‘ക്ഷേത്രം പണിയാന്‍ സ്ഥലം അനുവദിച്ചത് തെറ്റല്ല’

Posted on: August 23, 2015 6:00 am | Last updated: August 23, 2015 at 12:21 am
SHARE

gargash

അബുദാബി: അബുദാബിയില്‍ ക്ഷേത്രം പണിയാന്‍ സ്ഥലം അനുവദിക്കുന്നതിനെ വിമര്‍ശിക്കുന്നവര്‍ യാഥാര്‍ഥ്യബോധത്തോടെയല്ല, കാര്യങ്ങള്‍ കാണുന്നതെന്ന് യു എ ഇ വിദേശകാര്യ സഹമന്ത്രി ഡോ. അന്‍വര്‍ മുഹമ്മദ് ഗര്‍ഗാഷ്. ഈവിഷയം ഉയര്‍ത്തിക്കാട്ടി യു എ ഇയെ വിമര്‍ശിക്കുന്നവര്‍ തെറ്റായ ചിന്താധാരക്കനുസൃതമായി വസ്തുതകള്‍ അവണിക്കുന്നു.
അബുദാബിയില്‍ ക്ഷേത്രത്തിന് സ്ഥലം അനുവദിക്കുന്നതിനെ അനുകൂലിച്ചും ആക്ഷേപിച്ചും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ തുടരുന്ന പശ്ചാത്തലത്തിലാണ് മന്ത്രി തന്റെ നിലപാട് ട്വീറ്റ് ചെയ്തത്. തീരുമാനത്തെ അനുകൂലിച്ച് ചില ഇമാറാതികള്‍ നടത്തിയ ട്വീറ്റുകള്‍ വീണ്ടും ട്വീറ്റ് ചെയ്തിട്ടുമുണ്ട്.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭ്യര്‍ഥന പ്രകാരമാണ് അബുദാബിയില്‍ ക്ഷേത്രം പണിയാന്‍ സ്ഥലം അനുവദിക്കുന്നത്. ദുബൈയില്‍ രണ്ട് ക്ഷേത്രങ്ങളും ഗുരുദ്വാരയും ഉണ്ടെങ്കിലും അബുദാബിയില്‍ ഇതുവരെ ഹിന്ദു ആരാധനാലയങ്ങള്‍ നിലവില്‍വന്നിട്ടില്ല. 18-ാം നൂറ്റാണ്ട് മുതല്‍ അറേബ്യന്‍ മേഖലയില്‍ ഹിന്ദുമത വിശ്വാസികള്‍ ഉണ്ടായിരുന്നതായും ആരാധനാലയങ്ങള്‍ സ്ഥാപിച്ചിരുന്നു. എല്ലാ മതസ്ഥരും അവരവരുടെ ആചാരാനുഷ്ഠാനങ്ങള്‍ പാലിച്ചുകൊണ്ടുതന്നെ സഹിഷ്ണുതയോടെ കഴിയുന്ന രാജ്യമാണ് യു എ ഇയെന്ന അഭിപ്രായത്തെയും ഗര്‍ഗാഷ് പിന്തുണയ്ക്കുന്നു.
വിവിധ മതങ്ങളെയും സംസ്‌കാരങ്ങളെയും സഹിഷ്ണുതയോടെ ഉള്‍ക്കൊള്ളുന്നവരാണ് യു എ ഇക്കാര്‍. രണ്ട് നൂറ്റാണ്ടുമുമ്പ് ഇന്ത്യയില്‍ നിന്നെത്തിയ വ്യാപാരീസമൂഹത്തിന് ആരാധിക്കുന്നതിനായാണ് ദുബൈയില്‍ ക്ഷേത്രം നിര്‍മിച്ചത്. ഇത്തരം വസ്തുതകള്‍ നാം അവഗണിക്കാന്‍ പാടില്ല. വൃത്തികെട്ട നിലപാടുകളുള്ള ചിലരാണ് ഈയൊരു വിഷയം ഉപയോഗിച്ച് രാജ്യത്തെ വിമര്‍ശിക്കുന്നത്. തങ്ങളുടെ നിലപാട് ഭീകരവാദത്തിനും തീവ്രവാദത്തിനും അനുകൂല അന്തരീക്ഷമൊരുക്കുകയാണ് ചെയ്തതെന്ന സത്യം ഇവര്‍ പുനര്‍വിചിന്തനം ചെയ്യുമെന്ന് പ്രതീക്ഷിക്കാം. മുസ്‌ലിം സമൂഹംതന്നെ പല വിഭാഗങ്ങളായി തിരിയാനാണിത് കാരണമായത്. ഇത്തരം വിഷയങ്ങളില്‍ താന്‍ എപ്പോഴും തന്റെ രാജ്യത്തെ പിന്തുണയ്ക്കും. കാരണം പൗരന്മാരുടെ ക്ഷേമത്തിനായി നിലകൊള്ളുകയും ലോകത്തിന് മുമ്പില്‍ വിജയകരമായ അറേബ്യന്‍ മാതൃക തീര്‍ക്കുകയും ചെയ്ത രാജ്യമാണിത്, ഗര്‍ഗാഷ് ചൂണ്ടിക്കാട്ടി.