Connect with us

Kerala

മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസറുടെ കൂടുതല്‍ കൈക്കൂലി ഇടപാടുകള്‍ വെളിച്ചത്ത്

Published

|

Last Updated

കൊച്ചി: കൈക്കൂലി കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസര്‍ പി രാമകൃഷ്ണനെതിരെ സി ബി ഐ കൂടുതല്‍ കേസുകള്‍ ചാര്‍ജ് ചെയ്യാന്‍ ഒരുങ്ങുന്നു. ഇയാളെ സി ബി ഐ ഇന്ന് കൊച്ചിയില്‍ വീണ്ടും ചോദ്യം ചെയ്യും. ജൂലൈ 14ന് യു എന്‍ ഉദ്യോഗസ്ഥനില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ ശേഷം ഇയാളുടെ കൂടുതല്‍ കൈക്കൂലി ഇടപാടുകള്‍ സംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സി ബി ഐ അന്വേഷണം വിപുലീകരിക്കുന്നത്. നിയമവിരുദ്ധമായി പാസ്‌പോര്‍ട്ട് അനുവദിക്കുന്നതിനും എമിഗ്രേഷന്‍ ക്ലിയറന്‍സ് ഒഴിവാക്കുന്നതിനും നിരവധി പേരില്‍ നിന്ന് പി രാമകൃഷ്ണന്‍ കൈക്കൂലി വാങ്ങിയതിന്റെ വിവരങ്ങളാണ് സി ബി ഐ ശേഖരിച്ചിരിക്കുന്നത്. ഈ കേസുകളില്‍ പി രാമകൃഷ്ണനെയും ട്രാവല്‍ഏജന്റുമാരെയും പ്രതികളാക്കി പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാനാണ് സി ബി ഐ ഒരുക്കം. ഇതിന് പുറമേ അനധികൃത സ്വത്ത് സമ്പാദ്യത്തിനും ഇയാള്‍ക്കെതിരെ കേസെടുക്കും.
ഇല്ലാത്ത വിലാസത്തില്‍ പാസ്‌പോര്‍ട്ട് അനുവദിക്കുന്നതിനും എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമായ അപേക്ഷകര്‍ക്ക് എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമില്ലെന്ന് സാക്ഷ്യപ്പെടുത്തുന്നതിനും അരലക്ഷം രൂപ വീതം നിരവധി പേരില്‍ നിന്ന് ഇയാള്‍ ട്രാവല്‍ ഏജന്റുമാര്‍ മുഖേന കൈക്കൂലി വാങ്ങിയതിന്റെ വിവരങ്ങളാണ് സി ബി ഐ ശേഖരിച്ചത്. നിരവധി ട്രാവല്‍ ഏജന്റുമാരില്‍ നിന്നും ഇയാള്‍ പണം വാങ്ങിയിട്ടുണ്ടെന്നും ഇതില്‍ എത്ര ഏജന്റുമാര്‍ പ്രതികളാകുമെന്ന് വിശദമായ അന്വേഷണത്തില്‍ മാത്രമേ വ്യക്തമാകൂവെന്നും സി ബി ഐ വൃത്തങ്ങള്‍ പറയുന്നു. പി രാമകൃഷ്ണന്‍ പാസ്‌പോര്‍ട്ട് ഓഫീസറായിരിക്കെ മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസിനെ ചുറ്റിപ്പറ്റി ഏജന്റുമാര്‍ മാഫിയ പോലെയാണ് പ്രവര്‍ത്തിച്ചത്. പാസ്‌പോര്‍ട്ട് ഓഫീസില്‍ നിന്ന് നേരെ ചൊവ്വേ ആവശ്യങ്ങള്‍ നടത്തിയെടുക്കാന്‍ എത്തുന്നവരെ ഏജന്റുമാര്‍ കറക്കിയെടുത്ത് നിയമവിരുദ്ധമായി കാര്യങ്ങള്‍ നടത്തിക്കൊടുക്കാന്‍ കൈക്കൂലി പിരിച്ചെടുക്കുന്ന രീതിയാണ് ഇവിടെ നിലനിന്നത്.

നിയമവിരുദ്ധ ഇടപാടുകള്‍ക്ക് ഒത്താശ ചെയ്തുവന്ന പാസ്‌പോര്‍്ട്ട് ഓഫീസറും ഏജന്റും കൈക്കൂലിതുക പങ്കിട്ടെടുക്കുകയാണ് ചെയ്തിരുന്നത്. ഇതില്‍ കൈക്കൂലി ഇടപാടിന് തെളിവുള്ളവയില്‍ മാത്രമാണ് കേസെടുക്കാന്‍ കഴിയുക. കൈക്കൂലി വാങ്ങി എമിഗ്രേഷന്‍ ക്ലിയറന്‍സ് ഒഴിവാക്കിക്കൊടുത്തതും ഇല്ലാത്ത വിലാസത്തില്‍ പാസ്‌പോര്‍ട്ട് നല്‍കിയതും ഉള്‍പ്പെടെ ചില കേസുകളില്‍ സി ബി ഐക്ക് തെളിവു ലഭിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച വിവരങ്ങളാണ് ഇന്ന് പി രാമകൃഷ്്ണനില്‍ നിന്ന് ശേഖരിക്കുക. അതിന് ശേഷം ട്രാവല്‍ ഏജന്റുമാരെ വിശദമായി ചോദ്യം ചെയ്യും. കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് സി ബി ഐ നല്‍കുന്ന സൂചന.
അനധികൃത സ്വത്ത് സമ്പാദ്യത്തിനും പി രാമകൃഷ്ണനെതിരെ കേസെടുക്കും. കണ്ണൂരിലെയും മലപ്പുറത്തെയും ഇയാളുടെ വസതികളില്‍ സി ബി ഐ നടത്തിയ പരിശോധനയില്‍ 15 ലക്ഷത്തോളം രൂപയും 80 പവന്റെ സ്വര്‍ണാഭരണങ്ങളും 30 ലക്ഷം രൂപയുടെ ബേങ്ക് ഡെപ്പോസിറ്റ് രേഖകളും കണ്ടെടുത്തിരുന്നു. മലപ്പുറത്ത് പാസ്‌പോര്‍ട്ട് ഓഫീസറായി ഒന്നര വര്‍ഷം കൊണ്ട് രാമകൃഷ്ണന്‍ കോടികളുടെ സമ്പാദ്യമുണ്ടാക്കിയെന്നാണ് സി ബി ഐ യുടെ നിഗമനം. എന്നാല്‍ ഇതുസംബന്ധിച്ച പരിശോധനകളിലേക്ക് കടന്നിട്ടില്ലെന്നും അതിന് ശേഷമേ അനധികൃത സമ്പാദ്യത്തിന്റെ ചിത്രം വ്യക്തമാകൂവെന്നും അവര്‍ പറയുന്നു.
പാസ്‌പോര്‍ട്ട് പുതുക്കി നല്‍കാന്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഉഗാണ്ടയില്‍ ജോലി ചെയ്യുന്ന മലപ്പുറം സ്വദേശിയായ യുനൈറ്റഡ് നേഷന്‍സ് ഉദ്യോഗസ്ഥന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സി ബി ഐ ഇയാളെ അറസ്റ്റ് ചെയ്തത്. ഈ കേസില്‍ പി രാമകൃഷ്ണനും ട്രാവല്‍ ഏജന്റായ മലപ്പുറം സ്വദേശി അബ്ദുല്‍ അമീറും മാത്രമാണ് പ്രതികള്‍. ഈ കേസില്‍ അന്വേഷണം ഏറെക്കുറെ അവസാനിച്ചതായും കൂടുതല്‍ പ്രതികള്‍ ഉണ്ടാകില്ലെന്നും സി ബി ഐ വ്യക്തമാക്കി.