Connect with us

Sports

ഗ്രേറ്റ് ഫറ

Published

|

Last Updated

ബീജിംഗ്: ബ്രിട്ടന്റെ മോ ഫറ ചരിത്രം സൃഷ്ടിച്ചു. ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ 10000 മീറ്ററില്‍ ചാമ്പ്യനായ മോ ഫറ, അന്താരാഷ്ട്ര തലത്തില്‍ തുടരെ ആറാം തവണയും പത്തായിരം മീറ്ററില്‍ ജേതാവാകുന്ന ആദ്യ താരമായി. ഏഴ് വര്‍ഷം മുമ്പ്, 2008 ഒളിമ്പിക്‌സില്‍ ഇതേ പക്ഷിക്കൂട് സ്റ്റേഡിയത്തില്‍ പത്തായിരം മീറ്ററില്‍ പരാജയപ്പെട്ട മോ ഫറ അയ്യായിരം മീറ്ററില്‍ ഹീറ്റ്‌സില്‍ പുറത്താവുകയും ചെയ്തിരുന്നു. ഇവിടെ, മോ ഫറ തിരിച്ചുവരവ് നടത്തിയിരിക്കുന്നു. മൂന്ന് കെനിയന്‍ താരങ്ങളുടെ വെല്ലുവിളി അതിജീവിച്ചാണ് ബ്രിട്ടീഷ് താരം സ്വര്‍ണമെഡല്‍ സ്വന്തമാക്കിയത്. അവസാന ലാപ്പ് 54.15 സെക്കന്‍ഡ്‌സിലാണ് മോ ഫറ പൂര്‍ത്തിയാക്കിയത്. കെനിയയുടെ ജെഫ്രി കാംവൊറോര്‍, പോള്‍ തനൂയി എന്നിവര്‍ക്ക് മോ ഫറയുടെ വേഗം കൈവരിക്കാന്‍ സാധിച്ചില്ല. ഫിനിഷിംഗിലാണ് എന്നും മോ ഫറ ഞെട്ടിക്കാറ്. അതിവിടെയും മാറിയില്ല. 27. 01.13 സെക്കന്‍ഡ്‌സിലാണ് മോ ഫറ ഇവിടെ ഫിനിഷ് ചെയ്തത്.
കെനിയയുടെ കാംവൊറര്‍ വെള്ളിയും തനുയി വെങ്കലവും നേടിയപ്പോള്‍ മോ ഫറയുടെ നാട്ടുകാരന്‍ ഗാലെന്‍ റുപ് അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
നിരോധിത ഉത്തേജകൗഷദം ഉപയോഗിക്കാന്‍ പ്രേരിപ്പിച്ചതുമായി ബന്ധപ്പെട്ട് മോ ഫറയുടെ പരിശീലകന്‍ ആല്‍ബര്‍ട്ടോ സാലസര്‍ വിവാദത്തില്‍ മുങ്ങിനില്‍ക്കുമ്പോഴാണ് മോ ഫറ ലോകചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ ജേതാവാകുന്നത്. മോസ്‌കോയില്‍ നടന്ന കഴിഞ്ഞ ലോകചാമ്പ്യന്‍ഷിപ്പില്‍ ദീര്‍ഘദൂര ഇനങ്ങളില്‍ ഡബിള്‍ സ്വര്‍ണം നേടിയിരുന്നു മോ ഫറ. അതുപോലെ ലണ്ടന്‍ ഒളിമ്പിക്‌സിലും ഫറ ഡബിള്‍ തികച്ചു. അടുത്താഴ്ച ഇവിടെ അയ്യായിരം മീറ്ററിലും മോ ഫറ മത്സരിക്കുന്നുണ്ട്. സ്വര്‍ണം നേടിയാല്‍, ബ്രിട്ടന്റെ എക്കാലത്തേയും അത്‌ലറ്റ് എന്ന ലേബലോടെയാകും മോ ഫറ ബീജിംഗ് ഗെയിംസ് നഗരി വിടുക.
ഗാറ്റ്‌ലിന്‍, ബോള്‍ട്ട് സെമിയില്‍…
നൂറ് മീറ്ററില്‍ ഗ്ലാമര്‍ പോരാട്ടം ഉറപ്പ് നല്‍കുന്നതായിരുന്നു ഹീറ്റ്‌സിലെ പ്രകടനം. അമേരിക്കയുടെ വിവാദ സ്പ്രിന്റര്‍ ജസ്റ്റിന്‍ ഗാറ്റ്‌ലിന്‍ ഹീറ്റ്‌സിലെ ഏറ്റവും വേഗമേറിയ (9.83) താരമായപ്പോള്‍ ജമൈക്കന്‍ ഇതിഹാസം ഉസൈന്‍ ബോള്‍ട്ട് (9.96) ഹീറ്റ്‌സില്‍ ഞെട്ടിക്കുന്ന പ്രകടനത്തിന് നിന്നില്ല. വേഗം കുറഞ്ഞ തുടക്കമായിരുന്നു ബോള്‍ട്ടിന്റെത്. അറുപത് മീറ്ററിന് ശേഷം അസാമാന്യ വേഗം കൈവരിക്കുന്ന ബോള്‍ട്ടിന്റെ മാന്ത്രികപ്രകടനം ഇന്നലെ കണ്ടില്ല. പരുക്കുമായി മല്ലിടുന്നതിനിടയിലാണ് ബോള്‍ട്ട് ട്രാക്കിലേക്ക് തിരിച്ചെത്തിയത്. പൂര്‍ണമായും പഴയ ആരോഗ്യാവസ്ഥയിലേക്കെത്തിയിട്ടില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു ബോള്‍ട്ടിന്റെ പ്രകടനം.
എട്ട് വര്‍ഷം മുമ്പ് ഒസാകയില്‍ ചാമ്പ്യനായ ടൈസണ്‍ ഗേ രണ്ടാം ഹീറ്റ്‌സില്‍ 10.11 സെക്കന്‍ഡ്‌സില്‍ ഫിനിഷ് ചെയ്ത് സെമിയിലെത്തി. ബ്രിട്ടന്റെ ചാമ്പ്യന്‍ സി ജെ ഉജെയ് 10.05 സെക്കന്‍ഡ്‌സിലും ഫിനിഷ് ചെയ്തു.
റുഡിഷ സെമിയില്‍…
പുരുഷവിഭാഗം 800 മീറ്ററില്‍ കെനിയയുടെ ഡേവിഡ് റുഡിഷയും നിലവിലെ ചാമ്പ്യനായ എത്യോപ്യയുടെ മുഹമ്മദ് അമനും സെമിഫൈനലില്‍ പ്രവേശിച്ചു. കോമണ്‍വെല്‍ത്ത് ഗെയിംസ് ചാമ്പ്യനായ ബോസ്വാനയുടെ നൈജല്‍ അമോസും ഇന്ന് നടക്കുന്ന സെമിഫൈനലിന് യോഗ്യത നേടിയിട്ടുണ്ട്. പക്ഷിക്കൂട് സ്റ്റേഡിയത്തില്‍ നൈജല്‍ അമോസ് ഒരു മിനുട്ട് 47.23 സെക്കന്‍ഡ്‌സിലാണ് ഹീറ്റ്‌സ് ഫിനിഷ് ചെയ്തത്. ഒളിമ്പിക് ചാമ്പ്യനായ ഡേവിഡ് റുഡിഷ 1.48.31 സെക്കന്‍ഡ്‌സിലാണ് ഹീറ്റ്‌സില്‍ ജേതാവായത്. ഇത് റുഡിഷയുടെ മോശം പ്രകടനമാണ്. സെമിഫൈനലില്‍ കുറേക്കൂടി മെച്ചപ്പെട്ട പ്രകടനം ഉറപ്പ് നല്‍കിയാണ് റുഡിഷ തട്ടകം വിട്ടത്. ഫിനിഷിംഗിലെത്തുമ്പോഴേക്കും വേഗം കുറയുന്നതാണ് റുഡിഷ നേരിടുന്ന പ്രശ്‌നം.
വനിതകളുടെ ഹെപ്റ്റാത്തലണില്‍ നൂറ് മീറ്റര്‍ ആരംഭിച്ചു. ഡച്ച് വനിത നദീനെ വിസെര്‍ 12.81 സെക്കന്‍ഡ്‌സില്‍ വ്യക്തികത പ്രകടനം മെച്ചപ്പെടുത്തി ഒന്നാമതായി. ബ്രിട്ടന്റെ ജെസീക എനിസ് ഹില്‍ (12.91 സെക്കന്‍ഡ്‌സ്), കാനഡയുടെ ബ്രിയാനെ തീസെന്‍ ഈറ്റന്‍ എന്നിവര്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. ഒളിമ്പിക് ചാമ്പ്യനായ എന്നിസ്-ഹില്‍ ഹൈജമ്പില്‍ 1.86 മീറ്റര്‍ ഉയരം കണ്ടെത്തി. കാതറീന ജോണ്‍സന്‍ 1.89 മീറ്ററില്‍ ഒന്നാംസ്ഥാനത്തെത്തി.
ഇന്ത്യയിറങ്ങുന്നു…
ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പോരാട്ടങ്ങള്‍ ഇന്നാരംഭിക്കും. ഷോട്ട്പുട്ടില്‍ ഇന്ദര്‍ജീത് സിംഗ്, 20 കിലോമീറ്റര്‍ നടത്ത മത്സരത്തില്‍ പങ്കെടുക്കുന്ന ബല്‍ജിന്ദര്‍ സിംഗ്, ചന്ദന്‍ സിംഗ്, ഗുര്‍മീത് സിംഗ് എന്നിവര്‍ ഏറ്റവും മികച്ച വ്യക്തിഗത പ്രകടനം ലക്ഷ്യമിടുന്നു. ഗുര്‍മീത് സിംഗ് 2012, 2013 വര്‍ഷങ്ങളില്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് മെഡല്‍ ജേതാവാണ്. 62 പേര്‍ മത്സരിക്കുന്ന ഇനത്തില്‍ ഇരുപത്തേഴാം റാങ്കിംഗിലാണ് ഗുര്‍മീത്. ആദ്യ പത്തില്‍ ഇടം പിടിക്കുകയാണ് ഗുര്‍മീത് ഉള്‍പ്പെടുന്ന നടത്തക്കാരുടെ ലക്ഷ്യം.
ഏഷ്യന്‍ ചാമ്പ്യനും ലോക സര്‍വകലാശാല ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവുമായ ഷോട്പുട് താരം ഇന്ദര്‍ജീത് സിംഗ് വലിയ പ്രതീക്ഷയാണ്. മാംഗലൂരില്‍ നടന്ന ഫെഡറേഷന്‍ കപ്പില്‍ 20.65 മീറ്ററില്‍ മികച്ച വ്യക്തിഗത പ്രകടനം പുറത്തെടുത്തിരുന്നു.
32 വര്‍ഷത്തെ ചാമ്പ്യന്‍ഷിപ്പ് ചരിത്രത്തില്‍ 2003 ല്‍ അഞ്ജു ബോബി ജോര്‍ജ് ലോംഗ് ജമ്പിലൂടെ നേടിയ വെങ്കലം മാത്രമാണ് ഇന്ത്യക്ക് അഭിമാനിക്കാനുള്ളത്.
2005 എഡിഷനില്‍ അഞ്ജുവിന് നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. അതേ വര്‍ഷം ഡിസ്‌കസ് ത്രോയില്‍ വികാസ് ഗൗഡ ഫൈനലിലെത്തിയെങ്കിലും ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 1983ല്‍ ലോകചാമ്പ്യന്‍ഷിപ്പ് ആരംഭിച്ചതിന് ശേഷം ഫൈനല്‍ കളിച്ച രണ്ട് പേര്‍ കൂടിയാണ് അഞ്ജു ബോബിയും വികാസ് ഗൗഡയും.
ഇത്തവണയും വികാസ് ഗൗഡ മികച്ച ഫോമിലാണ്. വനിതകളുടെ 800 മീറ്ററില്‍ മലയാളി അത്‌ലറ്റ് ടിന്റു ലൂക്കയുടെ റാങ്കിംഗ് പത്താണ്. പി ടി ഉഷയുടെ ശിഷ്യയില്‍ നിന്ന് തകര്‍പ്പന്‍ പ്രകടനം പ്രതീക്ഷിക്കാം. ആദ്യമായ് ഇന്ത്യ മാരത്ഥണില്‍ മൂന്ന് അത്‌ലറ്റുകളെ പരീക്ഷിക്കുന്നു. ഒ പി ജെയ്ഷ, ലളിത ബബര്‍, സുധ സിംഗ്. ലളിത മൂവായിരം മീറ്റര്‍ സ്റ്റീപിള്‍ചേസിലും മത്സരിക്കുന്നു.

Latest