20 ബോട്ടുകളിലെത്തിയ 4,000ത്തിലധികം അഭയാര്‍ഥികളെ ഇറ്റലി രക്ഷപ്പെടുത്തി

Posted on: August 24, 2015 6:00 am | Last updated: August 24, 2015 at 1:35 am
SHARE

റോം: 20 ബോട്ടുകളില്‍ സമുദ്രത്തില്‍ കുടുങ്ങിയ 4,400ലധികം അഭയാര്‍ഥികളെ രക്ഷപ്പെടുത്തിയതായി ഇറ്റാലിയന്‍ തീരസംരക്ഷണ സേന. ഒരൊറ്റ ദിവസം ഇത്രയുമധികം ആളുകളെ സുരക്ഷിതമായി കരക്കെത്തിക്കുന്ന അപൂര്‍വം സംഭവങ്ങളില്‍പ്പെട്ടതാണ് ഇതെന്നും അവര്‍ വ്യക്തമാക്കി. 311 പേരാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഉണ്ടായിരുന്നത്. രക്ഷപ്പെടുത്തിയവരില്‍ ദിവസങ്ങള്‍ക്ക് മുമ്പ് പ്രസവിക്കപ്പെട്ട കുഞ്ഞുമുള്‍പ്പെടുന്നു. ആയിരം അഭയാര്‍ഥികളുമായെത്തിയ രണ്ട് ബോട്ടുകള്‍ അപകടകരമായ അവസ്ഥയിലായിരുന്നുവെന്നും രണ്ട് കപ്പലുകള്‍ ഇവരെ രക്ഷപ്പെടുത്തുന്നതിനായി നിയോഗിച്ചിരുന്നതായും സേന കൂട്ടിച്ചേര്‍ത്തു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിടെ ആര്‍ക്കെങ്കിലും പരുക്കേറ്റതായി റിപ്പോര്‍ട്ടില്ല. അഭയാര്‍ഥികളെത്തിയ 14 ബോട്ടുകള്‍ റബ്ബര്‍ നിര്‍മിതമായിരുന്നുവെന്നും അപകടകരമായ സാഹചര്യത്തിലൂടെയാണ് ഇവരുടെ യാത്രയെന്നും റിപ്പോര്‍ട്ടുണ്ട്.