Connect with us

National

രാഹുലിന്റെ കുടുംബം ഭൂമി തട്ടിപ്പ് നടത്തിയെന്ന് സ്മൃതി ഇറാനി

Published

|

Last Updated

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കടന്നാക്രമിച്ച് ബി ജെ പി നേതാവും കേന്ദ്ര മാനവവിഭവ ശേഷി മന്ത്രിയുമായ സ്മൃതി ഇറാനി രാഹുലിന്റെ മണ്ഡലമായ അമേഠിയില്‍. സൈക്കിള്‍ ഫാക്ടറിക്കായി നീക്കിവെച്ച ഭൂമി രാഹുലിന്റെ കുടുംബത്തിന്റെ നേതൃത്വത്തിലുള്ള ട്രസ്റ്റിന് വിട്ടതില്‍ വന്‍ തട്ടിപ്പുണ്ടെന്ന് സ്മൃതി ഇറാനി ആരോപിച്ചു.
എന്നാല്‍ മന്ത്രിയുടെ ആരോപണം അടിസ്ഥാനരഹിതവും വിചിത്രവുമാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. രാഹുല്‍ കള്ളത്തരം പറയുന്നയാളാണ്. അമേത്തിയുടെ വികസനത്തിനായി അദ്ദേഹം ഒന്നും ചെയ്തിട്ടില്ല. പകരം കര്‍ഷകരുടെ ഭൂമി തട്ടിയെടുക്കുകയാണ് ചെയ്തത്.
സാമ്രാട്ട് സൈക്കിള്‍ ഫാക്ടറിക്കായി അക്വയര്‍ ചെയ്ത 65 ഏക്കര്‍ ഭൂമി രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റിന് വിറ്റത് ഫെബ്രുവരി 24നാണ്. ഈ ഇടപാട് ക്രമപ്രകാരമല്ല. നരേന്ദ്ര മോദി കള്ളത്തരം പറയുന്നയാളല്ല. കര്‍ഷകരുടെ 65 ഏക്കര്‍ ഭൂമി കവര്‍ന്നു കൊണ്ട് രാഹുല്‍ താന്‍ കള്ളനാണെന്ന് തെളിയിച്ചുവെന്ന് സ്മൃതി ഇറാനി ആരോപിച്ചു.
എണ്‍പതുകളിലാണ് സൈക്കിള്‍ ഫാക്ടറി ഏറ്റെടുത്തത്. ഫാക്ടറി വന്നോ? ആര്‍ക്കെങ്കിലും ഭൂമി ലഭിച്ചോ? ഈ ഭൂമി ഇന്ന് എവിടെപ്പോയി? അത് സ്റ്റാമ്പ് പേപ്പറിലുണ്ട്. രാജീവ് ഗാന്ധി ട്രസ്റ്റിന്റെ പേരില്‍- ഇങ്ങനെ പോകുന്നു സ്മൃതി ഇറാനിയുടെ പ്രസംഗം. എന്നാല്‍ കോണ്‍ഗ്രസ് ഈ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞു. പരസ്പരബന്ധമില്ലാത്ത കാര്യങ്ങളാണ് സ്മൃതി ഇറാനി പറയുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് അഭിഷേക് മനു സിംഘ്‌വി പറഞ്ഞു.
സാമ്രാട്ട് സൈക്കിള്‍ ഫാക്ടറി പൂട്ടിയതും കോടതി ഉത്തരവ് പ്രകാരം, നിയമപരമായ ലേലത്തിലൂടെ ഭൂമി വാങ്ങിയതും തമ്മില്‍ എന്ത് ബന്ധമാണ് ഉള്ളതെന്ന് മനസ്സിലാകുന്നില്ല.
ഒരു കേന്ദ്ര മന്ത്രി ഇത്തരം വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്- അദ്ദേഹം പറഞ്ഞു.

Latest