തീവ്രവാദവും ചര്‍ച്ചയും ഒരുമിച്ചു കൊണ്ടുപോകാനാവില്ലെന്ന് ഇന്ത്യ

Posted on: August 22, 2015 6:52 pm | Last updated: August 23, 2015 at 9:59 am
SHARE

sushama swaraj

ന്യൂഡല്‍ഹി: തീവ്രവാദവും ചര്‍ച്ചയും ഒരുമിച്ചു കൊണ്ടുപോകാനാവില്ലെന്ന് പാകിസ്താനോട് ഇന്ത്യ. തീവ്രവാദം അവസാനിപ്പിക്കാതെ കശ്മീര്‍ പ്രശ്‌നം ചര്‍ച്ച ചെയ്യില്ല. ഇരു രാജ്യവും തമ്മിലുള്ള ചര്‍ച്ചകളില്‍ മൂന്നാം കക്ഷികളെ അനുവദിക്കില്ല. ഈ രണ്ട് നിബന്ധനകളും പാലിക്കാതെ ചര്‍ച്ചയില്ലെന്നും കേന്ദ്രവിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് പറഞ്ഞു. പാകിസ്താന്‍ ചര്‍ച്ചകള്‍ പതിവായി വഴിതെറ്റിച്ചിട്ടുണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ ചര്‍ച്ചക്ക് ഇന്ത്യ തയാറാണ്. എന്നാല്‍, മൂന്നാം കക്ഷിയുടെ മധ്യസ്ഥം ഇന്ത്യ അനുവദിക്കില്ലെന്നും വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ചര്‍ച്ചകള്‍ തീവ്രവാദത്തില്‍ മാത്രമായി ഒതുക്കാന്‍ പാകിസ്താന് രാത്രി 12മണി വരെ സമയമുണ്ട്. ഒരുമാസം മുമ്പേ ചര്‍ച്ചയുടെ അജണ്ടകള്‍ അറിയിച്ചതാണ്.വിഘടനവാദികളുമായുള്ള ചര്‍ച്ചയുണ്ടാവില്ല. കശ്മീര്‍ മാത്രമാണ് പാകിസ്താന്റെ വിഷയം എന്നാല്‍, ഇതുമാത്രമല്ല ഇന്ത്യയുടെ വിഷയം. തീവ്രവാദം അവസാനിപ്പിക്കാതെ കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യില്ല. ഇന്ത്യക്കും പാകിസ്താനും ഇടയില്‍ മൂന്നാമതൊരു കക്ഷിയുടെ ആവശ്യമില്ല.

കശ്മീര്‍ മാത്രമല്ല ഇന്ത്യയുടെ പ്രശ്‌നം. ദേശീയ ഉപദേഷ്ടാക്കളുടെ ചര്‍ച്ച നവാസ് ഷെരീഫ് ആഗ്രഹിച്ചിരുന്നില്ല. ചര്‍ച്ചയില്‍ നിന്നും ഒളിച്ചോടാന്‍ ഇന്ത്യ ആഗ്രഹിച്ചിട്ടില്ല. ഇന്ത്യ ചര്‍ച്ച നടത്തണമെന്ന നിലപാടില്‍ എന്നും ഉറച്ചു നിന്നു, അതിനുള്ള അവസരങ്ങള്‍ ഉണ്ടാക്കി. എന്നാല്‍ ചര്‍ച്ച അട്ടിമറിക്കാന്‍ പാകിസ്താന്‍ അക്രമണങ്ങള്‍ നടത്തുകയാണ് ചെയ്തത്.

ഉഫ ധാരണപ്രകാരം മുഖ്യവിഷയം തീവ്രവാദമായിരുന്നു. ഇരുരാജ്യങ്ങള്‍ക്കിടയില്‍ നടക്കുന്നതെല്ലാം ഉഭയകക്ഷി ചര്‍ച്ചയല്ല. ഒരു മാസം മുമ്പ് ഇന്ത്യയുടെ അജണ്ട അറിയിച്ചിരുന്നു. 22 ദിവസം തീരുമാനമെടുക്കാതെ വൈകിപ്പിച്ച പാകിസ്താന്‍ യഥാര്‍ഥത്തില്‍ ചര്‍ച്ച ആഗ്രഹിക്കുന്നില്ല. 1999ല്‍ വാജ്‌പേയി ലാഹോറില്‍ പോയി എന്നാല്‍, തിരിച്ചു കിട്ടിയത് കാര്‍ഗില്‍ ആയിരുന്നുവെന്നും സുഷമ ചൂണ്ടിക്കാട്ടി.