള്‍ വളര്‍ച്ചയുണ്ടായാല്‍ മാത്രമേ അത് നിലനില്‍ക്കൂ. അടിസ്ഥാന സൗകര്യവികസനമാണ് മലബാര്‍ നേരിടുന്ന പ്രശ്‌നം. കണ്ണൂരില്‍ മത്സരങ്ങള്‍ക്ക് പറ്റിയ നല്ല സ്റ്റേഡിയം ഇല്ല. കോഴിക്കോട് സ്റ്റേഡിയത്തിന് അന്തര്‍ദേശീയ നിലവാരവുമില്ല.
എന്നാല്‍, കൊച്ചിയില്‍ ജനപ്രതിനിധികളുടെ സഹായത്തോടെ കൂടുതല്‍ സ്റ്റേഡിയങ്ങള്‍ നിര്‍മിക്കാന്‍ സാധിക്കുന്നതായും അത്തരത്തിലുള്ള ശ്രമം മലബാറിലുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരള ഫുട്‌ബോളിന്റെ വികസനത്തിന് പുതിയ ഉപദേശക സമിതിയെ നിയോഗിക്കാന്‍ തത്കാലം സാധ്യമല്ലെന്നും അഡ്മിനിസ്‌ട്രേറ്റീവ് പരിചയമാണ് അതിന് ഗുണം ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു.
കെ എഫ് എ പ്രസിഡന്റായി കഴിഞ്ഞ ദിവസമാണ് കെ എം ഐ മേത്തര്‍ ചുമതലയേറ്റത്. കെ എഫ് എ വൈസ് പ്രസിഡന്റും എം എല്‍ എയുമായ എ പ്രദീപ്കുമാര്‍, സെക്രട്ടറി പി ഹരിദാസ്, സി കെ പ്രിയേഷ്‌കുമാര്‍, സി ഉമ്മര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.