എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവ്: വിരിഞ്ഞു സാഹിത്യ വസന്തം

Posted on: August 22, 2015 10:05 am | Last updated: August 22, 2015 at 10:05 am
SHARE

പുത്തനത്താണി: സര്‍ഗമാനസങ്ങളെ കുളിരണയിക്കുന്ന ധാര്‍മിക കലയുടെ നറുനിലാവുമായ് എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവിന് പുത്തനത്താണിയില്‍ തുടക്കം. ഇനിയുള്ള രണ്ട് നാളുകള്‍ സമരജ്ജ്വാല തീര്‍ക്കുന്ന വാക്കുകളും വരകളുമായി പ്രതിഭകള്‍ കലാപ്രേമികളുടെ ഹൃത്തടങ്ങളില്‍ സാഹിത്യ വസന്തം വിരിയിക്കും.
പാടിയും പറഞ്ഞും വരയുടെ വര്‍ണങ്ങള്‍ ചാലിക്കുന്ന രാപകലുകളില്‍ കലര്‍പ്പില്ലാത്ത കലാമാമാങ്കം ഹൃദയത്തിലേറ്റുവാങ്ങാന്‍ ആസ്വാദകര്‍ സാഹിത്യോത്സവ് നഗരയിലേക്ക് ഒഴുകിയെത്തും. ദേശീയ പാതയോരത്തെ വിശാലമായ നഗരിയിലാണ് പ്രധാന വേദിയൊരുങ്ങിയിരിക്കുന്നത്. രാവിലെ സാഹിത്യോത്സവ് സ്വാഗത സംഘം ചെയര്‍മാന്‍ മാളിയേക്കല്‍ സുലൈമാന്‍ സഖാഫി പതാക ഉയര്‍ത്തി. വൈകുന്നേരം നടന്ന വര്‍ണാഭമായ സാംസ്‌കാരിക ഘോഷയാത്ര നഗരത്തിന് പുത്തന്‍ അനുഭവമായി. മലബാര്‍ കലാപത്തിന്റെ തുടിക്കുന്ന ഓര്‍മകളുമായി വിവിധ ഡിവിഷനുകളുടെ ഫ്‌ളോട്ടുകള്‍ ഘോഷയാത്രക്ക് മിഴിവേകി. തുടര്‍ന്ന് വിശാലമായ സദസിനെ സാക്ഷിയാക്കിയാണ് സാഹിത്യോത്സവിന്റെ ഉദ്ഘാടനം പ്രമുഖ തമിഴ് സാഹിത്യകാരനും കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ തോപ്പില്‍ മുഹമ്മദ് മീരാന്‍ നിര്‍വഹിച്ചത്. ഉദ്ഘാടന സെഷന് ശേഷം പ്രധാന വേദിയില്‍ സീറാ പാരായണ മത്സരം അരങ്ങേറി. സ്റ്റേജിത മത്സരങ്ങളും ഇന്നലെ ആരംഭിച്ചു. ഇന്ന് രാവിലെ ഒന്‍പതിന് സീനിയര്‍ മദ്ഹ്ഗാനത്തോടെയാണ് പ്രധാന വേദികള്‍ ഉണരുക. രാവിലെ 9.30ന് എന്‍ കെ പ്രേമചന്ദ്രന്‍ എം പി മുഖ്യാതിഥിയായി പങ്കെടുക്കും. പതിനാല് ഡിവിഷനുകള്‍ തമ്മിലാണ് കലാകിരീടത്തിനായി മത്സരിക്കുന്നത്.