Connect with us

International

ഗ്രീസ് ഭരണകക്ഷി പിളര്‍പ്പിലേക്ക്

Published

|

Last Updated

ആതന്‍സ്: പ്രധാനമന്ത്രി അലക്‌സിസ് സിപ്രാസ് രാജിവെച്ചതിന് പിറകേ ഗ്രീക്ക് ഭരണകക്ഷിയായ സിരിസ പാര്‍ട്ടിയില്‍ പൊട്ടിത്തെറി. ഇടക്കാല തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് രാജിവെച്ച സിപ്രാസിനൊപ്പം തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സന്നദ്ധമല്ലെന്ന് വ്യക്തമാക്കി 25 വിമത എം പിമാര്‍ പാര്‍ട്ടി വിടാനൊരുങ്ങുകയാണ്. തങ്ങള്‍ ഉടന്‍ സിരിസ പാര്‍ട്ടി വിടുമെന്നും പുതിയ പാര്‍ട്ടി രൂപവത്കരിക്കുമെന്നും അവര്‍ വ്യക്തമാക്കി. പാര്‍ലിമെന്റില്‍ മൂന്നാമത്തെ വലിയ കക്ഷിയായി മാറുന്ന ഈ പാര്‍ട്ടിക്ക് നിര്‍ണായക സ്വാധീനമുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതോടെ താരതമ്യേന പുതിയ ഇടതു പാര്‍ട്ടിയായ സിരിസ പാര്‍ട്ടിയുടെ ജൈത്രയാത്ര അസ്തമിക്കുമെന്നുറപ്പായി. യൂറോപ്യന്‍ യൂനിയന്റെയും ഐ എം എഫ്, ലോകബേങ്ക് തുടങ്ങിയവയുടെയും തീട്ടൂരങ്ങളെ വെല്ലുവിളിച്ച് വന്‍ ജനപിന്തുണ നേടിയ പാര്‍ട്ടി ആഭ്യന്തര സംഘര്‍ഷത്തെ തുടര്‍ന്ന് തകരുകയാണ്.
പുതിയ പാര്‍ട്ടിയെ മുന്‍ വൈദ്യുതി മന്ത്രി പനാഗിയോട്ടിസ് സഫസാനിസ് നയിക്കുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇദ്ദേഹത്തെ കഴിഞ്ഞ മാസം നടന്ന മന്ത്രിസഭാ പുനഃസംഘടനയില്‍ പുറത്താക്കുകയായിരുന്നു. പ്രധാനമന്ത്രി സിപ്രാസിനെതിരെ രൂക്ഷമായ വിമര്‍ശം അഴിച്ചു വിട്ടതിനെ തുടര്‍ന്നായിരുന്നു ഇത്. പുതിയ പാര്‍ട്ടിയുടെ പേര് ആന്റി ഓസ്റ്റിരിറ്റി ലെഫറ്റ് പാര്‍ട്ടി എന്നായിരിക്കും.
കടക്കെണിയിലായ ഗ്രീസിനായി യൂറോപ്യന്‍ യൂനിയന്‍ പ്രഖ്യാപിച്ച രക്ഷാ പാക്കേജ് ലഭിക്കണമെങ്കില്‍ കര്‍ശന ചെലവ് ചുരുക്കല്‍ വേണമെന്ന നിബന്ധനയെ വെല്ലുവിളിച്ചാണ് സിപ്രാസ് ജനുവരിയില്‍ അധികാരത്തിലേറിയത്. ഇത്തരം നിബന്ധനകള്‍ അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. മാത്രമല്ല, രക്ഷാ പാക്കേജിനായുള്ള നിബന്ധനകള്‍ അംഗീകരിക്കുന്ന കാര്യത്തില്‍ ദേശീയ ഹിതപരിശോധന നടത്തുകയും ചെയ്തു. ഹിതപരിശോധനയില്‍ സിപ്രാസിന്റെ പക്ഷമാണ് വിജയിച്ചത്. പക്ഷേ ഹിതപരിശോധന തള്ളിക്കളഞ്ഞ പല നിബന്ധനകളും അംഗീകരിച്ച് മൂന്നാം രക്ഷാ പാക്കേജ് സ്വീകരിക്കാന്‍ ഒടുവില്‍ സന്നദ്ധനായത് അദ്ദേഹത്തിന്റെ ജനപ്രീതി കുത്തനെ ഇടിച്ചു. സ്വന്തം പാര്‍ട്ടിക്കകത്ത് തന്നെ അദ്ദേഹത്തിന്റെ നിലപാടുകള്‍ക്ക് എതിരായ വാദം ഉയരുകയായിരുന്നു. പാര്‍ലിമെന്റില്‍ വന്‍ ഭൂരിപക്ഷം ഉണ്ടായിട്ടും സിപ്രാസിന് ഫലപ്രദമായി മുന്നോട്ട് പോകാനായില്ല. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം രാജി വെച്ചത്. ധനമന്ത്രിപദത്തില്‍ നിന്ന് യാനിസ് വരൂഫാകിസ് നേരത്തേ സ്ഥാനമൊഴിഞ്ഞിരുന്നു. വായ്പാ ദാതാക്കള്‍ മുന്നോട്ട് വെച്ച കടുത്ത നിബന്ധനകള്‍ സ്വീകരിക്കേണ്ടതില്ലെന്ന സര്‍ക്കാര്‍ നിലപാടിന് അനുകൂലമായി ഗ്രീസിലെ ജനങ്ങള്‍ വിധിയെഴുതിയതിന് തൊട്ടുടനെയായിരുന്നു വരൂഫാകിസിന്റെ രാജി. പുതിയ സാമ്പത്തിക നയം രൂപപ്പെടുത്തുന്നതിന് തന്റെ രാജി എളുപ്പമാക്കുമെന്ന് പ്രധാനമന്ത്രി അലക്‌സിസ് സിപ്രാസ് വിശ്വസിക്കുന്നുവെന്ന് യാനിസ് വരൂഫാകിസ് പറഞ്ഞിരുന്നു.
അതിനിടെ, പുതിയ സര്‍ക്കാറുണ്ടാക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ സമവായത്തിനുള്ള സാധ്യത മങ്ങി. ഇതോടെ ആറ് വര്‍ഷത്തിനിടെ അഞ്ചാമത്തെ ദേശീയ തിരഞ്ഞെടുപ്പിലേക്ക് രാജ്യം നീങ്ങുമെന്ന് ഉറപ്പായി. പുതിയ തിരഞ്ഞെടുപ്പില്‍ യൂറോപ്യന്‍ യൂനിയന്റെ നിലപാടുകള്‍ക്ക് പിന്തുണ ലഭിക്കുമെന്ന് ഇ യു കമ്മീഷന്‍ പ്രസിഡന്റ് ജീന്‍ ക്ലൗഡ് ജങ്കേഴ്‌സിന്റെ ഓഫീസ് പ്രത്യാശ പ്രകടിപ്പിച്ചു. പ്രധാനമന്ത്രിയുടെ രാജിയെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാന പ്രതിപക്ഷ കക്ഷിയായ ന്യൂ ഡോമേക്രാറ്റിക് പാര്‍ട്ടി രംഗത്തെത്തിയിട്ടുണ്ട്. ധാര്‍മികമായും രാഷ്ട്രീയമായും തെറ്റായ തീരുമാനമാണ് പ്രധാനമന്ത്രി കൈകൊണ്ടതെന്ന് പാര്‍ട്ടി വക്താവ് പറഞ്ഞു. അവരുടെ പാര്‍ട്ടിയിലെ പ്രശ്‌നമാണ് രാജിക്ക് കാരണം. സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന രാജ്യത്തെ തിരഞ്ഞെടുപ്പിലേക്ക് തള്ളിവിട്ടതിന് അദ്ദേഹം ജനങ്ങളോട് സമാധാനം പറയണമെന്നും വക്താവ് പറഞ്ഞു.
അതേസമയം, സിപ്രാസിന്റെ ജനപ്രീതി അത്ര കണ്ട് കുറഞ്ഞിട്ടില്ലെന്നും രാജി അദ്ദേഹത്തിന് രക്തസാക്ഷി പരിവേഷം നല്‍കുന്നുണ്ടെന്നും വിദഗ്ധര്‍ വിലയിരുത്തുന്നുണ്ട്. വ്യാഴാഴ്ച രാത്രിയാണ് സിപ്രാസ്, പ്രസിഡന്റ് പ്രോകോപിസ് പാവ്‌ലോപൗലോസിന് രാജി നല്‍കിയത്.

---- facebook comment plugin here -----

Latest