പുതിയ മിസൈല്‍ പുറത്തിറക്കി; ആണവ കരാറിനെ ബാധിക്കില്ലെന്ന് ഇറാന്‍

Posted on: August 23, 2015 6:00 am | Last updated: August 23, 2015 at 12:13 am
SHARE

 

ടെഹ്‌റാന്‍: 500 കിലോമീറ്റര്‍ വരെ ദൂരപരിധിയിലെ ലക്ഷ്യസ്ഥാനങ്ങളില്‍ കൃത്യമായി പതിക്കാന്‍ ശേഷിയുള്ള പുതിയ മിസൈല്‍ ഇറാന്‍ പുറത്തിറക്കി. ഫതഹ് 313 എന്ന പേരിലാണ് രാജ്യത്തെ പ്രതിരോധ മന്ത്രാലയം ഈ പുതിയ ഖര-ഇന്ധന മിസൈല്‍ പുറത്തിറക്കിയിരിക്കുന്നത്. ഇറാനും ലോക ശക്തികളും തമ്മില്‍ നടത്തിയ ആണവകരാറിന് ഒരു മാസം പിന്നിടുന്നതിനിടെയാണ് ഇറാന്‍ ഇത്തരം ഒരു സംരംഭവുമായി രംഗത്തെത്തിയിരിക്കുന്നത്. പാശ്ചാത്യ രാജ്യങ്ങള്‍ നടപ്പാക്കിയ സാമ്പത്തിക ഉപരോധങ്ങള്‍ പിന്‍വലിക്കണമെങ്കില്‍ ആണവ പദ്ധതികള്‍ ഉപേക്ഷിക്കണമെന്ന് ലോക രാജ്യങ്ങള്‍ ഇറാന് കര്‍ശനമായി നിര്‍ദേശം നല്‍കിയിരുന്നു. ഈ കരാര്‍ പ്രകാരം അടുത്ത എട്ട് വര്‍ഷത്തിനിടെ ഇറാനിലേക്ക് ബാലിസ്റ്റിക് മിസൈല്‍ സാങ്കേതിക വിദ്യ കൈമാറുന്നത് യു എന്‍ സുരക്ഷാ സമിതിയുടെ വ്യവസ്ഥപ്രകാരമായിരിക്കുമെന്നും അത്തരത്തിലുള്ള ഏത് അഭ്യര്‍ഥനകളും നിരസിക്കാന്‍ അനുമതിയുണ്ടെന്നും യു എന്‍ വ്യക്തമാക്കിയിരുന്നു. അഞ്ച് വര്‍ഷത്തേക്ക് വ്യവസ്ഥപ്രകാരമുള്ള ആയുധങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഉപരോധവും പിന്‍വലിച്ചിരുന്നു.
തങ്ങളുടെ സൈനിക ശേഷി നിയന്ത്രിക്കുന്ന ആണവ കരാറിന്റെ ഭാഗമല്ല ഇതെന്നാണ് ഇറാന്‍ പ്രതികരിക്കുന്നത്. തങ്ങള്‍ക്ക് ആവശ്യമുള്ള ഏത് ആയുധങ്ങളും വാങ്ങുകയും വില്‍ക്കുകയും വികസിപ്പിക്കുകയും ചെയ്യും. ഈ വിഷയത്തില്‍ ആരുടെയും അനുവാദം തേടുകയില്ല- സ്റ്റേറ്റ് ടെലിവിഷന്‍ പുറത്ത് വിട്ട മിസൈല്‍ പ്രകാശന ചടങ്ങില്‍ സംസാരിക്കവെ റൂഹാനി വ്യക്തമാക്കി. ഞങ്ങള്‍ ശക്തരായിരിക്കുമ്പോഴാണ് ലോകത്തെ വ്യത്യസ്ത രാജ്യങ്ങളുമായി ചര്‍ച്ച നടത്താന്‍ സാധിക്കുക. രാജ്യത്തിന് വേണ്ടത്ര ശക്തിയും സ്വാതന്ത്രവും ലഭിക്കുന്നില്ലെങ്കില്‍ യഥാര്‍ഥ സമാധാനം അനുഭവിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇറാന്റെ പ്രതിരോധ ദിനത്തിലാണ് ഫതഹ് 313 പ്രകാശനം ചെയ്തത്. ഇതിന്റെ പരീക്ഷണം വിജയിച്ചിട്ടുണ്ടെന്നും വിപുലമായ ഉത്പാദനം ഉടന്‍ ആരംഭിക്കുമെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. മധ്യേഷ്യയില്‍ ഏറ്റവും വലിയ ആയുധ ശേഖരമുള്ള രാജ്യമാണ് ഇറാന്‍. മേഖലയില്‍ തങ്ങളോട് സഖ്യത്തിലേര്‍പ്പെട്ടിരിക്കുന്ന രാജ്യങ്ങളുമായി ആയുധ കൈമാറ്റം നടത്തുന്നതിനു പുറമെ പ്രധാന ശത്രുവായ ഇസ്‌റാഈലിനെതിരെ സാധ്യമായ മുഴുവന്‍ പ്രതിരോധങ്ങളും തീര്‍ക്കുന്നതിനുമായി ആയുധങ്ങള്‍ ഇറക്കുമതിയും ഇറാന്‍ നടത്തുന്നുണ്ട്.