റോഡപകടം: പരുക്കേല്‍ക്കുന്നവരുടെ ജീവന്‍ രക്ഷിക്കുന്നവരെ പീഡിപ്പിക്കരുതെന്ന് കേന്ദ്ര നിര്‍ദേശം

Posted on: August 23, 2015 6:00 am | Last updated: August 23, 2015 at 12:06 am
SHARE

Kerala High Court
തിരുവനന്തപുരം: റോഡപകടങ്ങളില്‍ പരുക്കേല്‍ക്കുന്നവരുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നവരെ മാനസികമായി പീഡിപ്പിക്കുന്നത് തടയാന്‍ കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.
ഇതനുസരിച്ച് അപകടത്തില്‍പ്പെടുന്നവരെ സമീപത്തുള്ള ആശുപത്രിയില്‍ എത്തിക്കുകയോ ഒപ്പം വരുകയോ ചെയ്യുന്നവരെ ചോദ്യം ചെയ്യാതെ ഉടന്‍ പോകാനനുവദിക്കണം. അപകടത്തിന് ദൃക്‌സാക്ഷിയായവര്‍ ഒപ്പമുണ്ടെങ്കില്‍ ആ വ്യക്തിയോട് മാത്രമേ മേല്‍വിലാസം ആവശ്യപ്പെടാവൂ. റോഡപകടങ്ങളില്‍പ്പെടുന്നവരെ ആശുപത്രിയിലെത്തിക്കുന്നവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഉചിതമായ അംഗീകാരം നല്‍കണം. അപകടത്തില്‍പ്പെടുന്നവരെ രക്ഷിക്കാന്‍ മറ്റ് പൗരന്മാര്‍ക്ക് പ്രചോദനമാവും വിധത്തിലാകണം അംഗീകാരം.
രക്ഷാപ്രവര്‍ത്തകരെയോ ഒപ്പം വരുന്നവരെയോ സിവില്‍/ക്രിമിനല്‍ നടപടികള്‍ക്ക് വിധേയരാക്കരുത്. റോഡപകടത്തില്‍ പരിക്കേറ്റ് കിടക്കുന്നവരെക്കുറിച്ച് പോലീസിനെയോ അത്യാഹിത സേവന വിഭാഗങ്ങളെയോ ഫോണ്‍ ചെയ്ത് അറിയിക്കുന്നവരുടെ പേരോ വ്യക്തിപരമായ വിശദാംശങ്ങളോ വെളിപ്പെടുത്താന്‍ നിര്‍ബന്ധിക്കരുത്. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നവര്‍ക്ക് സ്വമേധയാ പേരും വിലാസവും മറ്റും നല്‍കുന്നതിന് തടസ്സമില്ല. ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന മെഡിക്കോ ലീഗല്‍ കേസ് (എം എല്‍ സി) ഫോറത്തില്‍ വിവരങ്ങള്‍ നല്‍കുന്നതിനും ഇത് ബാധകമാണ്. അപകടത്തില്‍പ്പെടുന്നവരെ സഹായിക്കുകയോ ഒപ്പം വരുകയോ ചെയ്യുന്നവരെ പേര് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ നിര്‍ബന്ധിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിയോ വകുപ്പുതല നടപടിയോ സ്വീകരിക്കണം.
റോഡപകടത്തില്‍പ്പെടുന്നവരെ ആശുപത്രിയിലെത്തിക്കുകയോ ഒപ്പം വരുകയോ ചെയ്യുന്നവരില്‍ സംഭവത്തിന് ദൃക്‌സാക്ഷിയായവരുണ്ടെങ്കില്‍ പോലീസ് അന്വേഷണത്തിന്റെ ഭാഗമായോ വിചാരണവേളയിലോ തനിക്ക് പറയാനുള്ളത് കേള്‍ക്കണമെന്ന് സ്വമേധയാ പറയുന്നവരെ ഒരു തവണ മാത്രമേ ഇക്കാര്യത്തിനായി വിളിച്ചുവരുത്താവൂ. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇവര്‍ ഭീഷണിക്കോ അപമാനത്തിനോ വിധേയരാകുന്നില്ലെന്ന് ഉറപ്പുവരുത്താനുതകുംവിധം സംസ്ഥാന സര്‍ക്കാറുകള്‍ നടപടിക്രമങ്ങള്‍ക്ക് രൂപം നല്‍കണം. ഇത്തരം വ്യക്തികളില്‍ നിന്ന് വിവരം സ്വീകരിക്കുന്നതിന് വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനം വ്യാപകമായി പ്രയോജനപ്പെടുത്തണം. അപകടത്തില്‍പ്പെടുന്നവരെ ആശുപത്രിയിലെത്തിക്കുന്നവരെയോ ഒപ്പം വരുന്നവരെയോ തടഞ്ഞുവെക്കുകയോ അഡ്മിഷന്‍/രജിസ്‌ട്രേഷന്‍ തുക ആവശ്യപ്പെടുകയോ ചെയ്യരുതെന്ന് പൊതു-സ്വകാര്യമേഖലയിലുള്ള എല്ലാ രജിസ്റ്റേര്‍ഡ് ആശുപത്രികള്‍ക്കും ആരോഗ്യകുടുംബ ക്ഷേമ മന്ത്രാലയം മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കണം. ബന്ധുവാണ് പരിക്കേറ്റയാളെ ആശുപത്രിയില്‍ കൊണ്ടുവരുന്നതെങ്കില്‍ ഇത് ബാധകമല്ല. പരിക്കേറ്റയാള്‍ക്ക് ഉടന്‍ ചികിത്സ ലഭ്യമാക്കാനും ആശുപത്രി തയ്യാറാകണം.
അടിയന്തര വൈദ്യസഹായത്തിന് വിമുഖത കാട്ടുന്ന ഡോക്ടര്‍ക്കെതിരെ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ നിയമപ്രകാരമുള്ള അച്ചടക്ക നടപടി സ്വീകരിക്കും. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നവരെ തടഞ്ഞുവെക്കുകയോ ചികിത്സക്ക് പണമാവശ്യപ്പെടുകയോ ചെയ്യില്ലെന്ന് എല്ലാ ആശുപത്രികളുടെയും പ്രവേശന കവാടങ്ങളില്‍ ഹിന്ദിയിലും ഇംഗ്ലീഷിലും പ്രാദേശിക ഭാഷകളിലും എഴുതി പ്രദര്‍ശിപ്പിക്കണം.
പരിക്കേറ്റയാളെ ആശുപത്രിയെത്തിക്കുന്നവര്‍ക്ക് അവര്‍ ആവശ്യപ്പെടുന്ന പക്ഷം കൊണ്ടുവന്ന സമയം, അപകടം നടന്ന സ്ഥലം എന്നിവ രേഖപ്പെടുത്തി അക്‌നോളജ്‌മെന്റ് നല്‍കണം. മേല്‍പ്പറഞ്ഞ മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാ ആശുപത്രികളും അടിയന്തരമായി നടപ്പാക്കണം. അല്ലാത്തവക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഇത് സംബന്ധിച്ച വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here