Connect with us

Kerala

പുകയില ഉത്പന്നങ്ങളുടെ നിരോധനം കടസാലില്‍ തന്നെ

Published

|

Last Updated

കൊച്ചി: പാന്‍മസാല -പുകയില ഉത്പ്പന്നങ്ങളുടെ നിരോധനം ഇപ്പോഴും പ്രഹസനമായി തുടരുന്നു. 2012 മുതല്‍ സംസ്ഥാനത്ത് പാന്‍പരാഗ്,ഹാന്‍സ് പോലുള്ള പുകയില ഉത്പ്പന്നങ്ങള്‍ വില്‍പന നടത്തുന്നത് നിരോധിച്ചെങ്കിലും ഇവ വിപണിയില്‍ സുലഭമാണ്. സ്‌കൂള്‍ പരിസരങ്ങളിലുള്ള പുകയില മദ്യം-മയക്കുമരുന്ന്-പുകയില ഉത്പന്നങ്ങളുടെ നിരോധനത്തിന്റെ സ്ഥിതിയും ഇതു തന്നെ. നേരത്തെ പരസ്യമായി വില്‍പന നടത്തിയിരുന്ന വസ്തുക്കള്‍ ഇപ്പോള്‍ രഹസ്യമായി വില്‍പന തുകയെക്കാളും അഞ്ച് മുതല്‍ പത്തിരട്ടിവരെ ലാഭത്തില്‍ വ്യാപാരികള്‍ വില്‍ക്കുന്നു.
സ്‌കൂളുകള്‍ക്ക് സമീപത്തെ നിരോധിത ലഹരി വസ്തുക്കളുടെ വില്‍പനക്കെതിരെ 2014 മെയ് മുതല്‍ പൊലീസ് നടത്തുന്ന റെയ്ഡില്‍ ഈ മാസം 21 വരെ 10622 കേസുകളാണ് റജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നത്.10312 പേര്‍ അറസ്റ്റിലായി. ഈ മാസത്തില്‍ മാത്രം 455 പേരെയാണ് സ്‌കൂള്‍ പരിസരങ്ങളില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ വില്‍പന നടത്തിയതിന് സംസ്ഥാനത്ത് അറസ്റ്റ് ചെയ്തത്. നിരോധിത ഉത്പന്നങ്ങള്‍ വില്‍പന നടത്തി പിടിയിലാകുന്നവര്‍ വീണ്ടും സമാന കേസുകളില്‍ തന്നെ അറസ്സ്റ്റിലാകുന്ന സ്ഥിതിയും തുടരുകയാണ്.
നേരത്തെ ഒന്ന് മുതല്‍ അഞ്ച് വരെ രൂപവിലയുണ്ടായിരുന്ന പാസ്, ഹാന്‍സ് ,പാന്‍പരാഗ് ,ശംഭു, കെയ്‌നി തുടങ്ങിയ പേരുകളില്‍ ലഭ്യമായിരുന്ന വസ്തുക്കള്‍ ഇപ്പോള്‍ 10 രൂപമുതല്‍ 50 രൂപവരെ നല്‍കിയാല്‍ ലഭിക്കും.
കൂടുതല്‍ തുക നല്‍കിയാലും നിരോധിക്കപ്പെട്ട ഉത്പന്നങ്ങള്‍ ലഭിക്കണമെന്നില്ല. വാങ്ങാനെത്തുന്നവര്‍ മുന്‍ പരിചയക്കാരോ ഇതര സംസ്ഥാന തൊഴിലാളികളോ ആയിരിക്കണമെന്ന് മാത്രം.നഗര -ഗ്രാമ വ്യത്യാസമില്ലാതെ ഇത്തരം നിരോധിത ഉത്പന്നങ്ങളുടെ വില്‍പന വ്യാപകമായി നടക്കുന്നുണ്ട്. വിദ്യാര്‍ഥികള്‍ക്കും അന്യസംസ്ഥാനതൊഴിലാളികള്‍ക്കുമിടയിലാണ് പാന്‍മസാല-പുകയില തുടങ്ങിയ ലഹരി ഉത്പന്നങ്ങളുടെ വില്‍പന കൂടുതലും.
കഞ്ചാവ്, ഹാഷിഷ്, ലഹരി ഗുളികകള്‍ പോലുള്ള അതീവ ഗുരുതരമായ ലഹരിവസ്തുക്കളുടെ ഉപയോഗവും സ്‌കൂള്‍ -കോളജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ കുതിച്ചുയര്‍ന്ന് കൊണ്ടിരിക്കുകയാണ്. ഇതിന് പുറമെയാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും വ്യാപാരികളുമെല്ലാം ലാഘവത്തോടെ കാണുന്ന പാന്‍മസാല-പുകയില ഉത്പന്നങ്ങളുടെ വില്‍പനയവും ഉപയോഗവും നിരോധനത്തിന്റെ മറവിലും നടന്നു വരുന്നത്.
ഇത്തരം ചെറിയ പാന്‍മസാല -പുകയില ഉത്പന്നങ്ങളുടെ ഉപയോഗമാണ് വിദ്യാര്‍ഥികളെയും യുവാക്കളെയും കഞ്ചാവ്,മദ്യം പോലുള്ള ഗുരുതരമായ ലഹരികള്‍ക്ക് അടിമയാക്കുന്നതും ക്രിമിനലുകളാക്കുന്നതെന്നതുമാണ് വസ്തുത.

---- facebook comment plugin here -----

Latest