ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാലുണ്ടെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്

Posted on: August 22, 2015 8:45 pm | Last updated: August 23, 2015 at 10:00 am
SHARE

davood ibrahim

ന്യൂഡല്‍ഹി: അധോലോക നായകനും മുംബൈ സ്‌ഫോടന പരമ്പര കേസില്‍ പിടികിട്ടാപ്പുള്ളിയുമായ ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനിലെ കറാച്ചിയിലുണ്ടെന്നതിന് ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് വ്യക്തമായ വിവരം ലഭിച്ചതായി റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ പാക്കിസ്ഥാന്‍ കള്ളം പറയുകയാണെന്നും റിപ്പോ ര്‍ട്ട് വ്യക്തമാക്കുന്നു. സുരക്ഷാ ഏജന്‍സികള്‍ക്ക് കിട്ടിയ വിവരപ്രകാരം ദാവൂദ് ഇബ്രാഹിം ഇപ്പോള്‍ കറാച്ചിക്ക് സമീപം ക്ലിഫ്റ്റണിലാണുള്ളത്. ഇയാളുടെ ഔദ്യോഗിക വിലാസത്തില്‍ ലഭിച്ച ഫോണ്‍ ബില്ലിന്റെ പകര്‍പ്പ് സുരക്ഷാ ഏജന്‍സികള്‍ക്ക് കിട്ടിയിട്ടുണ്ട്. ദൂവൂദിന്റെ ഭാര്യ മെഹ്ജബീന്‍ ശൈഖിന്റെ പേരിലാണ് 2015 ഏപ്രിലില്‍ അയച്ച ബില്‍. ഡി 13, ബ്ലോക്ക് 4, കറാച്ചി ഡെവലപ്‌മെന്റ് അതോറിറ്റി, ക്ലിഫ്റ്റന്‍ എന്നതാണ് ഫോണ്‍ ബില്ലിലുള്ള വിലാസം.
ക്ലീന്‍ ഷെയ്‌വ് ചെയ്ത രീതി യില്‍ ദാവൂദ് ഇബ്രാഹിമിന്റെ ഫോട്ടോയുള്ള പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പും അവര്‍ക്ക് ലഭിച്ചിട്ടുണ്ട്. ദാവൂദിന്റെ രണ്ട് ഫോട്ടോകളും പുറത്തുവിട്ടിട്ടുണ്ട്. ഭാര്യ മെഹ്ജബീന്‍ ശൈഖ്, മകന്‍ മുഈന്‍ നവാസ്, പെണ്‍മക്കളായ മഹ്‌റുഖ്, മെഹ്‌റീന്‍, മാസിയ എന്നിവരെക്കുറിച്ചുള്ള വിവരങ്ങളും സുരക്ഷാ ഏജന്‍സികള്‍ ശേഖരിച്ചു. പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം മുന്‍ കാപ്റ്റന്‍ ജാവേദ് മിയാന്‍ദാദിന്റെ മകനാണ് ദാവൂദിന്റെ മകള്‍ മഹ്‌റൂഖിനെ വിവാഹം കഴിച്ചത്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, ദാവൂദിന്റെ വിശ്വസ്തരായ ജാബിര്‍ സാദ്ദിഖ്, ജവൈദ് ചോതനി, മുംബൈ സ്‌ഫോടന കേസിലെ പ്രതികൂടിയായ ജാവേദ് പട്ടേല്‍ എന്നിവരും പാക്കിസ്ഥാനില്‍ തന്നെയുണ്ട്. ഇവര്‍ ഇടക്കിടെ ദുബൈ സന്ദര്‍ശിക്കാറുണ്ടെന്നും വ്യക്തമായിട്ടുണ്ട്.
അതിനിടെ, മുന്‍ പാക് പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ മകന്‍ ബിലാവല്‍ ഭൂട്ടോ സര്‍ദാരിയുടെ വീടിന് സമീപം 2003ല്‍ ദാവൂദ് ഇബ്രാഹിം സ്വത്ത് വാങ്ങിയതായും വിവരം ലഭിച്ചിട്ടുണ്ട്. ഇത് കൂടാതെ പാക്കിസ്ഥാനില്‍ വേറെ ഒമ്പതിടങ്ങളില്‍ സ്വത്തുക്കള്‍ ഉണ്ടെന്നാണ് സൂചന. ഇബ്രാബിമിന് കറാച്ചിയിലുള്ള ആറ് വിലാസങ്ങളെ കുറിച്ചുള്ള വ്യക്തമായ വിവരം ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ചിട്ടുണ്ട്. നേരത്തെ ചികിത്സയിലായിരുന്ന സിയാഉദ്ദീന്‍ ആശുപത്രിക്ക് സമാപമുള്ള വീടാണ് ദാവൂദ് ഇപ്പോള്‍ സ്വന്തമാക്കിയത്. ഈ വിവരവും ദേശീയ സുരക്ഷാ ഉപദേഷ്ടൃതല ചര്‍ച്ചയില്‍ പാക്കസ്ഥാന് കൈമാറും.
ഇന്ന് പാക്കിസ്ഥാനുമായി നടക്കാനിരിക്കുന്ന സുരക്ഷാ ഉപദേഷ്ടൃതല ചര്‍ച്ചയില്‍ ഭീകരവാദം വിഷയമാകുമ്പോള്‍ അതില്‍ ദാവൂദ് ഇബ്രാഹിമും ഉള്‍പ്പെടുമെന്നാണ് കരുതുന്നത്. നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നിലപാടുകള്‍ കര്‍ക്കശമാക്കാന്‍ കഴിയുമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. പാക്കിസ്ഥാനില്‍ ദാവൂദ് ഇബ്രാഹിമിനുള്ള മൂന്ന് പാസ്‌പോര്‍ട്ടുകള്‍ സംബന്ധിച്ചും അവിടെ അയാള്‍ക്കുള്ള മൂന്ന് വിലാസങ്ങളെ കുറിച്ചും ഇന്ത്യയുടെ സുരക്ഷാ ഉദേഷ്ടാവ് പാക് സുരക്ഷാ ഉപദേഷ്ടാവായ സര്‍താജ് അസീസിന്റെ ശ്രദ്ധയില്‍ കൊണ്ടുവരും.
മോയിന്‍ പ്ലേയ്‌സ- അബ്ദുല്ല ഷാ ഘാസിക്ക് സമീപം- ദര്‍ഗ റോഡ്- ക്ലിഫ്റ്റണ്‍- കറാച്ചി, 6/എ- ഖ്യാബര്‍ തന്‍സീന്‍- ഫേസ് അഞ്ച്- ഡിഫന്‍സ് ഹൗസ് ഏരിയ, ഐ എസ് ഐ സേഫ് ഏരിയ, മര്‍ഗബ റോഡ്, പി 6/2- സ്ട്രീറ്റ് നമ്പര്‍ 22- വീട്ട് നമ്പര്‍ 29 ഇസ്‌ലാമാബാദ്. തുടങ്ങിയ വിലാസങ്ങളാണ് രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ചത്.
1993ല്‍ 257 പേരുടെ മരണത്തിനിടയാക്കിയ മുംബൈ സ്‌ഫോടന പരമ്പരയുടെ മുഖ്യ സൂത്രധാരനാണ് ദാവൂദ് ഇബ്രാഹിം.

ദാവൂദിന്റെ ഭാര്യ സ്ഥിരീകരിക്കുന്നു

മെഹ്ജബീന്‍ ശൈഖുമായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടര്‍ നടത്തിയ ടെലഫോണ്‍ സംഭാഷണത്തിന്റെ പൂര്‍ണരൂപം:
റിപ്പോര്‍ട്ടര്‍: മെഹ്ജബീന്‍ ശൈഖിനെ കിട്ടുമോ?
മെഹ്ജബീന്‍: മെഹ്ജബിന്‍ ശൈഖാണ് സംസാരിക്കുന്നത്.
റിപ്പോര്‍ട്ടര്‍: മാഡം, നിങ്ങള്‍ ഇപ്പോള്‍ കറാച്ചിയില്‍ നിന്നാണോ സംസാരിക്കുന്നത്?
മെഹ്ജബീന്‍: അതെ.
റിപ്പോര്‍ട്ടര്‍: മാഡം, അറിയാന്‍ വേണ്ടി ചോദിക്കുകയാണ്, നിങ്ങള്‍ ദാവൂദ് ഇബ്രാഹിമിന്റെ ഭാര്യയാണോ?
മെഹ്ജബീന്‍: അതെ, അദ്ദേഹം ഉറങ്ങുകയാണ്.
രണ്ടാമത്തെ ഫോണ്‍ സംഭാഷണം
റിപ്പോര്‍ട്ടര്‍: എനിക്ക് ദാവൂദുമായി സംസാരിക്കണമായിരുന്നു. അദ്ദേഹം അവിടെയുണ്ടോ?
മെഹ്ജബീന്‍: എനിക്കറിയില്ല. പിന്നീട് വിളിക്കൂ. (ഫോണ്‍ ഡിസ്‌കണക്ട് ആകുന്നു)

LEAVE A REPLY

Please enter your comment!
Please enter your name here