Connect with us

Malappuram

തെസ്‌നിയുടെ ദുരന്തം നിലമ്പൂരിനെ കണ്ണീരിലാഴ്ത്തി

Published

|

Last Updated

നിലമ്പൂര്‍: തിരുവനന്തപുരം ശ്രീകാര്യം എന്‍ജിനിയറിംഗ് കോളജില്‍ ജീപ്പിടിച്ച് മരിച്ച വിദ്യാര്‍ഥിനിയുടെ ദുരന്തം വഴിക്കടവിനെ കണ്ണീരിലാഴ്ത്തി.
മലപ്പുറം നിലമ്പൂര്‍ വഴിക്കടവ് പഞ്ചായത്ത് അങ്ങാടി കുന്നത്ത് പുല്ലഞ്ചേരി വീട്ടില്‍ ബശീറിന്റെയും സൈനുജയുടെയും മൂത്തകളാണ് അപകടത്തില്‍ മരിച്ച തസ്‌നി ബശീര്‍ (21). സിവില്‍ എന്‍ജീയറിംഗ് അഞ്ചാം സെമസ്റ്റര്‍ വിദ്യാര്‍ഥിനിയാണ് തസ്‌നി. ഓണാഘോഷത്തിനിടെ പാഞ്ഞുവന്ന വിദ്യാര്‍ഥിസംഘത്തിന്റെ ജീപ്പിടിച്ചാണ് വിദ്യാര്‍ഥിനി മരിച്ചത്.
അപകടത്തില്‍ പരുക്കേറ്റ തസ്‌നി തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. മൂന്നുഅടിയന്തിരശസ്ത്രകിയകള്‍ നടത്തിയെങ്കിലും വ്യാഴാഴ്ച രാത്രി 12.30ഓടെ മരിച്ചു. തെറിച്ചുവീണ തസ്‌നിയുടെ തലക്കാണ് ഗുരുതരമായി പരുക്കേറ്റത്. സൗമ്യവും പഠിക്കുവാന്‍ മിടുക്കിയുമായിരുന്ന തസ്‌നിയുടെ വിയോഗം നാടിനു ഉള്‍ക്കൊള്ളാനായിട്ടില്ല.
എല്ലാവരോടും വളരെ സൗമ്യമായാണ് ഇടപെട്ടിരിക്കുന്നത് ഓണത്തിന് നാട്ടിലെത്തുന്നത് കാത്തിരുന്ന അയല്‍വാസികള്‍ക്കും വീട്ടുകാര്‍ക്കും തസ്‌നിയുടെ മരണം അടക്കാനാകാത്ത നൊമ്പരമായി. കുട്ടികളുടെ വിദ്യാഭ്യാസത്തിനു ജീവിതം ഉഴിച്ച വച്ച പിതാവ് അടുത്തകാലത്താണ് ഖത്തറില്‍ ജോലിക്ക് പോയത്. നോമ്പിനു നാട്ടില്‍ വന്ന ബശീര്‍ പെരുന്നാള്‍ ആഘോഷിച്ചുതിരിച്ചുപോയിരുന്നു. മകളുടെ ദുരന്തവിവരം അറിഞ്ഞു പിതാവ് തിരുവനന്തപുരത്തെത്തി. നാട്ടില്‍ ഓട്ടോഡ്രൈവറായിരുന്ന ബഷീറിനു മക്കളുടെ മികച്ച വിദ്യാഭ്യാസം സ്വപ്‌നമായിരുന്നു. താജ്മഹല്‍ കാണണമെന്ന മോഹം പൂര്‍ത്തിയാക്കാതെയാണ് മകള്‍ വിടവാങ്ങിയതെന്ന് പറഞ്ഞ് വിങ്ങുന്ന ബശീറിനെ ആശ്വസിപ്പിക്കാന്‍ നാട്ടുകാര്‍ ഏറെ പാടുപെട്ടു. കഴിഞ്ഞ ഞായറാഴ്ചയാണ് തസ്‌നി വീട്ടില്‍ വന്നു മടങ്ങിയത്. ടൂറിന് പോകാനുള്ള പുതിയ വസ്ത്രങ്ങള്‍ ഉപ്പായുടെ ഫോണിലേക്ക് വാട്‌സ്ആപ്പ് അയച്ചിരുന്നു. തന്റെ മകളെ എന്‍ജിനീയറാക്കണമെന്ന മോഹം ബശീറിനായിരുന്നു കൂടുതല്‍. ഈ ആഗ്രഹങ്ങളെല്ലാം ബാക്കിവെച്ചാണ് മകള്‍ ലോകത്തോട് വിടപറഞ്ഞത്.
ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ഇന്നലെ രാത്രിയോടെ വഴിക്കടവിലെ വീട്ടിലെത്തിച്ചു. വന്‍ജനാവലിയാണ് തടിച്ചു കൂടിയിരുന്നത്. നിയന്ത്രണം വിട്ട് കരഞ്ഞ ബന്ധുക്കളെയും മറ്റും ആശ്വസിപ്പിക്കാനാവാതെ നാട്ടുകാരും കുടുങ്ങി. മൃതദേഹം ഇന്ന് രാവിലെ എട്ടിനു പൂവത്തിപൊയില്‍ ജുമാമസ്ജിദില്‍ ഖബറടക്കും. സഹോദരങ്ങള്‍: വിദ്യാര്‍ഥികളായ മുഹമ്മദ് റാഫി, ഫാത്തിമ റാഹില, അമീന്‍.