Connect with us

Articles

സഭാ സ്തംഭനത്തിന്റെ (അ)രാഷ്ട്രീയം

Published

|

Last Updated

എല്ലാ മനുഷ്യരും തുല്യരായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ആരും ആര്‍ക്കും മീതെയോ ആരും ആര്‍ക്കും താഴെയോ അല്ല എന്ന കാഴ്ചപ്പാടില്‍ നിന്നാണ് ജനാധിപത്യം എന്ന ആശയം ഉരുത്തിരിഞ്ഞുവന്നത്. കഴിവു കൂടിയവന്‍ കഴിവു കുറഞ്ഞവനെ അടക്കി ഭരിക്കുക എന്ന കാട്ടുനീതിയുടെ സ്ഥാനത്ത് കഴിവില്ലാത്തവരെ കഴിവുള്ളവര്‍ സംരക്ഷിക്കുക എന്ന സമുന്നത സങ്കല്‍പമാണ് ജനാധിപത്യസംരക്ഷണത്തിന്റെ അന്ത:സത്ത. ഈ തത്വങ്ങളൊക്കെ കേവലം ഏട്ടിലെ പശുക്കളായി നിലനില്‍ക്കുന്നു. പക്ഷെ ജനാധിപത്യത്തിന്റെ രഥ ചക്രങ്ങള്‍ ഇന്ത്യയിലെ പാവപ്പെട്ട ജനങ്ങളുടെ നെഞ്ചത്തൂടെ ഉരുളുന്ന കാഴ്ചയാണ് നമ്മള്‍ കാണുന്നത്. ചക്രവര്‍ത്തിമാരുടെയും അവരുടെ സാമാന്തന്മാരായ രാജാക്കന്മാരുടെയും അവരുടെ കീഴിലുള്ള നാടുവാഴികളുടെയും ഭരണകാലത്ത്, ഭരണത്തെ പൊതിഞ്ഞുകിടന്നിരുന്ന ചില തിരശ്ശീലകള്‍ ജനാധിപത്യ വ്യവസ്ഥയില്‍ പൂര്‍ണമായിട്ടും മാറ്റപ്പെട്ടു എന്നത് അത്ര ചെറിയ കാര്യമൊന്നുമല്ല. ധൂര്‍ത്തിനും അഴിമതിക്കും ആശ്രിത വാത്സല്യത്തിനുമൊന്നും അന്നു കുറവൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ അന്നാരും അഴിമതി, താന്തോന്നിത്തം തുടങ്ങിയ വാക്കുകളുപയോഗിച്ചിരുന്നില്ല. രാജാക്കന്മാര്‍ക്കും പ്രജകള്‍ക്കും ഒക്കെ അവര്‍ക്കു ബോധിച്ചതുപോലെ ഒക്കെ പെരുമാറാനുള്ള അവകാശം പൊതുജനം അംഗീകരിച്ചുകൊടുത്തിരുന്നു.ഇന്ന് അതുമാറി കാര്യങ്ങള്‍ കൂടുതല്‍ സുതാര്യമായി.രാജാവിന്റെ നെറ്റിയിലെ ചെളിയെ ചെളിയെന്നു തന്നെ വിളിക്കാന്‍ ഉള്ള ധൈര്യം ചെറിയ കുട്ടികള്‍ക്കു മാത്രമല്ല മുതിര്‍ന്നവര്‍ക്കും കൈവന്നു.
കഴിഞ്ഞ ജൂലൈ 21ന് ജനഗണമന പാടി ആരംഭിച്ച് ആഗസ്റ്റ് 13ന് വന്ദേമാതരം പാടി അവസാനിപ്പിച്ച ഇന്ത്യന്‍ പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ കാലസമ്മേളനത്തില്‍ എന്തൊക്കെയാണു നടന്നതെന്നു പത്രങ്ങളും ടി.വിയും ഒക്കെ തദ്‌സമയം നമ്മള്‍ക്കു കാണിച്ചു തന്നു. സാധാരണ ഗതിയില്‍ ആറും ഏഴും മണിക്കൂര്‍ കൂടേണ്ടിയിരുന്ന ലോകസഭയും രാജ്യസഭയും കഷ്ടിച്ച് അരമണിക്കൂര്‍ സമ്മേളിച്ചു മുദ്രാവാക്യം വിളിച്ചും, ബഹളംവച്ചും പിരിയുകയായിരുന്നു. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളില്‍നിന്നും ദല്‍ഹിയിലെത്തി പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ നിയുക്തരായ ജനപ്രതിനിധികള്‍ക്കു രാഷ്ട്രം രാജകീയമായ സൗകര്യങ്ങളാണ് ഉറപ്പുനല്‍കിയിരിക്കുന്നത്. ഇത്തരം എല്ലാ സൗകര്യങ്ങള്‍ക്കും പുറമേയാണ് സഭ സമ്മേളിക്കുന്ന ദിവസം പ്രതിദിനം 2000രൂപ പ്രത്യേക പടിയും നല്‍കുന്നത്. ആ തുക 3000 ആക്കി വര്‍ദ്ധിപ്പാക്കാനുള്ള പാര്‍ലമെന്റ് കമ്മിറ്റിയുടെ ശുപാര്‍ശയും അംഗീകരിക്കപ്പെടാന്‍ പോകുന്നു. കേവലം ഹാജര്‍ ബുക്കില്‍ സ്വന്തം പേരിനു നേരെ ഒപ്പിട്ടതുകൊണ്ട് മാത്രം ഈ തുക ഇവര്‍ക്കു ലഭിക്കില്ലെന്നു വന്നാല്‍ ഒരു പക്ഷേ സഭയുടെ നിയമാനുസൃത സമ്മേളനങ്ങള്‍ ഇത്ര കണ്ടുതടസ്സപ്പെടാന്‍ സാധ്യതയില്ല.
ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ഒരു സമ്മേളന കാലം മുഴുവന്‍ ഇങ്ങനെ അലംമ്പാക്കിയതിന് കോണ്‍ഗ്രസിനു പറയാനുള്ള ന്യായം മുമ്പ് തങ്ങള്‍ ഭരണപക്ഷത്തായിരുന്നപ്പോള്‍ ഇന്നത്തെ ഭരണകക്ഷി ഈ രീതിയില്‍ സഭാനടപടികള്‍ സ്തംഭിപ്പിച്ചുകൊണ്ട് മന്ത്രിമാരുടെ രാജി ആവശ്യപ്പെട്ടവരാണ്. രാജ്യത്തെ ഏറ്റവും ശ്രേഷ്ഠരായ വ്യക്തികള്‍ ആയിരിക്കണം ജനപ്രതിനിധികളും ഭരണാധികാരികളും എന്നാണ് സങ്കല്പം. അത്തരക്കാര്‍ക്കെതിരെ അഴിമതിയും സ്വജനപക്ഷപാദവും ആരോപിക്കപ്പെടുന്ന സാഹചര്യം ഉണ്ടായാല്‍ സ്വമേധയാസ്ഥാനത്തുനിന്നും മാറിനിന്നു അന്വേഷണത്തെ സ്വാഗതം ചെയ്യുന്ന എത്രയോ നല്ല മാതൃകകള്‍ നമ്മള്‍ കണ്ടിട്ടുള്ളതാണ്. ഇന്ന് അക്കാലം എല്ലാം പോയി ആരോപണം ഉണ്ടാകുക മാത്രമല്ല കീഴ്‌ക്കോടതി ശിക്ഷിച്ചാല്‍പ്പോലും മേല്‍ക്കോടതിയുടെ തീരുമാനം വരുന്നതുവരെ അധികാരകസേരയില്‍ അള്ളിപ്പിടിച്ചിരിക്കുന്നവരാണ് ഇന്നത്തെ ഭരണാധികാരികള്‍.
കേന്ദ്രത്തില്‍ സുഷമാസ്വരാജിന്റെ രാജി ആവശ്യപ്പെടുന്ന കേരളത്തിലെ കോണ്‍ഗ്രസുകാര്‍ കേരളത്തില്‍ ഉമ്മന്‍ചാണ്ടിയുടെയും കെ.എം മാണിയുടെയും ഒക്കെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിപക്ഷമുറവിളിയെ പുച്ഛിക്കുന്നു.എന്നിട്ടും കേരളത്തിലെ മാര്‍കിസ്റ്റ് എം.പിമാര്‍ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് എം.പിമാരുടെ തോളില്‍ തൂങ്ങി നിരന്തരമായ സഭാസ്തംഭനത്തിന് വഴിയൊരുക്കുന്നതില്‍ അഭിമാനം കൊള്ളുന്നു. ഇങ്ങനെ പോയാല്‍ ജനാധിപത്യത്തിന്റെ ഭാവി എന്തായിതീരുമെന്നു ഗണിച്ചെടുക്കാന്‍ അധിക കാലം വേണ്ടിവരില്ല. ഇന്ത്യ ജനാധിപത്യത്തിനു പാകമായിട്ടില്ലെന്നും ഫെഡറലിസം പ്രായോഗികമല്ലെന്നും ഒക്കെ സ്ഥാപിച്ചെടുക്കാന്‍ ആരൊക്കെയോ തിരശ്ശീലയ്ക്കു പിന്നില്‍ പതിയിരിക്കുന്നില്ലെ എന്ന ആശങ്കയും പലരും ഇതിനകം പ്രകടിപ്പിച്ചു കഴിഞ്ഞു.
ഇത് ഇന്ത്യയിലെ മാത്രം അവസ്ഥയല്ല. പാര്‍ലമെന്ററി ജനാധിപത്യം നിലവിലുള്ള മിക്ക രാജ്യങ്ങളിലും സമഗ്രാധിപത്യമാണ് ജനാധിപത്യത്തെക്കാള്‍ അഭികാമ്യം എന്ന ഒരു പൊതുധാരണ വളര്‍ത്തിയെടുക്കാന്‍ ചില ആസൂത്രിത നീക്കങ്ങള്‍ നടക്കുന്നില്ലെ എന്നു സംശയിക്കണം. കണ്ണുള്ളപ്പോള്‍ കണ്ണിന്റെ പ്രാധാന്യം മനസ്സിലാക്കപ്പെടുന്നില്ല എന്നുപറഞ്ഞതുപോലെ ചരിത്രത്തെ പിന്നോട്ട് അടിക്കാനുള്ള പൊതു ബോധ നിര്‍മിതിയെക്കുറിച്ച് നമ്മുടെ ജന പ്രതിനിധികളെങ്കിലും ജാഗ്രത പാലിക്കണം. ദല്‍ഹി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഇടഉഇ(ഇലിലേൃ ളീൃ വേല റല്‌ലഹീുശിഴ ീെരശലശേല)െ എന്ന ഏജന്‍സി 2013ല്‍ നടത്തിയ ലോകനീതി സര്‍വ്വേ ഫലം ഹിന്ദുപത്രത്തില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. (ഠവല ഒശിറൗ അൗഴ 2015) 22 സംസ്ഥാനങ്ങളില്‍ നിന്നായി 6000 പേരെ പങ്കെടുപ്പിച്ചു നടത്തിയ സര്‍വ്വേയില്‍ ജനാധിപത്യത്തില്‍ താത്പര്യം പ്രകടിപ്പിക്കുന്നവര്‍ നാല്പതു ശതമാനത്തിലും താഴെയാണെന്നു കാണുന്നു. ലിംഗം, ജാതി, മതം, വര്‍ഗ്ഗം തിരിച്ചുള്ള ഇത്തരം സര്‍വ്വേ ഇതേ ഏജന്‍സി 2005ലും നടത്തിയിരുന്നു. എട്ടു വര്‍ഷത്തിനുള്ളില്‍ ജനാധിപത്യ സംവിധാനങ്ങളുമായി പൊരുത്തപ്പെടാത്ത മദ്ധ്യവര്‍ഗ്ഗത്തിന്റെയും,ഉപരിവര്‍ഗ്ഗത്തിന്റെയും എണ്ണം കൂടുകയായിരുന്നു.തത്തുല്യമായ സര്‍വ്വേകള്‍ ഈ ഏജന്‍സി ബംഗ്ലാദേശ്, ശ്രീലങ്ക, പാക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലും നടത്തുകയുണ്ടായി. അഭിപ്രായപ്രകടനങ്ങളില്‍ ജനാധിപത്യത്തോട് അനുഭാവം പ്രകടിപ്പിക്കുന്നവര്‍ ബംഗ്ലാദേശ്, ശ്രീലങ്ക, പാക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലുള്ളതിലെക്കാള്‍ കുറവാണ് ഇന്ത്യയില്‍ എന്നു കാണുന്നു. ഉന്നത വിദ്യാഭ്യാസം നേടിയവരും പ്രൊഫഷനലുകളും സ്വത്തുടമകളും എന്ന നിലകളില്‍ കൂടുതല്‍ സാമൂഹാംഗീകാരം നേടിയവരാണ് ജനാധിപത്യത്തെക്കാള്‍ ഏറെ ഏകാധിപത്യത്തെ അനുകൂലിക്കുന്നത് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.രാജ്യത്തെ ദരിദ്ര ജനവിഭാഗങ്ങളും സാമൂഹ്യമായി പിന്നോക്കം നില്‍ക്കുന്നവരുമാണ് ജനാധിപത്യത്തില്‍ പ്രതീക്ഷയര്‍പ്പിക്കുന്നത് എന്നത് പ്രശ്‌നത്തിന്റെ മറുവശം.
ജനാധിപത്യ സംവിധാനത്തെ അനുകൂലിക്കുന്നവര്‍പ്പോലും ഇതിനെ ഒരു സങ്കീര്‍ണപ്രതിഭാസമായിട്ടാണ് വിലയിരുത്തുന്നത്. ഇന്ത്യ പാര്‍ലമെന്ററി സംവിധാനവും പഞ്ചവത്സര പൊതു തിരഞ്ഞെടുപ്പുകളും ഉപേക്ഷിക്കണമെന്ന് അഭിപ്രയപ്പെട്ടവരായിരുന്നു നാല്പത് ശതമാനത്തോളം ആളുകള്‍. ശക്തനായ ഒരു നേതാവിന്റെ കീഴിലുള്ള അച്ചടക്കത്തോടുക്കൂടിയ ജീവിതത്തെ അനുകൂലിക്കണമെന്ന അഭിപ്രയത്തോട് വിയോജിക്കുന്നവര്‍ കേവലം 35 ശതമാനം പേര്‍ മാത്രമായിരുന്നു. അതാതു വിഷയങ്ങളില്‍ അസാധാരണ വൈധഗ്ദ്ധ്യം ആര്‍ജിച്ചവര്‍ വേണം ബന്ധപ്പെട്ട വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ എന്ന അഭിപ്രയത്തോട് വിയോജിച്ചവര്‍ വെറും 33 ശതമാനമായിരുന്നു. ഈ ആശയം നടപ്പിലാക്കിയാല്‍ നമ്മുടെ ജനകീയ മന്ത്രിമാരുടെ അവസ്ഥ എന്താകും എന്ന കാര്യം അവര്‍ക്കിപ്പോഴെ ആലോചിച്ചു തുടങ്ങാവുന്നതാണ്. പട്ടാള ഭരണം കൈയ്യാളുന്നതില്‍ ആശങ്കപ്രകടിപ്പിച്ചവര്‍ വെറും 46 ശതമാനം മാത്രമായിരുന്നു. പേറ്റിക്കൊഴിച്ചുള്ള സര്‍വ്വേ ഫലങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍ വെറും 23 ശതമാനം പേര്‍ മാത്രമാണ് ഏതു തരത്തിലുള്ള സമഗ്രാധിപത്യത്തെക്കാളും നല്ലത് ഇന്നു നിലവിലുള്ള തരത്തിലുള്ള ശുദ്ധ പ്രാതിനിധ്യ ജനാധിപത്യം ആണ് എന്നഭിപ്രായപ്പെട്ടവര്‍.
പ്രതിഷേധിക്കാനും പ്രക്ഷോഭം നടത്താനുമുള്ള സ്വാതന്ത്ര്യമാണ് നിലവിലുള്ള പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ ഏറ്റവും നല്ല വശമായി സര്‍വ്വേയില്‍ സഹകരിച്ച ഭൂരിപക്ഷം പേരും കരുതുന്നത്.ഭക്ഷണം,വസ്ത്രം,പാര്‍പ്പിടം ഈ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പു വരുത്താന്‍ കഴിയുന്നത് നിലവിലുള്ള പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥയ്ക്കാണ് എന്ന അഭിപ്രായം പുലര്‍ത്തുന്നവരുടെ എണ്ണം വളരെ താഴെയാണ് എന്നത് അത്യന്തം ആശങ്കാജനകം ആണ്.
സ്ഥാപനവത്കൃതമായ ജനാധിപത്യ സ്ഥാപനങ്ങളില്‍ ഏതിലാണ് ജനങ്ങള്‍ കൂടുതല്‍ വിശ്വാസം അര്‍പ്പിക്കുന്നത് എന്നത് ഈ സര്‍വ്വേയിലെ മറ്റൊരു പ്രധാന പരിശോധനാ വിഷയമായിരുന്നു. 2005-ല്‍ എന്നതുപോലെ 2013ലും ഏറ്റവും കൂടുതല്‍ വിശ്വസിക്കാന്‍ കൊള്ളാത്ത സ്ഥാപനങ്ങളെന്ന നിലയില്‍ ജനങ്ങള്‍ വിലയിരുത്തിയ ജനാധിപത്യസ്ഥാപനങ്ങള്‍ ഇവിടത്തെ രാഷ്ട്രീയപാര്‍ട്ടികളെ ആയിരുന്നു. കാലം മുന്നോട്ട് ചെല്ലുംതോറും ജനങ്ങള്‍ക്കു രാഷ്ട്രീയപാര്‍ട്ടികളിലുള്ള വിശ്വാസം കുറഞ്ഞുവരുന്നു എന്നത് നമ്മുടെ രാഷ്ടീയ കക്ഷികള്‍ കുറേക്കൂടെ ഗൗരവത്തോടെ കാണേണ്ടതുണ്ട്. തങ്ങള്‍ നിര്‍ദ്ദേശിക്കുന്നതനുസരിച്ച് വോട്ടു രേഖപ്പെടുത്തുന്നവരെല്ലാം എന്നും എക്കാലത്തും തങ്ങളുടെ ചൊല്‍പ്പടിക്കു നിന്നുകൊള്ളും എന്ന വ്യാമോഹം രാഷ്ട്രീയ കക്ഷിള്‍ ഉപേക്ഷിക്കേണ്ടിയിരിക്കുന്നു.
ജനങ്ങളുടെ സമ്മതിദാനം പരോക്ഷമായെങ്കിലും ഉറപ്പു വരുത്താന്‍ ബാദ്ധ്യസ്ഥമായ രാഷ്ട്രീയ പാര്‍ട്ടികളിലുള്ള വിശ്വാസം പോലും യോഗ്യതയുടെ അടിസ്ഥാനത്തില്‍ നിയുക്തരാകുന്ന വിവിധ ബ്യൂറോക്രാറ്റ് സ്ഥാപനങ്ങളില്‍ ജനങ്ങള്‍ അര്‍പ്പിക്കുന്നില്ല എന്ന് വളരെ സുപ്രധാനമായ ഒരു കണ്ടെത്തലും ഈ സര്‍വ്വേ ആസൂത്രകര്‍ വെളിപ്പെടുത്തുകയുണ്ടായി. ജനങ്ങളുടെ ജീവനും സ്വത്തിനും നിയമാനുസൃത സുരക്ഷിതത്വം ഉറപ്പു നല്‍കുന്നവര്‍ എന്നു നിരീക്ഷിക്കപ്പെട്ടിരുന്ന പോലീസ് സംവിധാനത്തെയാണ് ഏറ്റവും കൂടുതല്‍ ജനങ്ങള്‍ തീര്‍ത്തും കൊള്ളാത്തതെന്ന നിലയില്‍ എഴുതിതള്ളുന്നത്.
2005ലെ സര്‍വ്വേയില്‍ നിന്നും 2013 ലെ സര്‍വ്വേയില്‍ കാണുന്ന ഒരു പ്രധാനവ്യത്യാസം ഒരു തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനം എന്ന നിലയില്‍ പാര്‍ലമെന്റില്‍ വിശ്വാസം അര്‍പ്പിച്ചിരിക്കുന്നവരുടെ എണ്ണത്തില്‍ നേരിയ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട് എന്നതാണ്. എങ്കിലും ഏറ്റവും കൂടുതല്‍ ജനങ്ങള്‍ വിശ്വാസമര്‍പ്പിക്കുന്ന സ്ഥാപനം മില്‍ട്ടറിയാണെന്നു സര്‍വ്വേഫലം അത്യന്തം ആശങ്കാജനകമാണ്. അഴിമതിയുടെ കാര്യത്തില്‍ ജനം രാഷ്ട്രീയക്കാരെക്കാള്‍ കൂടുതല്‍ സംശയിക്കുന്നത് ഉദ്യോഗസ്ഥന്മാരെയാണെന്നത് നമ്മുടെ ആള്‍ക്കൂട്ട മനശാസ്ത്രത്തില്‍ പ്രകടമാകുന്ന പരസ്പരവൈരുദ്ധ്യത്തെ വെളിപ്പെടുത്തുന്നുണ്ട്. സാമാന്യവിദ്യാഭ്യാസം മാത്രം നേടിയിട്ടുള്ള രാഷ്ട്രീയക്കാരെ അഴിമതിയുടെയും പിടിപ്പുകേടിന്റെയും കാര്യത്തില്‍ ബഹുദൂരം പിന്നിലാക്കാന്‍ ഉന്നത വിദ്യാഭ്യാസവും വിദഗ്ദ പരിശീലനവും നേടിയിട്ടുള്ള നമ്മുടെ സിവില്‍ സര്‍വ്വീസ് പ്രമുഖര്‍ക്കു കഴിയുന്നു എന്നതും ഏറെ ഗൗരവത്തേടെ കാണേണ്ടതുണ്ട്. ഉന്നത വിദ്യാഭ്യാസത്തിന്റെ മൂല്യച്യുതിയിലേക്കു കൂടിയാണ് ഇത് വിരല്‍ ചൂണ്ടുന്നത്. സമൂഹം കള്ളന്മാരെ ഉല്‍പാദിപ്പിക്കുന്നു.വിദ്യാഭ്യാസം ഒരുവനെ ബുദ്ധിയുള്ള കള്ളനാക്കി മാറ്റുന്നു എന്ന് ഒസ്‌കര്‍വൈല്‍ഡ് നിരീക്ഷിച്ചിട്ടുണ്ട്. പോലീസില്‍ മാത്രമല്ല കോടതികളിലും സാമാന്യ ജനത്തിനുണ്ടായിരുന്ന വിശ്വാസത്തിനു പടിപടിയായി ഇടിവുസംഭവിച്ചുകൊണ്ടിരിക്കുന്നു.
ഇത്തരം സര്‍വ്വേ ഫലങ്ങളില്‍ ഏറ്റവും കൂടുതല്‍ ആശങ്കാകുലരാകേണ്ടത് ഇവിടുത്തെ ജനപ്രതിനിധികളും പ്രാതിനിത്യജനാധിപത്യത്തില്‍ വിശ്വസിക്കുന്ന രാഷ്ട്രീയ കക്ഷികളുമാണ്. ആദ്യം രാജി, പിന്നീടാകാം ചര്‍ച്ച എന്ന പിടിവാശിയില്‍ നിന്ന് ഏറ്റവും ഒടുവില്‍ കോണ്‍ഗ്രസ്സിനു പിന്‍വാങ്ങേണ്ടിവന്നു. ചര്‍ച്ചയ്ക്കുള്ള അവസരം ഭരണകക്ഷി പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിക്കാന്‍ കിട്ടിയ അവസരം ആയി വിനിയോഗിച്ചു. പ്രതിപക്ഷനേതാവിന്റെ കുടുംബം ഒന്നാകെ ആക്ഷേപ പാത്രങ്ങളായി. സ്വന്തം ഭര്‍ത്താവു മാത്രമല്ല വിദേശത്തുള്ള സഹോദരിയും അഴിമതിയുടെ ഓഹരിക്കാരിയായി ചിത്രീകരിക്കപ്പെട്ടു.പാര്‍ലമെന്റ് സ്തംഭനത്തില്‍ കോണ്‍ഗ്രസ് ബിജെപിയെയാണ് മാതൃകയാക്കിയതെങ്കില്‍ അഴിമതി വിഷയത്തില്‍ ബിജെപി കോണ്‍ഗ്രസ്സിനെ മാതൃകയാക്കുകയാണെന്നു സുഷ്മാ സ്വരാജും അരുണ്‍ ജയ്റ്റലിയും പറയാതെ പറഞ്ഞുഫലിപ്പിച്ചു.ഇതിനെല്ലാം പുറമെ ഈ ദിവസങ്ങളില്‍ പാര്‍ലമെന്റ് സ്തംഭനത്തെ കേന്ദ്രീകരിച്ചു നടന്ന മാധ്യമ വിശകലനം ഒരു കാര്യം വളരെ വ്യക്തമാക്കി.കോടികളുടെ ധനകാര്യ തട്ടിപ്പുകളൊന്നും അത്ര വല്ല്യ കാര്യമായി നമ്മുടെ രാഷ്ട്രീയകക്ഷികള്‍ കരുതുന്നില്ല. വന്‍കിട കുത്തകകളും വിവിധതരം പണം ഇടപാടുകാരും അബ്കാരികളും കക്ഷി രാഷ്ട്രീയഭേധമന്യെ രാഷ്ട്രീയക്കാര്‍ക്കിഷ്ടപ്പെട്ട കറവ പശുക്കളാണ്. ഈ പശുക്കളെ ജനങ്ങളുടെ ജീവിതമെന്ന മേച്ചില്‍ പുറത്ത് യഥേഷ്ടം വിഹരിക്കാന്‍ അനുവദിക്കുന്നത് അത്രവല്ല്യ കുറ്റമൊന്നുമല്ല. നല്ല തുക പ്രതിഫലം പറ്റി വാദിക്കാന്‍ കഴിവുള്ള വക്കീലന്മാരുണ്ടെങ്കില്‍ ലളിത്‌മോഡി മാത്രമല്ല ക്വട്രോച്ചിയും ശശിതരൂരും, കെ.എം മാണിയും ആന്‍സേഴ്‌സനും എല്ലാം അവര്‍ക്കെതിരെ ആരേപിക്കപ്പെട്ട കുറ്റങ്ങളില്‍ നിന്നും പുഷ്പം പോലെ ഊരിപ്പോരും. വാദിക്കും പ്രതിക്കുവേണ്ടി ഒരുപോലെ വാദിക്കാന്‍ ശേഷിയുള്ള വക്കീല്‍ സിംഹങ്ങള്‍ സ്വന്തം വീട്ടീലുണ്ടായിപ്പോയി എന്നത് അത്രവല്ല്യ കുറ്റമൊന്നുമല്ലെന്ന് സുഷ്മസ്വരാജ് കരുതുന്നു.ഇതൊക്കെ തന്നെയായിരുന്നു പണ്ടു കോണ്‍ഗ്രസ്സുകാരും പറഞ്ഞിരുന്നത് . നമ്മുടെ നീതിന്യായവ്യ വസ്ഥയ്ക്ക് ദീര്‍ഘ നമോ വാകം. ഇങ്ങനെ പരസ്പരം മാതൃകകളാകുന്ന ഭരണകക്ഷി പ്രതിപക്ഷങ്ങളുടെ ആരോപണ പ്രത്യാരോപണങ്ങളല്ലെ ജനങ്ങള്‍ക്കു ജനാധിപത്യത്തിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്നത് എന്നുകൂടി ആലോചിക്കാവുന്നതാണ്.
ജനങ്ങള്‍ക്കു മാത്രമല്ല സാക്ഷാല്‍ വല്യേട്ടന്‍ നരേന്ദ്ര മോഡിക്കും ഈ പാര്‍ലമെന്ററി അഭ്യാസങ്ങളിലൊന്നും വല്ല്യ വിശ്വാസമൊന്നുമില്ലെന്നു പരസ്യപ്പെടുത്തുന്ന തരത്തിലാണല്ലോ പെരുമാറ്റം. ഡല്‍ഹിയില്‍ ഉണ്ടായിരുന്നിട്ടും ഈ ബഹളങ്ങള്‍ക്കൊരു തീര്‍പ്പുണ്ടാക്കുവാനുള്ള ശ്രമങ്ങളില്‍ വ്യാപരിക്കുന്നതുപോയിട്ട് അങ്ങോട്ടൊന്നു തിരിഞ്ഞുനോക്കാന്‍ പോലും ഈ വല്ല്യേട്ടന്‍ മെനക്കെട്ടില്ല. ഒരു പ്രധാനമന്ത്രി തന്നെ രാജ്യത്തെ നിയമ നിര്‍മാണസഭയെ അവഗണിക്കുന്നു എന്നു വരുന്നത് അത്രചെറിയ ഒരു കാര്യമല്ല. സ്വന്തം രാഷ്ട്രീയ കക്ഷികളിലെ രണ്ടാമന്‍മാരാണ് ഇന്ന് എല്ലാ ഒന്നാമന്‍മാരുടെയും -മുഖ്യശത്രു. പ്രതിയോഗികള്‍ക്ക് കടിച്ചുകീറാന്‍ പാകത്തില്‍ പ്രധാനശത്രുവിനെ എറിഞ്ഞുകൊടുക്കുക എന്ന തന്ത്രമാണ് നരേന്ദ്രമോഡി പരീക്ഷിച്ചത്. ലളിത്‌മോഡിയും ക്വട്ടറോച്ചിയും വാറന്‍ ആന്‍ഡേഴ്‌സനും ഇങ്ങനെ ചരിത്രത്തിന്റെ അലമാരിയില്‍ കോണ്‍ഗ്രസ്സുകാര്‍ സൂക്ഷിച്ചു വെച്ച ഒട്ടേറെ അസ്ഥി പജ്ഞരങ്ങളെ വലിച്ചു പുറത്തിട്ടുകൊണ്ട് സോണിയയ്ക്കും രാഹുലിനും ചുട്ടമറുപടികൊടുക്കാന്‍ ഭരണകക്ഷിക്കു കഴിഞ്ഞു.