Connect with us

International

യുദ്ധസജ്ജമായിരിക്കാന്‍ ഉ. കൊറിയയുടെ ആഹ്വാനം

Published

|

Last Updated

പ്യോംഗ്യാംഗ്/സിയൂള്‍: ഉത്തര- ദക്ഷിണ കൊറിയകള്‍ തമ്മില്‍ അതിര്‍ത്തിയില്‍ ഷെല്‍ വര്‍ഷം നടന്നതിന് പിറകേ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ യുദ്ധാന്തരീക്ഷം ഉരുണ്ടു കൂടുന്നു. യുദ്ധ സമയത്തേത് പോലെ സജ്ജമായിരിക്കാന്‍ ഉത്തര കൊറിയന്‍ ഭരണ മേധാവി കിം ജോംഗ് ഉന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യുദ്ധത്തിന് തയ്യാറായിരിക്കണമെന്നും ഏത് നിമിഷവും അത് വേണ്ടി വരുമെന്നും അദ്ദേഹം സൈനിക നേതൃത്വത്തോട് പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. ഉത്തര കൊറിയന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കെ സി എന്‍ എയെ ഉദ്ധരിച്ചാണ് വാര്‍ത്ത. 1950-53 കാലയളവിലെ ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധം സമാധാന കരാറിന്റെ അടിസ്ഥാനത്തിലല്ല അവസാനിച്ചത് എന്നതിനാല്‍ സാങ്കേതികമായി ഇപ്പോഴും യുദ്ധാവസ്ഥയിലാണ്.
ഉത്തര കൊറിയയുടെ സൈനിക കാര്യങ്ങളില്‍ തീരുമാനമെടുക്കുന്ന കേന്ദ്ര സൈനിക കമ്മീഷന്റെ നിര്‍ണായക യോഗത്തിലാണത്രേ ഉന്‍ യുദ്ധാഹ്വാനം നടത്തിയത്. കമ്മീഷന്റെ അധ്യക്ഷന്‍ ഉന്‍ ആണ്. അപ്രതീക്ഷിതമായ ആക്രമണത്തിന് സൈന്യം തയ്യാറായിരിക്കണമെന്നും അര്‍ധ യുദ്ധാവസ്ഥയില്‍ എങ്ങനെയാണോ സൈന്യം സജ്ജമായിരിക്കുക അതുപോലുള്ള ഒരുക്കങ്ങള്‍ നടത്തണമെന്നുമാണ് സൈനിക നേതൃത്വത്തോട് ഉന്‍ ആവശ്യപ്പെട്ടത്. വ്യാഴാഴ്ച ഇരു കൊറിയകളും തമ്മില്‍ നടന്ന ഷെല്ലാക്രമണത്തില്‍ ആര്‍ക്കും കാര്യമായ പരുക്കേറ്റിരുന്നില്ല. ദക്ഷിണ കൊറിയ പ്രകോപനം അവസാനിപ്പിക്കണമെന്ന് ഉത്തര കൊറിയന്‍ സൈന്യം ഹോട്ട്‌ലൈന്‍ വഴി അന്ത്യശാസനം നല്‍കിയിരുന്നു.