Connect with us

Kerala

ആഘോഷങ്ങളില്‍ കാവിവത്കരണമെന്ന്; പ്രതിരോധിക്കാന്‍ ജനകീയ ഇടപെടലുമായി സി പി എം

Published

|

Last Updated

കണ്ണൂര്‍: ആഘോഷങ്ങളുടെ കാവിവത്കരണം തടയുമെന്ന ലക്ഷ്യം മുന്‍നിര്‍ത്തി സി പി എം പോഷകസംഘടനകള്‍ ഇക്കുറിയും ഗുരുജയന്തി -ഓണാഘോഷങ്ങള്‍ സംസ്ഥാന വ്യാപകമായി നടത്തുന്നു. കഴിഞ്ഞ വര്‍ഷം കണ്ണൂരില്‍ തുടങ്ങിയ ആഘോഷപരിപാടികളാണ് എല്ലാ ജില്ലകളിലും പാര്‍ട്ടി പിന്തുണയോടെ നടത്തുക. എസ് എന്‍ ഡി പി യൂനിയന്‍ സംഘ്പരിവാര്‍ സംഘടനകളുമായി അടുക്കുന്നുണ്ടെന്ന പ്രചാരണം ശക്തമായതിന്റെ പശ്ചാത്തലത്തിലും ശ്രീകൃഷ്ണ ജയന്തിയുള്‍പ്പെടെയുള്ള ആഘോഷങ്ങളില്‍ ഇടതു മേഖലയില്‍ നിന്നുള്‍പ്പടെ കൂടുതല്‍ പേരെ പങ്കെടുപ്പിക്കാനുള്ള സംഘപരിവാര്‍ നീക്കങ്ങള്‍ക്കെതിരെയുമെല്ലാമുള്ള ബോധവത്കരണമെന്ന നിലയിലാണ് കക്ഷിരാഷ്ട്രീയത്തിനപ്പുറം ജനങ്ങളെ അണിനിരത്തി ഡി വൈ എഫ് ഐ, ജനാധിപത്യ മഹിളാ അസോസിയേഷന്‍, പുരോഗമന കലാസാഹിത്യസംഘം എന്നിങ്ങനെയുള്ള വിവിധ സംഘടനകള്‍ രംഗത്തിറങ്ങുന്നത്.
പാര്‍ട്ടിയുടെ എല്ലാ ലോക്കല്‍ തലങ്ങളിലും പരിപാടികള്‍ക്ക് ഈ മാസം മുതല്‍ തുടക്കമിടുന്നത്. ആഘോഷ പരിപാടികള്‍ സെപ്തംബര്‍ ആറ് വരെ നീളും. ആഘോഷങ്ങളുടെ ഭാഗമായി എല്ലാ കേന്ദ്രങ്ങളിലും ഇടതുപക്ഷ സാംസ്‌കാരിക പ്രവര്‍ത്തകരുടെ പ്രഭാഷണങ്ങളും സാംസ്‌കാരിക സംഗമങ്ങളും ഘോഷയാത്രകളുമുണ്ടാകും. 200 കേന്ദ്രങ്ങളില്‍ പരിപാടികള്‍ നടത്താനാണ് തീരുമാനം. ക്ലബ്ബുകളെയും സാംസ്‌കാരിക സംഘടനകളെയും വായനശാലകളെയുമെല്ലാമുള്‍പ്പെടുത്തി ശ്രീനാരായണ ഗുരുജയന്തി ദിനമായ 30 മുതല്‍ ശ്രീകൃഷ്ണ ജയന്തി ദിനമായ സെപ്തംബര്‍ അഞ്ച് വരെയാണ് ഘോഷയാത്രകള്‍ നടക്കുക. എല്ലാ ഘോഷയാത്രകളിലും പാര്‍ട്ടി അനുഭാവികള്‍ക്ക് പുറമെ എല്ലാ വിഭാഗത്തിലുള്ളവരെയും പങ്കെടുപ്പിക്കും. സംഘപരിവാര്‍ ആഭിമുഖ്യമുള്ള ബാലഗോകുലം നടത്തുന്ന ശ്രീകൃഷ്ണജയന്തി ദിനത്തില്‍ ശോഭായാത്ര നടക്കുന്ന ദിവസത്തിലാണ് ഘോഷയാത്രകള്‍ നടക്കുക.
കേരളത്തില്‍ ജാതിയുടെയും സാമുദായികതയുടെയും പേരില്‍ വിള്ളല്‍ വീഴ്ത്താനുള്ള ആസൂത്രിത ശ്രമം അരങ്ങേറുന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു പ്രതിരോധ പ്രവര്‍ത്തനം നടക്കുന്നതെന്നാണ് സംഘാടകരുടെ വിശദീകരണം. ഒഴിവുവേളകള്‍ ഉത്സവമാക്കാനുള്ള തത്രപ്പാടില്‍ യുവാക്കള്‍ക്കിടയില്‍ മദ്യപാനവും ചൂതാട്ടവും വര്‍ധിച്ചുവരുന്നതിനെതിരെയുള്ള ശക്തമായ ബോധവത്കരണം കൂടി പരിപാടി ലക്ഷ്യമിടുന്നുണ്ട്. ഇതുകൂടാതെ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളില്‍ ഇടതുപക്ഷ അനുഭാവമുള്ളവരുടെ കൂടി പങ്കാളിത്തം ശക്തമാക്കാന്‍ സംഘപരിവാര്‍ സംഘടനകള്‍ നടത്തുന്ന ശ്രമത്തിനെതിരായുള്ള പ്രവര്‍ത്തനം കൂടിയാണ്. ക്ഷേത്ര നിര്‍മാണത്തെ പ്രോത്സാഹിപ്പിക്കരുതെന്നും പണം പിരിച്ച് പള്ളിക്കൂടങ്ങള്‍ കെട്ടാനാണ് ഉത്സാഹിക്കേണ്ടതെന്നുമുള്ള സന്ദേശം നല്‍കിയ ഗുരുവിന്റെ പേരിലുള്ള പ്രസ്ഥാനത്തെ ക്ഷേത്ര നിര്‍മാണത്തിന്റെ പേരില്‍ അയോധ്യയിലടക്കം ചോരപ്പുഴയൊഴുക്കിയ പ്രസ്ഥാനത്തിന്റെ വാലാക്കി മാറ്റുന്നത് തടയാന്‍ കൂടിയാണ് ഗുരുജയന്തി ആഘോഷങ്ങള്‍ നടത്തുന്നതെന്ന് ഇതുസംബന്ധിച്ച് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നുണ്ട്.
സ്വാമി വിവേകാനന്ദന്റെ മുന്നില്‍ കേരളത്തെ ഭ്രാന്താലയാവസ്ഥയില്‍ നിര്‍ത്തിയത് ജാതി മേധാവിത്വത്തിന്റെ പഴയ വര്‍ണാശ്രമ ശക്തികളാണെന്നും അതേ ശക്തിയുടെ മതഭ്രാന്തിന്റെ അകത്തളങ്ങളിലേക്ക് ഗുരുവിന്റെ ശിഷ്യരെ കൊണ്ടെത്തിക്കാനുള്ള ശ്രമമാണ് ചിലര്‍ നടത്തുന്നതെന്നും സി പി എം സംഘടനകള്‍ പുറത്തിറക്കിയ ലഘുലേഖയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. കഴിഞ്ഞ വര്‍ഷവും സി പി എം നേതൃത്വത്തില്‍ ചതയ ദിനാഘോഷവും മറ്റും സംഘടിപ്പിച്ചിരുന്നുവെങ്കിലും ആദ്യമായാണ് ഒരാഴ്ചയിലധികം നീണ്ടുനില്‍ക്കുന്ന വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

Latest