Connect with us

International

50 ഓളം ഇറാഖ് സൈനികരെ ഇസില്‍ തീവ്രവാദികള്‍ വധിച്ചു

Published

|

Last Updated

ബഗ്ദാദ്: ഇറാഖിലെ അന്‍ബാര്‍ പ്രവിശ്യയില്‍ രണ്ട് സ്ഥലങ്ങളിലായി ഇസില്‍ നടത്തിയ പതിയിരുന്നുള്ള ആക്രമണങ്ങളില്‍ നിരവധി സൈനികര്‍ കൊല്ലപ്പെട്ടു. അക്രമണത്തിനു ശേഷം പ്രതിരോധ മന്ത്രി ഖാലിദ് അല്‍ഉബൈദി ബ്രിഗേഡിയര്‍ കമാന്‍ഡറെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു. 50നടുത്ത് സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് പ്രവിശ്യ വിഭാഗം മേധാവികള്‍ അറിയിച്ചു. അന്‍ബാര്‍ പ്രവിശ്യയുടെ തലസ്ഥാനമായ റമാദിക്കടുത്താണ് അക്രമണങ്ങള്‍ നടന്നതെന്ന് പ്രവിശ്യയുടെ പ്രസിഡണ്ട് സബാഹ് അല്‍കര്‍ഹൂത്ത് പറഞ്ഞു.
അക്രമണങ്ങളെക്കുറിച്ച് കൂടുതല്‍ പ്രതികരണങ്ങള്‍ ഇസില്‍, ഇറാഖ് സര്‍ക്കാര്‍ എന്നിവരില്‍ നിന്ന് ഉണ്ടായിട്ടില്ല. റമാദി, ഫലൂജ നഗരമടക്കം അന്‍ബാര്‍ പ്രവിശ്യയുടെ കൂടുതല്‍ ഭാഗവും ഇസില്‍ ഭീകരവാദികളുടെ നിയന്ത്രണത്തിലാണ്. അമേരിക്കന്‍ സര്‍ക്കാറിന്റെ പിന്തുണ ഉണ്ടെങ്കിലും അടുത്ത കാലത്തായി ഭീകരവാദികള്‍ക്കെതിരെയുള്ള ഇറാഖ് സര്‍ക്കാറിന്റെ നടപടികള്‍ മന്ദഗതിയിലാണ്.
ഇന്നലെ അന്‍ബാറിലെത്തിയ പ്രതിരോധ മന്ത്രി, അന്യായമായ നഷ്ടങ്ങള്‍ ഒഴിവാക്കാന്‍ മുന്‍കരുതലെടുക്കണമെന്ന് നിര്‍ദേശിച്ചു. ഈ പ്രസ്താവന ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചതിന് ശേഷമായിരുന്നു ബ്രിഗേഡിയര്‍ കമാന്‍ഡറെ പുറത്താക്കി കൊണ്ടുള്ള ഉത്തരവ് വന്നത്. കൃത്യനിര്‍വഹണത്തില്‍ പരാജായപ്പെട്ടതിനാലാണ് അദ്ദേഹത്തെ പുറത്താക്കിയതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. അന്‍ബാര്‍ പ്രവിശ്യയിലെ ഒരു വിഭാഗം സേനയുടെ തലവനെയാണ് പിരിച്ച് വിട്ടതെങ്കിലും പേര് വെളിപ്പെടുത്തിയിട്ടില്ല. ഇസിലിനെതിരെയുള്ള പോരാട്ടത്തില്‍ വിജയം അനിവാര്യമാണന്ന് ഖാലിദ് അല്‍ ഉബൈദി പറഞ്ഞു. ഇറാഖിലെ മൂന്നിലൊരു ഭാഗത്തിന്റെയും സിറിയയിലെ ചില പ്രദേശങ്ങളുടെയും നിയന്ത്രണം കൈവശമുള്ള ഇസില്‍ ഭീകരവാദികള്‍ സ്വയം പ്രഖ്യാപിത രാജ്യ ഭരണം സ്ഥാപിച്ചിരിക്കുകയാണ്.

---- facebook comment plugin here -----

Latest