മാസിഡോണിയ വഴി യൂറോപ്പിലേക്ക് കുടിയേറ്റക്കാരുടെ ഒഴുക്ക്

Posted on: August 24, 2015 6:00 am | Last updated: August 24, 2015 at 1:34 am
SHARE

ഏഥന്‍സ്: യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കുടിയേറാനായി മാസിഡോണിയ അതിര്‍ത്തി വഴി നൂറുകണക്കിന് പേര്‍ ഒഴുകുന്നതായി റിപ്പോര്‍ട്ട്. മാസിഡോണിയയുടെ അതിര്‍ത്തി വഴി യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കുടിയേറാനുള്ള ശ്രമങ്ങള്‍ നേരത്തെ പോലീസ് ശക്തമായി നേരിട്ടിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് പോലീസ് കുടിയേറ്റക്കാര്‍ക്ക് നേരെ ഗ്രനേഡ് പ്രയോഗിച്ചിരുന്നു. മാസിഡോണിയയില്‍ നിന്ന് സെര്‍ബിയയിലേക്ക് ട്രെയിന്‍ മാര്‍ഗമെത്തി അവിടെ നിന്ന് ഹംഗറി ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് പ്രവേശിക്കാനാണ് കുടിയേറ്റക്കാരുടെ ശ്രമം. തങ്ങള്‍ മനുഷ്യരാണെന്നും യുദ്ധവും സംഘര്‍ഷവും കലുഷിതമാക്കിയ രാജ്യങ്ങളില്‍ നിന്ന് ജീവന് രക്ഷ തേടിയെത്തുന്ന തങ്ങളെ മൃഗങ്ങളെ പോലെ കാണരുതെന്നും കുടിയേറ്റക്കാര്‍ അധികൃതരോട് ആവശ്യപ്പെടുന്നു. ഇപ്പോള്‍ ചെറിയ ചെറിയ സംഘങ്ങള്‍ക്ക് മാസിഡോണിയന്‍ പോലീസ് പ്രവേശനാനുമതി നല്‍കുന്നുണ്ടെന്നും സാഹചര്യം ശാന്തമാണെന്നും ഗ്രീക്ക് അതിര്‍ത്തിയില്‍ നിന്ന് അല്‍ജസീറ ലേഖകന്‍ റിപ്പോര്‍ട്ട് ചെയ്തു. ചെറിയ സംഘങ്ങളായെത്തുന്ന കുടിയേറ്റക്കാരുടെ ഒഴുക്ക് അടുത്തൊന്നും നിലക്കില്ലെന്നാണ് വിദഗ്ധരുടെ കണക്കുകൂട്ടലുകള്‍. നൂറുകണക്കിന് കുടിയേറ്റക്കാര്‍ റെയില്‍ വേ സ്റ്റേഷനുകളില്‍ ട്രെയിന്‍ കാത്തുകിടക്കുകയാണെന്ന് അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.