കാശ്മീരില്ലാതെ എന്ത് ഇന്ത്യാ-പാക് ചര്‍ച്ച ?

Posted on: August 24, 2015 6:00 am | Last updated: August 23, 2015 at 9:55 pm
SHARE

INDIA-PAK
നയതന്ത്രത്തിന് മുന്നില്‍ മനുഷ്യജീവന് വിലയുണ്ടോ? ഉണ്ടായിരുന്നുവെങ്കില്‍ ഇന്ത്യാ- പാക് അതിര്‍ത്തിയില്‍ ഇരുപക്ഷത്തെയും സൈനികരുടെ വെടിയേറ്റ് നിരപരാധികളായ നിസ്സഹായര്‍ക്ക് ജീവന്‍ വെടിയേണ്ടിവരുമായിരുന്നില്ല. പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ നിരന്തരമായി ലംഘിക്കുന്നുവെന്ന് ഇന്ത്യയും കരാര്‍ ആദ്യം ലംഘിച്ചത് ഇന്ത്യയാണെന്ന് പാക്കിസ്ഥാനും ആരോപിച്ച് നടത്തുന്ന ആക്രമണങ്ങളില്‍ നിരവധി പേരുടെ ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. വര്‍ഷത്തില്‍ പലകുറി ഈ സംഗതി ആവര്‍ത്തിക്കാറുമുണ്ട്. ഏറ്റുമുട്ടല്‍ ആരംഭിക്കുമ്പോഴോ അത് ശക്തമായി തുടരുമ്പോഴോ ഇടപെടാനോ സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കാനോ ഭരണനേതൃത്വം ശ്രമിക്കാറില്ല. അതിര്‍ത്തിയിലേക്ക് നിയോഗിച്ചിരിക്കുന്ന സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ കൂടിക്കാഴ്ച നടത്തുകയും വെടിനിര്‍ത്തല്‍ പ്രാബല്യത്തിലാക്കാന്‍ ശ്രമിക്കുകയുമാണ് പതിവ്. ഇടക്കാലത്തുണ്ടാകുന്ന വെടിവെപ്പുകളില്‍ ഏതാനും പേരുടെ ജീവന്‍ നഷ്ടപ്പെടുന്ന സാഹചര്യം താഴേത്തട്ടിലുള്ള ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ആശയവിനിമയത്തില്‍ പരിഹരിക്കേണ്ടത് മാത്രമാകുന്നു, ഭരണനേതാക്കള്‍ ഇടപെടാന്‍ തക്ക വലുപ്പം അതിനില്ല തന്നെ! അതുകൊണ്ടാണ് അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ തുടങ്ങുകയും തുടരുകയും മനുഷ്യജീവനുകള്‍ പൊലിയുകയും ചെയ്യുമ്പോഴും പ്രധാനമന്ത്രിമാര്‍ തമ്മിലുള്ള ഹോട്ട് ലൈന്‍, നിശ്ചലമായി തുടരുന്നത്.
ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും സുരക്ഷാ ഉപദേഷ്ടാക്കള്‍ ചര്‍ച്ച നടത്താനിരിക്കെയാണ് ജമ്മു കാശ്മീര്‍ അതിര്‍ത്തിയില്‍ ഇരു രാജ്യങ്ങളും വെടിവെപ്പ് നടത്തിയത്. ചര്‍ച്ച നടന്നിരുന്നുവെങ്കില്‍ തീര്‍ച്ചയായും ഈ വെടിവെപ്പ് വിഷയമാകുകമായിരുന്നു, വെടിവെപ്പ് വിഷയമായാല്‍ ജമ്മു കാശ്മീര്‍ അതിര്‍ത്തി വിഷയമാകും. ജമ്മു കാശ്മീര്‍ അതിര്‍ത്തി വിഷയമാകുന്നുവെങ്കില്‍ കാശ്മീരിന്റെ കാര്യത്തില്‍, സ്വാതന്ത്ര്യം ലഭിച്ച കാലം മുതല്‍ നിലനില്‍ക്കുന്ന തര്‍ക്കം ഉന്നയിക്കപ്പെടും. കാശ്മീര്‍ വിഷയമാകാതെ ചര്‍ച്ച നടത്തുക എന്നത് ഇപ്പോഴത്തെ സാഹചര്യത്തില്‍ തീര്‍ത്തും അസാധ്യമായ ഒന്നാണെന്ന് ചുരുക്കം. പഞ്ചാബില്‍ അടുത്തിടെയുണ്ടായ തീവ്രവാദി ആക്രമണത്തിന് പിറകില്‍ പാക്കിസ്ഥാനാണെന്ന് ഇന്ത്യ ആരോപിക്കുന്നുണ്ട്. ജമ്മു കാശ്മീരില്‍ അടുത്തിടെയുണ്ടായ ആക്രമണത്തിനിടെ പിടിയിലായ ചെറുപ്പക്കാരന്‍ പാക്കിസ്ഥാന്‍ പൗരനാണെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. പാക്കിസ്ഥാന്‍ നിഷേധിക്കുന്നുവെങ്കിലും ഇതുവരെ ലഭ്യമായ വിവരങ്ങള്‍ ഇയാള്‍ പാക്കിസ്ഥാന്‍കാരനാണെന്നാണ് വ്യക്തമാക്കുന്നത്. സുരക്ഷാ ഉപദേഷ്ടാക്കള്‍ ചര്‍ച്ച നടത്തിയിരുന്നുവെങ്കില്‍ ഇത് വിഷയമാകില്ലായിരുന്നോ? ഇത് വിഷയമായാല്‍ കാശ്മീര്‍ കടന്നുവരിക സ്വാഭാവികം മാത്രമാണ്.
അല്ലെങ്കില്‍ തന്നെ ഇന്ത്യയും പാക്കിസ്ഥാനും നയതന്ത്ര ചര്‍ച്ച നടത്താന്‍ തീരുമാനിക്കുമ്പോള്‍ പാക്കിസ്ഥാനില്‍ നിന്നുള്ള ഉള്ളി ഇറക്കുമതി എങ്ങനെ സുഖകരമാക്കാം എന്നതാകില്ലല്ലോ പ്രധാന സംഗതി. ഇരു രാഷ്ട്രങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ഏതാണ്ടെല്ലാ പ്രശ്‌നങ്ങളുടെയും പിറകില്‍ കാശ്മീര്‍ ഒരു പ്രധാന ഘടകമാണെന്നത് നിഷേധിക്കാനാകാത്ത സംഗതിയാണ്. അതങ്ങനെ ആക്കിത്തീര്‍ക്കുന്നതില്‍ ഇരു രാഷ്ട്രങ്ങളുടെയും ഭരണാധികാരികള്‍ വഹിച്ച പങ്ക് ചെറുതുമല്ല. ഇതിനിടയിലാണ് സ്വതന്ത്ര കാശ്മീര്‍ എന്ന വാദം ചില സംഘടനകള്‍ ഉയര്‍ത്തുന്നത്. കാശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കുമ്പോള്‍ നല്‍കിയ വാഗ്ദാനങ്ങളിലൊന്ന് അവിടെ ജനഹിത പരിശോധന നടത്തുമെന്നതായിരുന്നു. ഇത്രകാലമായിട്ടും അതു നടത്താനോ കാശ്മീര്‍ ജനതയെ ഇന്ത്യയുടെ മുഖ്യധാരയുടെ ഭാഗമാക്കാനോ ഭരണസംവിധാനങ്ങള്‍ക്ക് സാധിച്ചിട്ടില്ല. ഈ അവസ്ഥ മുതലെടുക്കാന്‍ പാക്കിസ്ഥാനും അവരുടെ രഹസ്യാന്വേഷണ വിഭാഗങ്ങളും ശ്രമിക്കുക സ്വാഭാവികം. പാക്കിസ്ഥാനിലെ ചില പ്രസ്ഥാനങ്ങളെ മുതലെടുക്കാന്‍ ഇന്ത്യയും ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയും ശ്രമിക്കുന്നത് പോലെ തന്നെ. പാക്കിസ്ഥാന്റെ കാര്യത്തില്‍ ആ രാജ്യം നിലവില്‍ വന്ന കാലം മുതല്‍ അക്രമങ്ങളാണ് അതിന്റെ ഗതിവിഗതികളെ നിര്‍ണയിക്കുന്നത്. ആഭ്യന്തരമായുള്ള അക്രമോത്സുകത, ഇന്ത്യയുമായുള്ള ഇടപെടലുകളിലും അവര്‍ ധാരാളമായി ഉപയോഗിച്ചുവരുന്നുണ്ട്. അതിനെ പ്രതിരോധിക്കുന്നതില്‍ ആഭ്യന്തര – നയതന്ത്രതലങ്ങളില്‍ ഇന്ത്യയെടുക്കുന്ന നടപടികള്‍ തുലോം ദുര്‍ബലമാണെന്നതാണ് ഇത്രകാലത്തെ വസ്തുത.
ഇപ്പോള്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ ചര്‍ച്ച ഇല്ലാതാകുമ്പോഴും മുമ്പ് സെക്രട്ടറിമാരുടെ ചര്‍ച്ച ഇല്ലാതായപ്പോഴും ഇതേ ദൗര്‍ബല്യം ഇന്ത്യന്‍ ഭരണകൂടം കാണിച്ചു. ഇന്ത്യന്‍ പങ്കാളിയുമായി ചര്‍ച്ചക്കെത്തിയ പാക് സെക്രട്ടറി, കാശ്മീരിലെ ഹുര്‍റിയത്ത് കോണ്‍ഫറന്‍സിന്റെ നേതാക്കളുമായി സംസാരിച്ചുവെന്നത് ചൂണ്ടിക്കാട്ടിയാണ് അന്ന് കൂടിക്കാഴ്ച റദ്ദാക്കിയത്. ചര്‍ച്ചക്കെത്തുന്ന ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഹുര്‍റിയത്ത് കോണ്‍ഫറന്‍സ് നേതാക്കളെ കാണുമെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍സ്വീകരിച്ച നടപടികളാണ് ഇപ്പോള്‍ ചര്‍ച്ച റദ്ദാകാന്‍ കാരണങ്ങളിലൊന്ന്. ഇതിന് മുമ്പ് നരേന്ദ്ര മോദിയും നവാസ് ശരീഫും കൂടിക്കാഴ്ച നടത്തിയതിനെത്തുടര്‍ന്ന് പുറപ്പെടുവിച്ച പ്രസ്താവനയില്‍ കാശ്മീര്‍ പ്രശ്‌നം പരാമര്‍ശവിധേയമായില്ലെന്നതിനെച്ചൊല്ലി പാക്കിസ്ഥാനില്‍ ശരീഫ് ഭരണകൂടം വിമര്‍ശം നേരിടുന്നുണ്ട്. അതിന് പിറകെ, കാശ്മീര്‍ പ്രശ്‌നം വിഷയമാകാത്ത ഒരു ചര്‍ച്ചക്ക് അവിടുത്തെ സര്‍ക്കാറിന് താത്പര്യമുണ്ടാകില്ല. അതുകൊണ്ട് തന്നെ ഇപ്പോള്‍ നടക്കുന്ന ഏത് വിധത്തിലുള്ള ആശയവിനമയത്തില്‍ നിന്നും പിന്നാക്കം നില്‍ക്കാനാകും അവര്‍ക്ക് താത്പര്യം.
ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ ഇംഗിതങ്ങളോ, അതിര്‍ത്തിയിലെ വെടിവെപ്പിലും ഇതരപ്രദേശങ്ങളില്‍ ആസൂത്രിതമായി സംഘടിപ്പിക്കപ്പെടുന്ന അക്രമങ്ങള്‍ക്കും ഇരയാകുന്നവരോടുള്ള അനുതാപമോ ഈ നയതന്ത്ര ചര്‍ച്ചകള്‍ക്കൊന്നും കാരണമാകാറില്ല, അവകളൊന്നും ചര്‍ച്ചകളില്‍ പ്രതിഫലിക്കാറുമില്ല. അതാത് സമയത്ത് രാജ്യങ്ങള്‍ ഭരിക്കുന്നവര്‍ സ്വന്തം സ്ഥിതി ഭദ്രമാക്കാന്‍ പാകത്തില്‍ നിലപാടുകള്‍ സ്വീകരിക്കുന്നുവെന്ന് മാത്രം. ഹുര്‍റിയത്ത് നേതാക്കളുമായി പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് കൂടിക്കാഴ്ച നടത്താനിടയുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ നരേന്ദ്ര മോദി സര്‍ക്കാറെടുത്ത നടപടികള്‍ അതിന് ഉദാഹരണമാണ്. പലരൂപത്തിലുള്ള പാരതന്ത്ര്യം തങ്ങള്‍ അനുഭവിക്കുന്നുവെന്ന് കുറേക്കൂടി ഉറക്കെപ്പറയാന്‍ ഹുര്‍റിയത്ത് കോണ്‍ഫറന്‍സ് നേതാക്കള്‍ക്ക് അവസരമൊരുക്കുന്നതാണ് സര്‍ക്കാറിന്റെ നടപടി. അതിനെ അംഗീകരിക്കുന്നവരുടെ എണ്ണം വര്‍ധിക്കാനും കാരണമായേക്കും.
ഇന്ത്യ സന്ദര്‍ശിക്കാനെത്തുന്ന പാക്കിസ്ഥാന്റെ ഉയര്‍ന്ന പ്രതിനിധികള്‍, ഹുര്‍റിയത്ത് കോണ്‍ഫറന്‍സിന്റെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നത് ഇതാദ്യമൊന്നുമല്ല. അത്തരം കൂടിക്കാഴ്ചകള്‍ രാജ്യം ഭരിക്കുന്ന സര്‍ക്കാറിന്റെ നിലപാടുകളെ മുന്‍കാലങ്ങളില്‍ സ്വാധീനിച്ചിട്ടുമില്ല. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലിരിക്കെ ഇത്തരമൊരു കൂടിക്കാഴ്ച നടന്നാല്‍, അത് ഇന്ത്യാ – പാക് ചര്‍ച്ചകളില്‍ അനുരണനങ്ങള്‍ ഉണ്ടാക്കുമോ? അങ്ങനെ ഉണ്ടാക്കുമെന്ന് ഭയക്കുന്നുവെങ്കില്‍ എത്രമാത്രം ദുര്‍ബലമായിരിക്കും നമ്മുടെ സര്‍ക്കാര്‍? കശ്മീരിന്റെ കാര്യത്തില്‍ എക്കാലവും തുടര്‍ന്ന ദൗര്‍ബല്യം തുടരുന്നുവെന്നാണ് നരേന്ദ്ര മോദി സര്‍ക്കാറും തെളിയിക്കുന്നത്.
വിഷയമെന്ത് എന്ന തര്‍ക്കത്തിനും ഹുര്‍റിയത്ത് പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചാ സാധ്യതക്കുമപ്പുറത്ത് ചില സംഗതികള്‍ ഇത്തരം കാര്യങ്ങളെ ഭരിക്കുന്നുണ്ട്. രാജ്യം ഭരിക്കുന്നവര്‍ ഏതെങ്കിലും വിധത്തിലുള്ള പ്രതിസന്ധികള്‍ നേരിടുമ്പോഴാണ് പലപ്പോഴും അതിര്‍ത്തിയില്‍ വെടിപൊട്ടാറ്. ഇന്ത്യാ – പാക് ബന്ധങ്ങളില്‍ നാടകീയമായ വിള്ളലുകള്‍ സൃഷ്ടിക്കപ്പെടാറും. നരേന്ദ്ര മോദി സര്‍ക്കാറിനെ സംബന്ധിച്ച് വിദേശകാര്യ മന്ത്രിക്ക്, ലളിത് മോദിയുമായി ബന്ധമുണ്ടെന്ന ആരോപണമുണ്ടാക്കിയ തലവേദന ചെറുതല്ല. പ്രതിപക്ഷപാര്‍ട്ടികളുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് മൂലം പാര്‍ലിമെന്റിന്റെ ഇരുസഭകളും സ്തംഭിച്ചു. സാമ്പത്തിക പരിഷ്‌കരണങ്ങള്‍ക്ക് വേഗം കൂട്ടാനുള്ള നിയമ നിര്‍മാണ പ്രക്രിയ മുന്നോട്ടുപോയില്ല. രാജസ്ഥാനിലെ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയും ലളിത് മോദി ബന്ധത്തിന്റെ നിഴലിലാണ്. മധ്യപ്രദേശില്‍ വ്യാപാഴിമതിയുടെ അന്വേഷണം വ്യാപകമായിക്കൊണ്ടിരിക്കുന്നു. ഇതില്‍ നിന്നൊക്കെ ശ്രദ്ധതിരിക്കണമെങ്കില്‍ ഏറ്റമെളുപ്പത്തിലുള്ള മാര്‍ഗം അതിര്‍ത്തിയിലെ വെടിവെപ്പ് അനുസ്യൂതമാകുകയാണ്. അതിന് പിറകെ പാക്കിസ്ഥാനുമായുള്ള ബന്ധം വഷളാകുകയാണ്. പാക്കിസ്ഥാന്റെ കാര്യത്തിലും സ്ഥിതി ഭിന്നമല്ല. ആഭ്യന്തര രാഷ്ട്രീയ പ്രതിസന്ധിയുണ്ടാകുമ്പോഴൊക്കെ അതിര്‍ത്തിയില്‍ വെടിമുഴങ്ങാറുണ്ട്. ഇന്ത്യയുമായുള്ള ബന്ധം വഷളാക്കും വിധത്തിലുള്ള തീരുമാനങ്ങള്‍ അവിടുത്തെ ഭരണകൂടം സ്വീകരിക്കാറുമുണ്ട്.
ഇങ്ങനെയൊന്നുമല്ലെങ്കില്‍, ഹുര്‍റിയത്ത് നേതാക്കളുമായി പാക്കിസ്ഥാന്റെ ഉന്നതര്‍ കൂടിക്കാഴ്ച നടത്തിയത് മൂലം രാജ്യത്തിന് പ്രതികൂലമായി എന്തെങ്കിലുമുണ്ടായിട്ടുണ്ടോ എന്ന് തുറന്ന് പറയാന്‍ ഭരണാധികാരികള്‍ തയ്യാറാകണം. അത്തരം കൂടിക്കാഴ്ചകളില്‍ നിന്ന് പിന്‍മാറി നില്‍ക്കാന്‍ പാകത്തില്‍ രാജ്യത്തിന്റെ മുഖ്യധാരയിലുള്ള പങ്കാളിത്തം കാശ്മീരിലെ നേതാക്കള്‍ക്ക് ഉറപ്പാക്കണം. അതൊന്നുമുണ്ടാകാതിരിക്കെ, വ്യാജവികാരം സൃഷ്ടിച്ചു നടത്തുന്ന നീക്കങ്ങള്‍ ദോഷമേ ചെയ്യൂ. ഇന്ത്യക്ക് നേര്‍ക്കുള്ള തീവ്രവാദത്തിന് സ്വന്തം മണ്ണ് വിട്ടുകൊടുക്കുന്നത് പാക്കിസ്ഥാന്‍ അവസാനിപ്പിക്കുന്നതുള്‍പ്പെടെ പ്രശ്‌നങ്ങള്‍ തീര്‍ന്നശേഷമേ ചര്‍ച്ചയുള്ളൂവെന്ന് ഇപ്പോള്‍ പറയുമ്പോള്‍, വിദേശത്തുവെച്ച് ആ രാജ്യത്തിന്റെ പ്രധാനമന്ത്രിയുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തുമ്പോള്‍ ഇവയൊക്കെ ഉണ്ടായിരുന്നില്ലേ എന്ന സംശയം നിലനില്‍ക്കുന്നു. ഇവയൊക്കെ നിലനില്‍ക്കുമ്പോഴല്ലേ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ കൂടിക്കാഴ്ച ഇരു രാഷ്ട്ര നേതാക്കളും പ്രഖ്യാപിച്ചത്? മുംബൈ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാനിലെ വ്യക്തികളുടെയോ സംഘടനകളുടെയോ പങ്ക് സംബന്ധിച്ച തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇത് അന്താരാഷ്ട്രതലത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതിനോ പാക്കിസ്ഥാനുമേല്‍ സമ്മര്‍ദം ചെലുത്താനോ ഇന്ത്യന്‍ ഭരണകൂടത്തിന് ഇതുവരെ സാധിച്ചിട്ടില്ല. ഇക്കാര്യത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ സവിശേഷമായി എന്തെങ്കിലും ചെയ്തതായി അറിവില്ല. ഈ ആക്രമണത്തില്‍ പങ്കുണ്ടെന്ന് അമേരിക്കന്‍ ഏജന്‍സികള്‍ സ്ഥിരീകരിച്ച (അവരാണല്ലോ സ്ഥിരീകരിക്കേണ്ടത്, സാമന്ത രാഷ്ട്രങ്ങളെ സംബന്ധിച്ച് പ്രത്യേകിച്ചും) ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ ഒറ്റക്കൊന്ന് കാണാന്‍ പോലും ഇന്ത്യയുടെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കായില്ല. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷവും ഇതിലൊന്നും യാതൊരു മാറ്റവുമുണ്ടായിട്ടില്ല, ഉണ്ടാവുകയുമില്ല. വലിയ കമ്പോളമെന്ന നിലക്കുള്ള പ്രാധാന്യമേ ഇന്ത്യക്ക് അന്താരാഷ്ട്ര സമൂഹത്തില്‍ ഇപ്പോഴുള്ളൂ. ആ പ്രാധാന്യം നിലനിര്‍ത്താന്‍ മാത്രമേ നരേന്ദ്ര മോദിയുടെ വിദേശ സന്ദര്‍ശനങ്ങള്‍ക്ക് സാധിക്കുകയുമുള്ളൂ. അപ്പോള്‍ പിന്നെ അതിര്‍ത്തിയിലെ വെടിവെപ്പും ഹുര്‍റിയത്തിന്റെ സാന്നിധ്യവുമൊക്കെ ഉയര്‍ത്തി, ആഭ്യന്തര പ്രതിസന്ധി മറികടക്കുക എന്നതാണ് നല്ല നയം, അതുതന്നെയാണ് തന്ത്രവും. അവിടെ ജീവന് വിലകല്‍പ്പിക്കേണ്ട കാര്യമില്ല. ആകയാല്‍ വെടിവെപ്പ് തുടരട്ടെ, വസ്തുതകള്‍ പുകയില്‍ മറയുവോളം.

LEAVE A REPLY

Please enter your comment!
Please enter your name here