ജൈവകൃഷിയില്‍ മുന്നേറ്റത്തിന് കാര്‍ഷിക കര്‍മസേനയും

Posted on: August 23, 2015 10:32 am | Last updated: August 23, 2015 at 10:32 am
SHARE

കോഴിക്കോട്: ജൈവ കൃഷിയില്‍ മുന്നേറ്റം സൃഷ്ടിക്കാന്‍ ജില്ലയില്‍ ഇനി കാര്‍ഷിക കര്‍മസേനയും. ഈ വര്‍ഷം ജൈവകൃഷിയില്‍ 47 ശതമാനം വര്‍ദ്ധനയുണ്ടായതായി കൃഷിവകുപ്പ് മന്ത്രി കെ പി മോഹനന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇത് 23 ശതമാനമായിരുന്നു. ജില്ലാതല കാര്‍ഷികയന്ത്രങ്ങളുടെ കൈമാറ്റവും മൂടാടി കര്‍ഷക കര്‍മസേനയുടെ ഉദ്ഘാടനവും നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷിക കര്‍മ്മസേനയുടെ സേവനം പ്രയോജനപ്പെടുത്തി ജൈവകൃഷിയില്‍ മുന്നേറ്റം സൃഷ്ടിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തുകൃഷിക്കാവശ്യമായ നടീല്‍ വസ്തുക്കള്‍, ഗ്രോ ബാഗ്, യന്ത്ര തെങ്ങുകയറ്റം, കവുങ്ങുകയറ്റം, കൃഷിഭൂമിയിലെ കാടുവെട്ടല്‍, വളപ്രയോഗം, നെല്ല് കൊയ്ത് തുടങ്ങി എല്ലാത്തിനും കാര്‍ഷിക കര്‍മസേനയുടെ സേവനം ലഭിക്കും. കര്‍ഷകരില്‍നിന്ന് ജൈവോത്പന്നങ്ങള്‍ സംഭരിച്ച് വിതരണം നടത്തല്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ ഇവര്‍ ഏറ്റെടുക്കും. തെങ്ങിന്റെ മണ്ഡരിബാധ തടയാനായി ഇടവിള കൃഷി പ്രോത്സാഹിപ്പിക്കും. കേരളത്തിലെ കൃഷിരീതികള്‍ പരിചയപ്പെടുന്നതിനായി വിദേശ സര്‍വകലാശാലകളില്‍ നിന്നും വിദ്യാര്‍ഥികള്‍ എത്തുന്നുണ്ട്.സംസ്ഥാനത്താകെ ഇരുനൂറ് പഞ്ചായത്തുകളില്‍ കൃഷിവകുപ്പ് പദ്ധതി നടപ്പാക്കും. ജില്ലയില്‍ ആറ് കര്‍മസേനകളാണുള്ളത്. ഒരു കാര്‍ഷിക കര്‍മസേനയ്ക്ക് ഒന്‍പത് ലക്ഷംരൂപയുടെ കാര്‍ഷികോപകരണങ്ങളാണ് നല്‍കുന്നത്. ഒപ്പം ടെക്‌നീഷ്യന്‍മാര്‍ക്ക് പതിനൊന്ന് ദിവസത്തെ പരിശീലനവും. മൂടാടിക്കുപുറമെ തവനൂര്‍, പേരാമ്പ്ര എന്നിവിടങ്ങളില്‍നിന്നുമാണ് ഇവര്‍ക്ക് പരിശീലനം ലഭിച്ചിട്ടുള്ളത്. പരിപാടിയില്‍ കെ ദാസന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു.ഗ്രോ ബാഗ്‌വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി വി ചന്ദ്രഹാസനും മികച്ച ട്രെയിനിക്കുള്ള അവാര്‍ഡ് പന്തലായനിബ്ലോക്ക് വികസന കാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ കെ ടി എ കോയയും വിതരണം ചെയ്തു.