റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് മൂന്ന് ലക്ഷം രൂപ തട്ടിയെടുത്തു

Posted on: August 22, 2015 9:59 am | Last updated: August 22, 2015 at 9:59 am
SHARE

പെരിന്തല്‍മണ്ണ: റെയില്‍വേയിലും ഔഷിധിയിലും കെ എസ് എഫ് ഇ യിലും വിവിധ ജോലികള്‍ തരപ്പെടുത്തികൊടുക്കാമെന്ന് പറഞ്ഞ് പലരില്‍ നിന്നായി പണം തട്ടിയെടുക്കുന്ന സംഘത്തിലെ പ്രതി പെരിന്തല്‍മണ്ണയില്‍ പിടിയില്‍.
കോട്ടയം പോള്‍കുന്നം സ്വദേശി പന്തലായനി വീട്ടില്‍ ഹരികുമാര്‍(51) പിടിയിലായത്. പ്രതി അഞ്ച് വര്‍ഷമായി കൊയിലാണ്ടിയില്‍ നിന്നും വിവാഹം കഴിച്ച് അവിടെയാണ് താമസം. അതിനിടക്ക് കൊളത്തൂര്‍ സ്വദേശി മുഖേനെ പരിചയപ്പെട്ട പ്രതി പരാതിക്കാരന്റെ ഭാര്യക്ക് റെയില്‍വേയില്‍ ക്ലാസ് ഫോര്‍ ജീവനക്കാരിയായി നിയമനം ശരിയാക്കികൊടുക്കാമെന്ന് പറഞ്ഞ് രണ്ട് മൂന്ന് തവണയായി പരാതിക്കാരില്‍ നിന്നും വാങ്ങിയിട്ടുണ്ട്.
ഇതിന് പുറമെ ചെറുകരയിലുള്ള ഒരാളില്‍ നിന്നും ഓഷധിയിലെ തൃശൂര്‍ ഫാക്ടറിയിലെ ഫാര്‍മസിയില്‍ ജോലി തരപ്പെടുത്തിക്കൊടുക്കാമെന്നു പറഞ്ഞും കണ്ണൂര്‍ സ്വദേശിയില്‍ നിന്ന് കെ എസ് എഫ് ഇയില്‍ ജോലി ശരിയാക്കി തരാമെന് പറഞ്ഞും പണം കൈപ്പറ്റിയിട്ടുണ്ട്. അറസ്റ്റ് ചെയ്ത പ്രതിയെ പെരിന്തല്‍മണ്ണ ജെ എഫ് സി എം കോടതി മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഈ സംഘത്തിലുള്ള മുറ്റു പ്രതികളെ കുറിച്ച് ഉടന്‍ അന്വേഷണം നടത്തിവരികയാണെന്നും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും ഈ സംഘം നടത്തിയ സമാന കേസുകളെ കുറിച്ച് തുടരന്വേഷണം നടത്തിവരികയാണെന്നും ഡി വൈ എസ് പി പി എം പ്രദീപ് അറിയിച്ചു.
പെരിന്തല്‍മണ്ണ ഡി വൈ എസ് പി പി എം പ്രദീപിന്റെ മേല്‍നോട്ടത്തില്‍ സി ഐ കെ എം ബിജു, എസ് ഐ സി കെ നാസര്‍, എസ് ഐ ഉസ്മാന്‍, പ്രത്യേക അന്വേഷണം സംഘത്തിലെയും ടൗണ്‍ പോലീസിലേയും അന്വേഷണ ഉദ്യോഗസ്ഥരായ എ എസ് ഐ പി മോഹന്‍ദാസ്, സി പി മുരളി, പി എന്‍ മോഹനകൃഷ്ണന്‍, എന്‍ ടി കൃഷ്ണകുമാര്‍, എന്‍ വി ഷെബീര്‍ അഭിലാഷ് കൈപ്പിനി, അഷ്‌റഫ് കൂട്ടില്‍, ടി സെലീന എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.