ഗതാഗതം; ഏഴ് വിദ്യാലയങ്ങളുമായി ആര്‍ ടി എ കരാറൊപ്പിട്ടു

Posted on: August 23, 2015 6:00 am | Last updated: August 23, 2015 at 12:12 am
SHARE

buss
ദുബൈ: 2,500 വിദ്യാര്‍ഥികള്‍ക്ക് ഗതാഗത സൗകര്യം ഏര്‍പ്പെടുത്താന്‍ ഉപയുക്തമാകുന്ന തരത്തില്‍ ഏഴ് വിദ്യാലയങ്ങളുമായി കരാറൊപ്പിട്ടതായി ദുബൈ ടാക്‌സി കോര്‍പറേഷന്‍ സി ഇ ഒ അഹ്മദ് അല്‍ സുവൈദി അറിയിച്ചു. 2015-16 വര്‍ഷത്തേക്കാണിത്. ജര്‍മന്‍ സ്‌കൂള്‍, സെന്റ്‌മേരീസ് സ്‌കൂള്‍, ദാര്‍ അല്‍ മരീഫ, ദുബൈ മോഡേണ്‍ എജ്യുക്കേഷന്‍, ഹാര്‍ട് ലാന്‍ഡ് ഇന്റര്‍നാഷനല്‍, ഇത്തിഹാദ്, ഇത്തിഹാദ് ജുമൈറ തുടങ്ങിയ വിദ്യാലയങ്ങളുമായാണ് കരാറൊപ്പിട്ടത്.
സുരക്ഷിതമായി വിദ്യാര്‍ഥികളെ വിദ്യാലയങ്ങളിലെത്തിക്കാനും തിരിച്ചെത്തിക്കാനും വേണ്ടിയാണ് പ്രത്യേക ബസുകള്‍ തയ്യാറാക്കിയിട്ടുള്ളത്. ആര്‍ ടി എ സ്‌കൂള്‍ ട്രാന്‍സ്‌പോര്‍ട് സര്‍വീസ് എന്ന പേരിലുള്ള ഈ സേവനം ഉപയോഗപ്പെടുത്താന്‍ 35 ഓളം വിദ്യാലയങ്ങള്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.
ആധുനിക സാങ്കേതികവിദ്യായുടെയും സി സി ടി വി ക്യാമറ ഉള്‍പടെയുള്ള സുരക്ഷാ സംവിധാനങ്ങളുടെയും സാന്നിധ്യം ബസുകളിലുണ്ടാകും. ബസിന്റെ ബോഡി ഉറപ്പുള്ളതായിരിക്കും. ഏതെങ്കിലും വാഹനങ്ങളുമായി കൂട്ടിയിടിക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് അപകടം സംഭവിക്കാത്തതരത്തിലാണ് സുരക്ഷാ സംവിധാനം. ജി ഐ എസ് സാങ്കേതിക വിദ്യയിലൂടെ ബസിന്റെ നീക്കങ്ങള്‍ നിര്‍ണയിക്കപ്പെടും. വിദ്യാലയങ്ങള്‍ക്ക് ആവശ്യമുണ്ടെങ്കില്‍ വൈഫൈ സൈകര്യം ഏര്‍പെടുത്തും. ഭിന്നശേഷിയുള്ള വിദ്യാര്‍ഥികള്‍ക്ക് കയറാന്‍ പാകത്തില്‍ സൗകര്യമുണ്ട്. അംഗവൈകല്യമുള്ള വിദ്യാര്‍ഥികള്‍ വീല്‍ചെയറിലാണെങ്കില്‍ അവ ബസിലേക്ക് കയറ്റുന്നതിനും ഇറക്കുന്നതിനും ഹൈഡ്രോളിക് സസ്‌പെന്‍ഷന്‍ സംവിധാനം ഉണ്ടായിരിക്കും. പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനമാണിത്. അഹ്മദ് അല്‍ സുവൈദി പറഞ്ഞു.
ഏറ്റവും വിദഗ്ധരായ ഡ്രൈവര്‍മാരെയും അറ്റന്റര്‍മാരെയുമാണ് ബസില്‍ നിയോഗിക്കുകയെന്ന് ദുബൈ ടാക്‌സി കോര്‍പറേഷന്‍ സ്‌കൂള്‍ ഗതാഗത വിഭാഗം മേധാവി മുഹമ്മദ് അബൂബക്കര്‍ അല്‍ ഹാശിമി അറിയിച്ചു. നിലവില്‍ സ്വകാര്യ കമ്പനികളാണ് വിദ്യാലയ ഗതാഗത സംവിധാനം നിയന്ത്രിക്കുന്നത്. എന്നാല്‍, 2024 ഓടെ ആര്‍ ടി എ ഈ രംഗത്ത് വലിയ മുന്നേറ്റം നടത്തുമെന്നും മുഹമ്മദ് അബൂബക്കര്‍ അല്‍ ഹാശിമി പറഞ്ഞു. ആര്‍ ടി എ യുടെ ഗതാഗത സംവിധാനം സംബന്ധിച്ച് വ്യാപക പ്രചാരണമാണ് നടത്തുക. ദുബൈ മോഡേണ്‍ എജ്യുക്കേഷന്‍ സ്‌കൂളില്‍ ആണ് ഉദ്ഘാടന ചടങ്ങുകള്‍ നടന്നത്.