Connect with us

National

എന്‍ ഡി എയില്‍ ഭിന്നാഭിപ്രായം

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യാ- പാക് ദേശീയ ഉപദേഷ്ടൃതല ചര്‍ച്ചയെ കുറിച്ച് ഭരണ മുന്നണിയായ എന്‍ ഡി എയിലെ കക്ഷികള്‍ക്ക് വ്യത്യസ്ത നിലപാട്. പാക്കിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളായ ജമ്മുകാശ്മീര്‍, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നുള്ള മുന്നണി നേതാക്കള്‍ ചര്‍ച്ചയെ അനുകൂലിക്കുമ്പോള്‍ ശിവസേനക്ക് ഇക്കാര്യത്തില്‍ വിയോജിപ്പാണുള്ളത്.
പഞ്ചാബില്‍ നിന്നുള്ള ശിരോമണി അകാലി ദള്‍ നേതാവും രാജ്യസഭാംഗവുമായ നരേഷ് ഗുജറാള്‍ എന്‍ എസ് എ ചര്‍ച്ചകളോട് അനുകൂല നിലപാടെടുത്തു. പാക്കിസ്ഥാനിലെ സിവിലിയന്‍ സര്‍ക്കാറുമായി ചര്‍ച്ചയില്‍ ഏര്‍പ്പെടുന്നത് എന്തുകൊണ്ടും ഉചിതമാണെന്ന് അദ്ദേഹം പറഞ്ഞു. അതിര്‍ത്തി സംസ്ഥാനമെന്ന നിലയില്‍ തങ്ങള്‍ക്ക് ചര്‍ച്ചയോട് അനുകൂലമായ നിലപാടെടുക്കാനേ കഴിയൂവെന്നും ബി ജെ പി ഭരിക്കുന്ന സംസ്ഥാനത്ത് നിന്നുള്ള അകാലിദള്‍ നേതാവ് വ്യക്തമാക്കി.
ദേശീയ ഉപദേഷ്ടൃതല ചര്‍ച്ചയുടെ വിജയത്തിനായി താന്‍ പ്രാര്‍ഥിക്കുകയാണെന്നാണ് ജമ്മുകാശ്മീര്‍ മുഖ്യമന്ത്രിയും പി ഡി പി നേതാവുമായ മുഫ്തി മുഹമ്മദ് സഈദ് പറഞ്ഞത്. എന്നാല്‍, പാക്കിസ്ഥാനുമായുള്ള ചര്‍ച്ചകള്‍ക്ക് യാതൊരു അടിസ്ഥാനവും കാണുന്നില്ലെന്ന് ശിവസേന പറയുന്നു. പാക്കിസ്ഥാന്റെ നയരൂപവത്കരണത്തെ സ്വാധീനിക്കാന്‍ പോന്ന ഒരു ശേഷിയും പ്രധാനമന്ത്രി നവാസ് ശരീഫിനില്ലെന്നാണ് പാര്‍ട്ടി കരുതുന്നതെന്ന് ശിവസേന എം പി സഞ്ജയ് റൗത്ത് പറഞ്ഞു. ഈ സാഹചര്യത്തില്‍ അവരുമായുള്ള ചര്‍ച്ചകള്‍ക്ക് ഒരു അടിസ്ഥാനവുമില്ല. ഇന്ത്യ ഭീകരവാദത്തിനെതിരെ ശക്തമായ നിലപാടെടുത്ത് മുന്നോട്ടുപോകുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest