നെതന്യാഹുവിന്റെ സന്ദര്‍ശനത്തിനെതിരെ ബ്രിട്ടനില്‍ ജനകീയ പ്രതിഷേധം ശക്തമാകുന്നു

Posted on: August 24, 2015 6:00 am | Last updated: August 24, 2015 at 1:31 am
SHARE

images (1)ലണ്ടന്‍: 2014ലെ കിരാതമായ ഗാസ ആക്രമണത്തിന്റെ പേരില്‍ ഇസ്‌റാഈല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബ്രിട്ടനില്‍ നടക്കുന്ന ഒപ്പ് ശേഖരണം ഒരു ലക്ഷത്തോടടുക്കുന്നു. ഈ വിഷയം ബ്രിട്ടീഷ് പാര്‍ലിമെന്റ് ചര്‍ച്ച ചെയ്യണമെങ്കില്‍ ഒരു ലക്ഷം പേരുടെ അനുകൂല ഒപ്പ് ആവശ്യമാണ്. അടുത്ത മാസം ബ്രിട്ടന്‍ സന്ദര്‍ശിക്കാനുള്ള നെതന്യാഹുവിന്റെ തീരുമാനത്തിന് മുന്നോടിയായി ദാമിയന്‍ മോറന്‍ എന്ന വ്യക്തിയാണ് ഓണ്‍ലൈന്‍ വഴി പരാതി നല്‍കിയത്. ആഗോള നീതിന്യായ വ്യവസ്ഥയിലെ നിയമങ്ങള്‍ മൂലം നെതന്യാഹുവിനെ അറസ്റ്റ് ചെയ്യപ്പെടുമെന്ന് താന്‍ വിശ്വസിക്കില്ലെന്ന് അദ്ദേഹം ആശങ്കപ്പെട്ടു. നെതന്യാഹു ബ്രിട്ടന്‍ സന്ദര്‍ശിക്കുന്നതിനെ എതിര്‍ക്കുന്ന ലക്ഷങ്ങള്‍ ഇവിടെയുണ്ടെന്ന് ഈ ഒപ്പ് ശേഖരണം സന്ദേശം നല്‍കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ മാസം ഏഴിനാണ് നെതന്യാഹുവിന്റെ സന്ദര്‍ശനത്തിനെതിരെ ഒപ്പ് ശേഖരണം തുടങ്ങിയത്. ഇതിനകം 76,000 പേര്‍ ഇതിന് അനുകൂലമായി ഒപ്പ് രേഖപ്പെടുത്തി. സര്‍ക്കാറില്‍ നിന്ന് ഔപചാരിക പ്രതികരണം ലഭിക്കണമെങ്കില്‍ ഇതിന്റെ എണ്ണം ഒരു ലക്ഷമാകണം.
51 ദിവസം നീണ്ടുനിന്ന ഗാസയിലെ ഇസ്‌റാഈല്‍ വ്യോമാക്രമണത്തില്‍ 2,200ലധികം ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായും ഇവരില്‍ ഭൂരിപക്ഷവും സാധാരണക്കാരായിരുന്നുവെന്നും ദാമിയന്‍ മോറന്‍ ചൂണ്ടിക്കാട്ടുന്നു. 2014ലെ മനുഷ്യക്കുരുതിയുടെ പേരില്‍ ലണ്ടനില്‍ എത്തുന്ന അദ്ദേഹത്തെ അന്താരാഷ്ട്ര നിയമങ്ങളുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്യണമെന്ന് ക്യാമ്പയിനിന്റെ ഭാഗമായി നല്‍കുന്ന സന്ദേശത്തിന്റെ ആദ്യഭാഗത്ത് വ്യക്തമാക്കുന്നു. മാഞ്ചെസ്റ്റര്‍ സ്വദേശിയായ ദാമിയന്‍ മോറന്‍, ഈ ക്യാമ്പയിന്‍ കൊണ്ട് എന്തെങ്കിലും ഉപകാരം ഉണ്ടാകുമോ എന്ന കാര്യത്തില്‍ പ്രതീക്ഷ ഇല്ലാത്ത വ്യക്തിയാണ്. ഇസ്‌റാഈലിന്റെ സൈനിക അതിക്രമങ്ങള്‍ക്കെതിരെ ഇത് ഒരു മുന്നറിയിപ്പെങ്കിലും ആകുമെന്നാണ് പ്രതീക്ഷ. ബ്രിട്ടനിലെ രാഷ്ടീയക്കാര്‍ ഇസ്‌റാഈലിനെ പിന്തുണക്കുന്നവരാണ്. പ്രധാനമന്ത്രി ഡേവിഡ് കാമറൂണും അതുപോലെ ഇസ്‌റാഈല്‍ അനുകൂലിയാണ്. ഇസ്‌റാഈലുമായി പുതിയ ആയുധ കരാറില്‍ ബ്രിട്ടന്‍ എത്തിയിരിക്കുകയാണ്. ഗാസ യുദ്ധത്തില്‍ ഫലസ്തീനികള്‍ക്കെതിരെ പ്രയോഗിച്ചത് ബ്രിട്ടന്‍ നല്‍കിയ ആയുധങ്ങളാണെന്ന് പോലും സംശയിക്കുന്നുണ്ട്. ആര്‍ക്ക് വേണ്ടിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഇവിടുത്തെ ജനങ്ങള്‍ക്ക് അറിയേണ്ട. 6.3 മില്യണ്‍ ഡോളറിന്റെ ആയുധക്കരാറാണ് ഇസ്‌റാഈലും ബ്രിട്ടനും തമ്മില്‍ നടന്നിരിക്കുന്നത്. ഇസ്‌റാഈലിന് ആയുധം വില്‍ക്കുന്നതിനുള്ള എല്ലാ തടസ്സങ്ങളും ഈ വര്‍ഷം ജൂലൈയില്‍ ബ്രിട്ടന്‍ എടുത്തുകളഞ്ഞു- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.