Connect with us

Kerala

തദ്ദേശതിരഞ്ഞെടുപ്പ്: നിയമവശം പരിശോധിക്കുന്നു

Published

|

Last Updated

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അനിശ്ചിതത്വം നിലനില്‍ക്കെ തിരഞ്ഞെടുപ്പ് കമ്മീഷനും സര്‍ക്കാറുമായുള്ള നിര്‍ണ്ണായക യോഗം നാളെ. കമ്മീഷനുമായി ഒത്തുപോകണമെന്ന പൊതുവികാരം സര്‍ക്കാറിലും മുന്നണിയിലും രൂപപ്പെട്ട സാഹചര്യത്തില്‍ 2010ലെ പുനര്‍വിഭജന പട്ടിക അനുസരിച്ച് തന്നെ തിരഞ്ഞെടുപ്പ് നടക്കുമെന്ന് ഏതാണ്ട് ഉറപ്പാണ്. അതേസമയം, കോടതി അംഗീകരിച്ച 28 മുനിസിപ്പിലാറ്റികളുടെ കാര്യത്തില്‍ ഇനിയെന്തിന് പിന്നാക്കം പോകണമെന്ന നിലപാടില്‍ നഗരകാര്യവകുപ്പ് ഉറച്ച് നിന്നാല്‍ പോംവഴിയെന്തന്ന ആലോചനയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍. പഞ്ചായത്ത് പുനര്‍വിഭജനം റദ്ദാക്കുകയും ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡ് വിഭജനം നിര്‍ത്തിവെക്കാന്‍ നിര്‍ദേശിക്കുകയും ചെയ്ത കോടതി വിധികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദമായി പരിശോധിക്കുകയാണ്. നഗകാര്യവകുപ്പ് നിലപാട് മാറ്റിയില്ലെങ്കില്‍ യഥാസമയം തിരഞ്ഞെടുപ്പ് നടത്താന്‍ കമ്മീഷന് കോടതിയെ സമീപിക്കേണ്ടി വരും. അതേസമയം, നാളെ സര്‍ക്കാറുമായി നടത്തുന്ന ചര്‍ച്ചയില്‍ സമവായം സാധ്യമാകുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് കമ്മീഷന്‍. കമ്മീഷനുമായി നടക്കുന്ന ചര്‍ച്ചക്ക് മുന്നോടിയായ നാളെ യു ഡി എഫ് കക്ഷിനേതാക്കളും യോഗം ചേരുന്നുണ്ട്.
2010 ലെ പുനര്‍വിഭജനം അടിസ്ഥാനമാക്കി തിരഞ്ഞെടുപ്പ് നടത്താമെന്ന നിലപാടിലാണ് കോണ്‍ഗ്രസും മുസ്‌ലിംലീഗ് ഒഴികെയുള്ള ഘടകകക്ഷികളും. കമ്മീഷനുമായി ഒരു ഏറ്റുമുട്ടല്‍ വേണ്ടെന്ന നിലപാട് തന്നെയാണ് ലീഗിനും. അതേസമയം കോടതിയുടെ അംഗീകാരം ലഭിച്ച മുനിസിപ്പാലിറ്റികളില്‍ ഇതനുസരിച്ച് തിരഞ്ഞെടുപ്പ് നടത്തിക്കൂടെയെന്ന ചോദ്യവും അവര്‍ ഉന്നയിക്കുന്നു. കോടതി അംഗീകരിച്ച 28 മുനിസിപ്പിലാറ്റികളില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡീലിമിറ്റേഷന്‍ കമ്മറ്റിക്ക് വകുപ്പ് സെക്രട്ടറി കത്ത് നല്‍കിയതിന് പിന്നിലും ഈ ചോദ്യമാണ്. അതേസമയം, ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ച്ചയും പറ്റില്ലെന്ന നിലപാടിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഒക്‌ടോബറില്‍ തിരഞ്ഞെടുപ്പ് നടക്കണമെങ്കില്‍ 2010 ലെ വിഭജനം അംഗീകരിക്കുകയല്ലാതെ മറ്റൊരു വഴിയുമില്ലെന്ന് നാളത്തെ യോഗത്തില്‍ കമ്മീഷന്‍ സര്‍ക്കാറിനെ അറിയിക്കും. ഇത് അംഗീകരിക്കാത്ത സാഹചര്യം വന്നാല്‍ എങ്ങിനെ നേരിടണമെന്നത് സംബന്ധിച്ച നിയമവശങ്ങളാണ് കമ്മീഷന്‍ വിശദമായി പരിശോധിക്കുന്നത്.
ഹൈക്കോടതി വിധി സംബന്ധിച്ച് കമ്മീഷന്റെ സ്റ്റാന്‍ഡിംഗ് കൗണ്‍സിലുമായി കമ്മീഷന്‍ വിശദമായ ചര്‍ച്ച നടത്തി. വിരമിച്ച ജഡ്ജിമാരുമാരോട് ഉള്‍പ്പെടെ ഇക്കാര്യത്തില്‍ ആശയവിനിമയം നടത്തിയെന്നാണ് വിവരം. 2010 അടിസ്ഥാനമാക്കി തിരഞ്ഞെടുപ്പ് നടത്തുകയെന്ന നിര്‍ദേശം സര്‍ക്കാര്‍ നാളെ അംഗീകരിച്ചാല്‍ 28 മുനിസിപ്പാലിറ്റികളും കണ്ണൂര്‍ കോര്‍പ്പറേഷനും രൂപവത്കരിക്കാന്‍ നിര്‍ദേശിക്കുന്ന വിജ്ഞാപനം സര്‍ക്കാര്‍ റദ്ദാക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമെ, ഇത് പഴയ രീതിയിലേക്ക് മാറുകയുള്ളൂ. സര്‍ക്കാര്‍ അതിന് തയ്യാറായില്ലെങ്കില്‍ കാര്യങ്ങള്‍ വീണ്ടും നിയമകുരുക്കിലേക്ക് പോകും.
കമ്മീഷനുമായി ഒരു ഏറ്റുമുട്ടിലിലേക്ക് പോകുന്നത് മുന്നണിയുടെ സാധ്യതകളെ ബാധിക്കുമെന്ന സന്ദേശം മുഖ്യമന്ത്രി തന്നെ മുസ്‌ലിംലീഗിന് നല്‍കിയിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചകളില്‍ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് കമ്മീഷണര്‍ തുടക്കം മുതല്‍ പക്ഷപാത നിലപാട് സ്വീകരിക്കുന്നുവെന്ന പരാതിയാണ് ലീഗിന്. പ്രവാസി വോട്ടിലുള്‍പ്പെടെ കമ്മീഷന്‍ നിലപാടില്‍ ഇത് വ്യക്തമാണെന്നും ലീഗ് പരാതിപ്പെടുന്നു. പുനര്‍വിഭജനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ ലീഗിനെ ഒറ്റപ്പെടുത്തിയെന്ന വികാരവും അവര്‍ക്കുണ്ട്. മുഖ്യമന്ത്രിയോട് ഉള്‍പ്പെടെ ഇക്കാര്യം അവര്‍ വ്യക്തമാക്കിയിട്ടുമുണ്ട്.

Latest