Connect with us

Kozhikode

ആസ്വാകര്‍ക്ക് ഹൃദ്യമായി എം ടിയുടെ പ്രസംഗം

Published

|

Last Updated

കോഴിക്കോട്: പതിവ് നിര്‍വികാര ഭാവം വെടിഞ്ഞ് തമാശ പറഞ്ഞും ഫോട്ടോഗ്രാഫിയിലുള്ള താത്പര്യം തുറന്ന് പറഞ്ഞും കുട്ടിക്കാലത്ത് ഒപ്പം നടന്ന സുഹൃത്തുക്കളുടെ ഓര്‍മകള്‍ പങ്കുവെച്ചും മലയാളത്തിന്റെ ജ്ഞാനപീഠ ജേതാവ് എം ടി വാസുദേവന്‍ നായര്‍ നടത്തിയ പ്രസംഗം ആസ്വാകര്‍ക്ക് ഹൃദ്യമായി.
കോഴിക്കോട് വികസന അതോറിറ്റിയുടെ സഹകരണത്തോടെ കാലിക്കറ്റ് പ്രസ്‌ക്ലബ്ബ് ലളിതകലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ സംഘടിപ്പിച്ച “എം ടി ചിത്രം ചരിത്രം” പ്രദര്‍ശനത്തിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു അദ്ദേഹത്തിന്റെ വേറിട്ട പ്രസംഗം.
താത്പര്യം തോന്നിയ ഒരേയൊരു സാങ്കേതിക വിദ്യ ഫോട്ടോഗ്രാഫിയെന്ന കല മാത്രമായിരുന്നെന്ന് എം ടി പറഞ്ഞു. കുട്ടിക്കാലം മുതല്‍ ഫോട്ടോഗ്രാഫിയില്‍ കമ്പമുണ്ടായിരുന്നു. ഫോട്ടോക്ക് വേണ്ടി നിന്നുകൊടുക്കാന്‍ അന്നും ഇന്നും വലിയ താത്പര്യമില്ല. പലപ്പോഴും അത് സ്വകാര്യതക്ക് എതിരായാണ് തോന്നുക. കാണാന്‍ വരുന്നവര്‍ ഒപ്പം നിന്ന് മൊബൈലില്‍ ഒരു ഫോട്ടോയെടുത്തോട്ടെയെന്ന് ചോദിക്കും. സെല്‍ഫിയെടുക്കാന്‍ വരുന്നവരെ ഓടിക്കും ഞാന്‍.
ജ്യേഷ്ഠനായ ബാലകൃഷ്ണന്‍ ഒരു നല്ല ഫോട്ടോഗ്രാഫറായിരുന്നു. അദ്ദേഹം ഉപേക്ഷിച്ച പഴയ കൊഡാക്ക് ബോക്‌സ് ക്യാമറ കുറേകാലം താന്‍ യാത്രകളിലും അല്ലാതെയും ഒപ്പം കൊണ്ടുനടന്നിട്ടുണ്ട്. താനെടുത്ത “പുസ്തകം വായിക്കുന്ന അച്ഛന്റെ” പടം മാത്രമാണ് അദ്ദേഹത്തിന്റെതായി അവശേഷിക്കുന്ന ഒരു ഓര്‍മചിത്രം. അമ്മയുടെ പഴയ സ്റ്റുഡിയോ ഫോട്ടോ കൈവശമുണ്ട്. ജീവിതത്തിലെ പോയ്‌പ്പോയ ചില നിമിഷങ്ങളുടെയും കാലങ്ങളുടെയും തിരിച്ചുപിടിക്കലാണ് പഴയ ഫോട്ടോകള്‍.
പുനലൂര്‍ രാജന്‍ പകര്‍ത്തിയ അമേരിക്കന്‍ പര്യടനത്തിന് മുമ്പുള്ള യാത്രയയപ്പ് ചടങ്ങിന്റെ ഫോട്ടോ കാണുമ്പോള്‍ ഇപ്പോള്‍ വലിയ വിഷമം തോന്നുന്നു. പട്ടത്തുവിള കരുണാകരനും, തിക്കോടിയനും, അരവിന്ദനുമുള്‍പ്പെടെ ആ ഫോട്ടോയിലെ സുഹൃത്തുക്കളിലാരും ഇന്ന് ജീവിച്ചിരിപ്പില്ല. രാജന്‍ തന്നെ പകര്‍ത്തിയ ഒരു ഫോട്ടോയില്‍ പ്രേംജി, വൈലോപ്പിള്ളി, തകഴി, ജോസഫ് മുണ്ടശ്ശേരി എന്നിവര്‍ക്കൊപ്പം നിന്ന് താന്‍ ബീഡി വലിക്കുന്ന ഒരു ദൃശ്യമുണ്ട്. അത് കാണുമ്പോള്‍ എന്തൊരു ധിക്കാരമാണ് അന്ന് കാണിച്ചതെന്ന് തോന്നിപ്പോകും. ജീവിതത്തിലെ മറക്കാനാകാത്ത ചില നിമിഷങ്ങള്‍ പിടിച്ചെടുത്ത ഫോട്ടോഗ്രാഫര്‍മാരോട് നന്ദിയുണ്ടെന്നും എം ടി പറഞ്ഞു.
ഇന്ത്യാഗേറ്റിന് മുന്നില്‍ കോട്ടും സ്യൂട്ടുമണിഞ്ഞ് ഫോട്ടക്ക് പോസ് ചെയ്യുന്ന പരിഷ്‌കാരിയായ യുവാവ്, തകഴി, തിക്കോടിയന്‍, കോവിലന്‍, വൈക്കം മുഹമ്മദ് ബഷീര്‍, സി പി ശ്രീധരന്‍, പത്മരാജന്‍, എം എഫ് ഹുസൈന്‍, എന്‍ പി മുഹമ്മദ്, എം ബി ശ്രീനിവാസന്‍, സുകുമാര്‍ അഴീക്കോട്, കെ ടി മുഹമ്മദ്, മല്ലികാ സാരാഭായി തുടങ്ങിയവര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍, ദേശീയ സിനിമാ അവാര്‍ഡുകള്‍ രാഷ്ട്രപതിമാരായ ശങ്കര്‍ദയാല്‍ ശര്‍മയില്‍ നിന്നും ആര്‍ വെങ്കിട്ടരാമനില്‍ നിന്നും സ്വീകരിക്കുന്നത് തുടങ്ങി എം ടിയുടെ ജീവതത്തിലെ നല്ലൊരു ഭാഗവും സൃപര്‍ശിക്കുന്ന ഫോട്ടകള്‍ പ്രദര്‍ശനത്തിലുണ്ട്.
ഫോട്ടോഗ്രാഫര്‍മാരായ പുനലൂര്‍ രാജന്‍, ബി ജയചന്ദ്രന്‍, കെ ആര്‍ വിനയന്‍, പി മുസ്തഫ, റസാഖ് കോട്ടക്കല്‍, അജീബ് കോമാച്ചി എന്നിവരുടെ ഫോട്ടോകളാണ് പ്രദര്‍ശനത്തില്‍ ഒരുക്കിയത്.
പ്രദര്‍ശനം ചലച്ചിത്ര ഛായാഗ്രാഹകനും സംവിധായകനുമായ വേണു ഉദ്ഘാടനം ചെയ്തു. സി ഡി എ ചെയര്‍മാന്‍ അധ്യക്ഷത വഹിച്ചു. ബി ജയചന്ദ്രന്‍, പി മുസ്തഫ, കെ ആര്‍ വിനയന്‍, അജീബ് കൊമാച്ചി പ്രസംഗിച്ചു. കാലിക്കറ്റ് പ്രസ്‌ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂര്‍ സ്വാഗതവും ടി കെ ബാലനാരായണന്‍ നന്ദിയും പറഞ്ഞു. 26ന് പ്രദര്‍ശനം സമാപിക്കും.